നോർത്ത് ഈസ്റ്റിനായി പന്ത് തട്ടാൻ അര്ഷാഫും
text_fieldsമുഹമ്മദ് അര്ഷാഫ്
മലപ്പുറം: ഇന്ത്യൻ സൂപ്പർ ലീഗിൽ നിറഞ്ഞാടുന്ന മലയാളി താരങ്ങൾക്കിടയിലേക്ക് പുത്തൻ താരോദയം കൂടി. മലപ്പുറം വേങ്ങര പറമ്പില്പടി സ്വദേശിയായ മുഹമ്മദ് അര്ഷാഫാണ് ഐ.എസ്.എൽ ക്ലബായ നോർത്ത് ഈസ്റ്റ് യുനൈറ്റഡുമായി രണ്ടര വർഷത്തെ കരാർ ഒപ്പിട്ടത്. ഹൈദരാബാദിൽ നടന്ന 68-ാമത് സന്തോഷ് ട്രോഫിയിൽ കേരളത്തിനും, സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്.സിക്കും വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് താരത്തിന് ഇന്ത്യൻ സൂപ്പർ ലീഗിലേക്കുള്ള വഴി തുറന്നത്.
കോഴിക്കോട് ദേവഗിരി സെൻറ് ജോസഫ് കോളജിൽ ഫങ്ഷണൽ ഇംഗ്ലീഷ് മൂന്നാം വർഷ വിദ്യാർഥിയായ അർഷാഫ് കുട്ടിക്കാലം മുതൽ വേങ്ങരയിലെ വയലുകളിലാണ് പന്ത് തട്ടി പഠിച്ചത്. നാട്ടുകാരനായ യൂസഫാണ് അഷ്റാഫിന് മികച്ച ഭാവിയുണ്ടെന്ന് തിരിച്ചറിഞ്ഞത്. മകന്റെ ആഗ്രഹത്തിനും യൂസഫിെൻറ വാക്കുകൾക്കും വില കൽപിച്ച രക്ഷിതാക്കൾ മകനെ ചേറൂരിലെ സ്കോർലൈൻ അക്കാദമിയിൽ ചേർത്തു.
, അവിടെനിന്ന് ജ്യോതിഷ്, റഹീസ് എന്നിവരുടെ കീഴിൽ ഫുട്ബാളിന്റെ ബാലപാഠങ്ങൾ പഠിച്ചു. ഒമ്പതാം ക്ലാസ് മുതൽ ചേലേമ്പ്ര എൻ.എൻ.എം.എച്ച് എസ് സ്കൂളിൽ ചേർന്ന അർഷാഫ് കായികാധ്യാപകൻ കെ. മൻസൂർ അലിയുടെ കീഴിൽ സ്കൂളിനായി ബൂട്ടണിഞ്ഞു. പിന്നീട് സ്പോർട്സ് ക്വാട്ട അഡ്മിഷനിലൂടെ ദേവഗിരി കോളജിലെത്തിയതാണ് വഴിത്തിരിവായത്. കോളേജ് ടീമിന്റെ ഭാഗമായിരുന്ന അർഷാഫിന് രണ്ടാംവർഷം പറപ്പൂർ എഫ്.സി ടീമിനായി കളിക്കാൻ അവസരമുണ്ടായി. ഇതിലൂടെയാണ് സൂപ്പർ ലീഗിലേക്ക് വഴിയൊരുങ്ങിയത്. ഡെവലപ്മെൻറ് ലീഗിൽ പുറത്തെടുത്ത മികച്ച പ്രകടനം കാലിക്കറ്റ് എഫ്.സി ടീം പരിശീലകരുടെ മനം കവർന്നതോടെ ടീം പ്രവേശനവുമായി.
കേരള സൂപ്പര് ലീഗിന് തിരശ്ശീല വീണപ്പോൾ കൂടുതൽ ചർച്ച ചെയ്ത പേരും കാലിക്കറ്റ് എഫ്.സിയുടെ മുഹമ്മദ് അര്ഷാഫിന്റേതാണ്. ടൂർണമന്റിലുടനീളം നടത്തിയ മികച്ച പ്രകടനം നടത്തിയ താരം എമേർജിങ്ങ് പ്ലയർ അവാർഡിനും അർഹനായി. സൂപ്പർലീഗ് തുടങ്ങുന്നതിന് ഒരു മാസം മുമ്പ് ടീമിനൊപ്പം പരിശീലനം തുടങ്ങി. ഇയാൻ ഗില്ലൻ, ബിബി തോമസ് എന്നീ മികച്ച കോച്ചുമാരുടെ കീഴിൽ മുക്കം എം.എ.എം.ഒ കോളേജ് ഗ്രൗണ്ടിലായിരുന്നു പരിശീലനം. 12 കളികളിൽ ഡിഫൻസീവ് മിഡ്ഫീൽഡറായ അർഷാഫ് 53 ടാക്കിളുകളാണ് നടത്തിയത്. മികച്ച താരങ്ങളായ ബെൽഫോർട്ട്, ഗനി, അബ്ദുൽഹക്ക്, മറ്റ് ടീമംഗങ്ങൾ എന്നിവരുമായുള്ള കൂട്ടുകെട്ട് മികവുയർത്താൻ സഹായിച്ചെന്ന് അർഷാഫ് പറയുന്നു. വൈകാതെ സന്തോഷ് ട്രോഫി കേരള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഇരട്ടിമധുരമായി. അതിനിടയിലാണ് നോർത്ത് ഈസ്റ്റ് യുനൈറ്റഡിൽ നിന്ന് വിളിയെത്തിയത്. നോർത്ത് ഈസ്റ്റിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കണം, ഇന്ത്യക്ക് വേണ്ടി നീല ജഴ്സിയണിയണം എന്നീ വലിയ സ്വപ്നങ്ങളാണ് അർഷാഫിനുള്ളത്.
നേട്ടങ്ങളിൽ രക്ഷിതാക്കളായ ആട്ടക്കുളയൻ അബ്ബാസിന്റെയും പാലാത്ത് സുബൈദയുടെയും പിന്തുണ വളരെ വലുതാണ്. സഹോദരനായ എൻജിനീയർ മുഹമ്മദ് ആഷിക്കും ആഷിക്കിന്റെ ഭാര്യ റബീബ ഫളീലയും സഹോദരി ആഷിഫ തസ്നിയും ഭർത്താവ് സുലൈമാൻ ചാലിലും ഊർജമായി കൂടെയുണ്ട്. നാല് ദിവസത്തെ പ്രാഥമിക പരിശീലനം പൂർത്തിയാക്കി നാട്ടിലെത്തിയ അർഷാഫ് 22 ന് വീണ്ടും ടീമിനൊപ്പം ചേരും.