ഒടുവിൽ ആഴ്സനൽ വീണു; 18 മത്സരത്തിനു ശേഷം ആദ്യ തോൽവി; ഇഞ്ചുറി ടൈമിൽ ‘ആസ്റ്റൺ വില്ല’നായി
text_fieldsആസ്റ്റൺ വില്ലയുടെ വിജയ ഗോൾ പിറന്ന നിമിഷം
ലണ്ടൻ: സ്ക്രീൻ ടൈമറിൽ നാല് മിനിറ്റ് ഇഞ്ചുറി സമയവും പിന്നിട്ട് 15 സെക്കൻഡ് കടന്നിരുന്നു. വീറോടെ പൊരാടുന്ന ആസ്റ്റൺവില്ലയെ പിടിച്ചുകെട്ടാൻ പോയന്റ് പട്ടികയിൽ മുൻനിരയിലുള്ള ആഴ്സനൽ സർവ ആയുധങ്ങളും പുറത്തെടുക്കുന്ന സമയം.
ഗോൾമുഖത്തിനു മുന്നിലെ ഞെരിപിരികൊള്ളുന്ന നിമിഷത്തിനിടെ, ഒഴിഞ്ഞുകിട്ടിയ പന്തിനെ കാലിൽ കോരിയെടുത്ത് പത്താം നമ്പറുകാരൻ എമിലിയാനോ ബുവെൻഡിയ ഗോൾവലക്കുള്ളിലേക്ക് തൊടുത്തപ്പോൾ അതുവരെ പ്രതിരോധം തീർത്ത ആഴ്സനൽ ഗോളി ഡേവിഡ് റായക്ക് കൈകൾ നിലത്തടിച്ച് കരയാനേ കഴിഞ്ഞുള്ളൂ. ആഴ്സനൽ ഡഗ് ഔട്ടിനെയും ആർത്തിരമ്പിയ ഗാലറിയെയും നിശബ്ദമാക്കി ആസ്റ്റൻ വില്ലക്ക് ലാസ്റ്റ് സെക്കൻഡിൽ 2-1ന്റെ ഉജ്വല ജയം. പോയന്റ് പട്ടികയിൽ മുൻനിരയിൽ കുതിക്കുന്ന ആഴ്സണലിന്റെ അപരാജിത കുതിപ്പിന് ബ്രേക്കിട്ട് ആസ്റ്റൻ വില്ല ആക്സിലേറ്ററിൽ ആഞ്ഞു ചവിട്ടി.
ആഗസ്റ്റ് 31ന് ശേഷം ആഴ്സണൽ വഴങ്ങുന്ന ആദ്യ തോൽവിയാണിത്. ജയവും സമനിലയുമായി കുതിക്കുന്ന സീസണിൽ ലീഗ് കിരീടം എന്ന സ്വപ്നത്തിന് ലഭിച്ച വലിയ ഷോക്കായി മാറി മൂന്നാം സ്ഥാനത്തുള്ള ആസ്റ്റൺവില്ലയോടേറ്റ ഞെട്ടിപ്പിക്കുന്ന തോൽവി. അതേമസയം ആസ്റ്റൺ വില്ലക്ക് ലീഗിലെ തുടർച്ചയായ അഞ്ചാം ജയമാണിത്.
കളിയുടെ 36ാം മിനിറ്റിൽ മാറ്റി കാഷ് നേടിയ ഗോളിലൂടെ ആദ്യം അക്കൗണ്ട് തുറന്നത് ആസ്റ്റൻ വില്ല തന്നെയായിരുന്നു. രണ്ടാം പകുതിയുടെ 52ാം മിനിറ്റിൽ ലിയാൻഡ്രോ ട്രൊസാഡിന്റെ വകയായിരുന്നു ആഴ്സനലിന്റെ സമനില ഗോൾ. പീരങ്കിപ്പടയുടെ പ്രതിരോധത്തെ വിറപ്പിച്ചുകൊണ്ട് നിരന്തര ആക്രമണം ആസ്റ്റൻ വില്ലക്ക് അർഹിച്ചതായിരുന്നു വിജയം.
തുടർ വിജയങ്ങൾക്കിടയിലും കിരീട കുതിപ്പിൽ കാര്യമായ പോയന്റ് ലീഡില്ലെന്നത് ആഴ്സണലിനെ ഭയപ്പെടുത്തുന്നതാണ്. ഇക്കാര്യം മത്സര ശേഷം കോച്ച് മൈകൽ ആർതെറ്റയും പറഞ്ഞു. 15 കളി കഴിഞ്ഞപ്പോൾ 33 പോയന്റ് മാത്രമാണ് ആഴ്സണലിനുള്ളത്. രണ്ടാമത് മാഞ്ചസ്റ്റർ സിറ്റിയാണ്.മൂന്നാമതുള്ള ആസ്റ്റൺ വില്ലക്ക് 30 പോയന്റാണുള്ളത്.


