ഏഷ്യൻ ചാമ്പ്യൻസ് ലീഗ് തിങ്കളാഴ്ച മുതൽ; കപ്പിൽ കണ്ണുവെച്ച് കൊമ്പന്മാർ
text_fieldsറിയാദ് മെഹ്റസ്
ജിദ്ദ: വൻകരയുടെ കാൽപന്ത് സൗന്ദര്യം പരകോടിയിലെത്തിച്ച് തിങ്കളാഴ്ച ഏഷ്യൻ പ്രീമിയർ ലീഗിന് ജിദ്ദയിൽ പന്തുരുളുമ്പോൾ ആവേശമായി പഴയ പ്രീമിയർ ലീഗ് പടക്കുതിരകളുടെ സാന്നിധ്യം. ബെൻസേമ, എൻഗോളോ കാന്റെ, ഇവാൻ ടോണി, ജെസി ലിൻഗാർഡ്, റിയാദ് മെഹ്റസ്, ഡാർവിൻ നൂനസ് തുടങ്ങി വൻ താരനിരയാണ് പ്രമുഖ ക്ലബുകൾക്കായി ബൂട്ടുകെട്ടുന്നത്.
കഴിഞ്ഞ സീസണിൽ സൗദി ക്ലബുകൾക്കായിരുന്നു ചാമ്പ്യൻഷിപ്പിൽ മേൽക്കൈ. അവസാന നാലിലെത്തിയ മൂന്നു ടീമുകളും സൗദിയിൽനിന്ന്. ഇവയിൽതന്നെയാണ് പ്രമുഖരിലേറെയും പന്തു തട്ടുന്നതും. സമാനതകളില്ലാത്ത തുക മുടക്കിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കം ഗ്ലാമർ താരങ്ങളെ സൗദി ടീമുകൾ ക്ലബിലെത്തിച്ചിരിക്കുന്നത്. മുൻ ന്യൂകാസിൽ താരം ഇവാൻ ടോണി കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് അൽഅഹ്ലിയുമായി കരാറിലെത്തിയത്. നേരത്തേ ടീമിലുള്ള റിയാദ് മെഹ്റസിനൊപ്പം ചേർന്നതോടെ ടീമിന്റെ മുന്നേറ്റം കൂടുതൽ ശക്തമാണ്.
ഏഷ്യയെ കിഴക്കും പടിഞ്ഞാറുമായി വിഭജിച്ച് 24 ടീമുകളാണ് ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ കൊമ്പുകോർക്കുന്നത്. രണ്ട് ഗ്രൂപ്പിൽനിന്നുമായി എട്ടുവീതം ടീമുകൾ പ്രീക്വാർട്ടറിലെത്തും. റിയാദ് കേന്ദ്രമായുള്ള അൽഹിലാലാണ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ കപ്പുയർത്തിയ പാരമ്പര്യമുള്ളത്- നാലു തവണ. ക്ലബ് ലോകകപ്പിൽ നോക്കൗട്ടിലെത്തിയ ഏക ടീം കൂടിയാണ് അൽഅഹ്ലി. ടീമിൽ അടുത്തിടെ ഉറുഗ്വായ് താരം ഡാർവിൻ നൂനസ് കൂടി എത്തിയത് കരുത്തു കൂട്ടും. രണ്ടു ചാമ്പ്യൻപട്ടവുമായി പിറകിലുള്ള സൗദി ക്ലബ് അൽഇത്തിഹാദിൽ കരീം ബെൻസേമ, എൻഗോളോ കാന്റെ എന്നിവർ ഇറങ്ങുന്നത് കളി കാര്യമാക്കും.
പൂർവേഷ്യൻ മേഖലയിൽ കൊറിയൻ ക്ലബായ എഫ്.സി സോൾ അടക്കം ഇറങ്ങുന്നുണ്ട്. 12 കിരീടങ്ങളിൽ ഏഷ്യൻ ക്ലബ് പോരാട്ടങ്ങളിൽ ഏറ്റവും കൂടുതൽ ജേതാക്കളായ സോൾ ടീം 2016നു ശേഷം ഒരുതവണ ഇവിടെയും ചാമ്പ്യന്മാരായിട്ടുണ്ട്. മുൻ യുനൈറ്റഡ് താരം ലിൻഗാർഡ് 2023 മുതൽ ടീമിനൊപ്പമുണ്ട്. ആദ്യമായാണ് ലിൻഗാർഡ് ഏഷ്യൻ ചാമ്പ്യൻഷിപ്പിലിറങ്ങുന്നത്. സാമുറായ് വീര്യവുമായി വമ്പുകാട്ടുന്ന ജാപ്പനീസ് ക്ലബുകളും കിരീടം ലക്ഷ്യമിട്ട് രംഗത്തുണ്ട്. കഴിഞ്ഞ തവണ സെമി കളിച്ച കാവസാക്കി ഫ്രണ്ടേൽ ഇത്തവണ യോഗ്യത നേടിയിട്ടില്ലെങ്കിലും ജെ-ലീഗ് ചാമ്പ്യന്മാരായ വിസെൽ കോബ് മികച്ച ടീമാകും. ഇന്ത്യൻ ടീമുകൾ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയിട്ടില്ല.