ആഴ്സനലിന് സമനില; കിരീടം ലിവർപൂളിന്റെ കൈയെത്തും ദൂരത്ത്
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ലിവർപൂളിന്റെ കൈയെത്തും ദൂരത്ത്. ഒരു പോയിന്റ് മാത്രം മതി കിരീടം ഉറപ്പിക്കാൻ. ആഴ്സനൽ ക്രിസ്റ്റൽ പാലസിനോട് സമനില (2-2) വഴങ്ങിയത് ലിവർപൂളിന് കാര്യങ്ങൾ എളുപ്പമാക്കി. എമിറേറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മൂന്നാം മിനിറ്റിൽ തന്നെ ആഴ്സനൽ മുന്നിലെത്തി. ജാക്കൂബ് കിവിയോറാണ് ആഴ്സനലിനായി ലീഡെടുത്തത്(1-0).
എബെറെച്ചി എസെയിലൂടെ 27ാം മിനിറ്റിൽ ക്രിസ്റ്റൽ പാലസ് ഗോൾ മടക്കി (1-1). ആദ്യപകുതി അവസാനിക്കും മുൻപ് 42ാം മിനിറ്റിൽ ആഴ്സനൽ വീണ്ടും ലീഡെടുത്തു. ലിയാൻഡ്രോ ട്രൊസാർഡാണ് ഗോൾ നേടിയത്. എന്നാൽ ആഴ്സനലിന്റെ കണക്കുകൂട്ടൽ തെറ്റിച്ച് 83ാം മിനിറ്റിൽ മറ്റേറ്റയിലൂടെ ക്രിസ്റ്റൽ പാലസ് വീണ്ടും സമനില പിടിക്കുകയായിരുന്നു.
ഈ സമനിലയിലൂടെ 34 മത്സരങ്ങൾ പൂർത്തിയാക്കിയ ആഴ്സൽ 67 പോയിന്റുമായി രണ്ടാമതാണ്. ഒന്നാം സ്ഥാനത്ത് തുടരുന്ന ലിവർപൂളിന് 33 മത്സരങ്ങളിൽ നിന്ന് 79 പോയിന്റുണ്ട്. ഇനി നാല് മത്സരങ്ങൾ മാത്രം ബാക്കിയുള്ള ആഴ്സനൽ മുഴുവൻ മത്സരങ്ങൾ ജയിച്ചാലും 79 പോയിന്റിലെത്താനേ കഴിയൂ. ലിവർപൂളിനാകട്ടെ ഒരു പോയിന്റ് മാത്രം നേടിയാൽ കിരീടമുയർത്താം. 61 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി മൂന്നാമതും 60 പോയിന്റുമായി നോട്ടിങ്ഹാം ഫോറസ്റ്റ് നാലാമതാണ്.