ബാഴ്സക്ക് ഷെസ്നിയുണ്ട്, ഇനി തോൽക്കാൻ മനസ്സില്ല! വിരമിച്ച് വീട്ടിലിരുന്നവൻ ഇന്ന് ടീമിന്‍റെ ഹീറോ...
text_fieldsഖത്തർ വേൾഡ് കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ അർജന്‍റീനയും പോളണ്ടും തമ്മിലുള്ള മത്സരം. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയം ഏറ്റുവാങ്ങിയ അർജന്‍റീനക്കിത് ജീവൻ മരണ പോരാട്ടം. കളിയുടെ തുടക്കം മുതൽ നിരന്തരമായ ആക്രമണങ്ങൾ കൊണ്ട് പോളിഷ് ഗോൾമുഖം വിറപ്പിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. മത്സരത്തിന്റെ 38ാം മിനിറ്റിൽ വാർ തീരുമാനപ്രകാരം അർജന്‍റീനക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിക്കുന്നു. കിക്ക് എടുക്കാൻ വരുന്നതാവട്ടെ ഫുട്ബാൾ ഇതിഹാസം സാക്ഷാൽ ലയണൽ മെസ്സിയും. മിശിഹാക്ക് വേണ്ടി ഖത്തറിലെ ഗാലറി ഒന്നടങ്കം ആർത്തിരമ്പി.
മൈതാനത്തിന്റെ തുടിപ്പുകളെല്ലാം തന്‍റ ഇടം കാലിൽ ആവാഹിച്ച ആ കുറിയ മനുഷ്യൻ പെനാൽറ്റി ബോക്സിന് മുന്നിൽ പ്രതീക്ഷയോടെ നിന്നു. അർജന്‍റീനൻ സ്വപ്നങ്ങൾ ഊതിനിറച്ച ആ തുകൽ പന്ത് മെസ്സി പോസ്റ്റിന്റെ ഇടതു മൂലയിലേക്കുതിർത്തു. ആർപ്പുവിളിച്ച അർജൻറീന ആരാധകരുടെ ഹൃദയം തകർത്ത് ആ പന്തിനെ പോളിഷ് ഗോൾബാറിന് കീഴിലെ ആറടി അഞ്ചിഞ്ച് ഉയരമുള്ള ആ മനുഷ്യൻ മനോഹരമായി ഡൈവ് ചെയ്തു പുറത്തേക്ക് തട്ടിയിട്ടു. മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് അർജൻറീന ജയിച്ചെങ്കിലും മെസ്സിയുടെ പെനാൽറ്റി തടുത്ത ആ താരത്തിന്റെ മുഖം ഫുട്ബാൾ ലോകം മറന്നില്ല. വോയ്ചെക്ക് ഷെസ്നി, അതോടെ ആ പേര് കാൽപന്താരധകരുടെ ഹൃദയത്തിൽ പതിഞ്ഞു.
കാലങ്ങൾക്കിപ്പുറം വീണ്ടുമൊരിക്കൽ കൂടി ഷെസ്നിയെന്ന നാമം ഗാലറി വാഴ്ത്തിപ്പാടി. കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ബാഴ്സലോണ, ബെൻഫിക്ക മത്സരത്തിൽ മിന്നും സേവുകളുമായി ഷസ്നി കളം നിറഞ്ഞു. ബെൻഫികയുടെ തട്ടകത്തിൽ നടന്ന മത്സരത്തിന്‍റെ 22 -ാം മിനിറ്റിൽ തന്നെ പ്രതിരോധ താരം ചുവപ്പ് കണ്ട് പുറത്തായതോടെ പത്തുപേരുമായി ചുരുങ്ങിയ ബാഴ്സലോണക്കായി ഷെസ്നി പ്രതിരോധക്കോട്ടക്കെട്ടി. ഡിഫെൻസിന് പിഴച്ചപ്പോഴൊക്കെ അയാളുടെ വ്യക്തിഗത മികവ് ടീമിനെ രക്ഷിച്ചു. വിരമിച്ചിടത്തു നിന്ന് ഉയിർത്തെഴുന്നേറ്റ് വന്നു രക്ഷകനായി മാറിയ അയാളെയല്ലാതെ മാറ്റാരെയാണ് പോയ രാത്രിയിൽ ബാഴ്സ ആരാധകർ സ്തുതിക്കേണ്ടത്.
വലിയ മത്സരങ്ങളുടെ പോരാട്ടവീഥികളിലെന്നും വല കാക്കുന്നവൻ അഭിവാജ്യ ഘടകങ്ങളിലൊന്നാണ്. ഒരു ടീം എങ്ങനെ മോശമായി കളിച്ചാലും അവരുടെ ഗോളിയെ കീഴടക്കിയല്ലാതെ എതിരാളികൾക്ക് വിജയമില്ല. അടുത്ത കാലങ്ങളായി ബാഴ്‌സക്ക് ഇല്ലാതിരുന്നതും അങ്ങനെ ഒരു കാവൽക്കാരന്റെ പ്രകടനവുമാണ്. ലിസ്ബണിലെ പുകച്ചുരുളുകൾക്കിടയിൽ ഷെസ്‌നി നമുക്ക് മുമ്പിൽ കാഴ്ചവെച്ച അസാധ്യ പ്രകടനം കഴിഞ്ഞ കാലങ്ങളിൽ ബാഴ്സക്ക് നഷ്ടമായത് എന്തായിരുന്നു എന്ന് ഓർമിപ്പിക്കുന്നതായിരുന്നു. 10 പേരുമായുള്ള ഒരു ടീമിനെ വെച്ച് ഏകദേശം ഒരു മത്സരം മുഴുവൻ കളിച്ച് വിജയവുമായി മടങ്ങുന്നത് ഈ ഒരു കാവൽക്കാരന്റെ കരുത്തിൽ തന്നെയാണ്.
2009ൽ ആഴ്സണലിന് വേണ്ടി ഗോൾവല കാത്ത് തുടങ്ങിയ ഷെസ്നി എ.എസ്. റോമ, യുവന്റ്‌സ് എന്നിവർക്ക് വേണ്ടിയും കളിച്ചു. അന്നത്തെ എറ്റവും മികച്ച ഗോളികളോട് മത്സരിച്ചാണ് 2013-14 വർഷത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലോകം ഒന്നാം നമ്പർ ഗോൾകീപ്പറായിരുന്ന പീറ്റർ ചെക്കുമായി ഗോൾഡൻ ഗ്ലൗ പങ്കിട്ടത്. യുവന്‍റസിൽ നിന്നു കഴിഞ്ഞ സീസണിനൊടുവിൽ തന്‍റെ 33ാം വയസ്സിൽ ബൂട്ട് അഴിച്ചു വിശ്രമജീവിതത്തിലേക്ക് ഷെസ്നി കടന്നെന്ന വാർത്ത ആരാധകർക്ക് ഏറെ ഞെട്ടലുണ്ടാക്കി. തന്‍റെ തീരുമാനത്തിൽ തന്നെ അയാളുടെ മുൻഗണനകൾ വ്യക്തമായിരുന്നു. അത് ഒരിക്കലും പണമോ ഏതെങ്കിലും ചെറിയ ലീഗിൽ തുടർന്നു കളിച്ചു ദേശീയ ടീമിലെ സ്ഥാനമോ ആയിരുന്നില്ല. മടുക്കുമ്പോൾ നിർത്തുക എന്നത് മാത്രമായിരുന്നു. അവിടെ നിന്നാണ് ബാഴ്സലോണ പോലെയൊരു ലോകത്തെ എറ്റവും വലിയൊരു ക്ലബിന്റെ റിസർവ് ഗോൾ കീപ്പർ സ്ഥാനം അയാൾ സ്വീകരിക്കുന്നത്.
ടെർസ്റ്റീഗനേറ്റ ഗുരുതര പരുക്കിനെത്തുടർന്ന് ബാഴ്‌സയിൽ നിന്ന് വിളിയെത്തിയപ്പോൾ റിട്ടയർമെന്‍റ് തീരുമാനം അയാൾ പിൻവലിക്കുന്നു. വെറും ആറ് മാസത്തെ ഷോർട് കോൺട്രാക്ട് ഒപ്പിടുമ്പോൾ അപ്രധാന മത്സരങ്ങൾക്ക് മാത്രമേ ഉപയോഗിക്കാൻ സാധ്യതയുള്ളൂ എന്നായിരുന്നു മിക്കവരും വിചാരിച്ചിരുന്നത്. എന്നാൽ മൂന്ന് നാല് മാസത്തോളം യാതൊരു പരാതിയുമില്ലാതെ തന്റെ ഫിറ്റ്നസ് വീണ്ടെടുത്ത് അയാൾ പഴയ ഷെസ്‌നി ആയി. ഫ്ലിക്കിന് തീരുമാനമെടുക്കാൻ അധികം ആലോചിക്കേണ്ടി വന്നില്ല. അയാൾ തന്നെയാണ് ബാഴ്സയുടെ ഒന്നാം നമ്പർ. പിന്നീടാണ് അയാളെ ഗ്ലൗസും അണിയിച്ചു പോസ്റ്റിന് കീഴിലേക്ക് തുറന്നുവിട്ടത്. ഷെസ്നി കളിച്ച 14 മത്സരങ്ങളിൽ ബാഴ്സ ഇതുവരെ തോൽവിയറിഞ്ഞിട്ടില്ല. ബെൻഫിക്കയുമായുള്ള മത്സരശേഷം കോച്ച് ഫ്ലിക്ക് പറഞ്ഞത് പോലെ "പത്തു പേരുമായി ക്ലീൻ ഷീറ്റ് നേടാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ അതിനർത്ഥം നിങ്ങൾക്ക് മികച്ചൊരു ഗോളി ഉണ്ടെന്നാണ്. അതെ ബാഴ്സക്കൊരു ഷെസ്നിയുണ്ട്.