തലങ്ങും വിലങ്ങും 40 ഷോട്ടുകൾ! ആക്രമണ നീക്കങ്ങളിൽ റെക്കോർഡ്, എന്നിട്ടും ബാഴ്സലോണക്ക് നേടാനായത് ഒരു ഗോൾ മാത്രം...
text_fieldsറയൽ മയ്യോർക്കക്കെതിരെ ഗോൾ നേടിയ ഡാനി ഓൾമോയെ (വലത്ത്) അഭിനന്ദിക്കുന്ന സഹതാരം എറിക് ഗാർസ്യ
മത്സരഫലവും മൈതാനത്തെ മേധാവിത്വവും തമ്മിൽ അജഗജാന്തരം. എതിരാളികളുടെ ഇടതടവില്ലാത്ത ആക്രമണ നീക്കങ്ങളിൽ റയൽ മയ്യോർക്കയുടെ ഗോൾമുഖം പരിഭ്രാന്തിയിൽ മുങ്ങിയമർന്ന മത്സരം. എന്നിട്ടും അവർ പിടിച്ചുനിന്നത് മനസ്സാന്നിധ്യം കൈവിടാത്ത പ്രതിരോധ നീക്കങ്ങളാലും ഭാഗ്യത്തിന്റെ അതിശയിപ്പിക്കുന്ന അകമ്പടി കൊണ്ടും മാത്രം. സ്പാനിഷ് ലീഗ് ആവേശകരമായ ഫിനിഷിലേക്ക് കുതിക്കുന്ന ഘട്ടത്തിലെ അതിനിർണായകമായൊരു മത്സരത്തിൽ മയ്യോർക്കക്കെതിരെ ബാഴ്സലോണ ജയിച്ചുകയറിയത് ഏകപക്ഷീയമായ ഒരുഗോളിന്. ജയത്തോടെ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ബാഴ്സ തങ്ങളുടെ ലീഡ് ഏഴാക്കി ഉയർത്തി.
തീർത്തും ഏകപക്ഷീയമായിരുന്നു മത്സരം. ക്രോസ് ബാറിനു കീഴെ ലിയോ റോമൻ എന്ന മയ്യോർക്ക ഗോൾകീപ്പറുടെ അസാമാന്യ മെയ്‍വഴക്കം ഇല്ലായിരുന്നുവെങ്കിൽ ബാഴ്സലോണ അരഡസൻ ഗോളിലെങ്കിലും ജയിക്കുമായിരുന്നു. കളിയുടെ 78 ശതമാനം സമയത്തും പന്ത് ബാഴ്സലോണയുടെ ചരടുവലികൾക്കൊത്തുമാത്രം ചലിച്ചു.
കളിയിൽ മൊത്തം 40 ഷോട്ടുകളാണ് മയ്യോർക്കൻ ഗോൾമുഖം ലക്ഷ്യമിട്ട് ബാഴ്സലോണ താരങ്ങൾ പായിച്ചത്! സ്പാനിഷ് ലീഗിൽ ഇതൊരു റെക്കോർഡ് കൂടിയായി. 2011ൽ റയൽ സരഗോസയുടെ ഗോൾമുഖത്തേക്ക് റയൽ മഡ്രിഡ് തൊടുത്തുവിട്ട 40 ഗോൾശ്രമങ്ങളെന്ന റെക്കോർഡിനൊപ്പം മയ്യോർക്കക്കെതിരായ ബാഴ്സയുടെ നീക്കങ്ങളും ഇടംപിടിച്ചു. 40ൽ 13 തവണയും ഷോട്ടുകൾ മയ്യോർക്കയുടെ ഗോൾവലക്കു നേരെയായിരുന്നു. ആദ്യപകുതിയിൽ മാത്രം 24 ഗോൾശ്രമങ്ങൾ ബാഴ്സ നടത്തിയിരുന്നു. 13 കോർണർ കിക്കുകളും മത്സരത്തിൽ ബാഴ്സക്ക് അനുകൂലമായി പിറവിയെടുത്തു.
കളിയിൽ 40നെതിരെ നാലു നീക്കങ്ങൾ മാത്രമാണ് മയ്യോർക്കയുടെ ഭാഗത്തുനിന്നുണ്ടായത്. നാലു ശ്രമവും ഗോൾവലക്ക് നേരെയായിരുന്നില്ല. ഗോൾവലക്കുമുന്നിൽ മഹാമേരുവായ ലിയോ റോമൻ, മയ്യോർക്കക്കുവേണ്ടി പ്രതിരോധിച്ചത് ഗോളെന്നുറപ്പിച്ച 12 ഷോട്ടുകൾ. ഈ സീസണിൽ ഒരു ലാ ലിഗ മത്സരത്തിൽ ഗോൾകീപ്പറുടെ ഏറ്റവും കൂടുതൽ സേവുകളായി അത് മാറി. റോമനും ഡിഫൻഡർമാരും ചേർന്ന് 15 സെക്കൻഡിനിടെ നാലു തവണ ഗോൾനീക്കങ്ങൾ തടഞ്ഞതും കളിയിൽ ആവേശകരമായി.
ജയിച്ചില്ലായിരുന്നെങ്കിൽ അത്രയേറെ നിരാശപ്പെടേണ്ടി വരുമായിരുന്ന ബാഴ്സലോണക്ക് 46-ാം മിനിറ്റിൽ ഡാനി ഓൾമോയാണ് രക്ഷകനായെത്തിയത്. ലാമിൻ യമാൽ, ഫെറാൻ ടോറസ്, അൻസു ഫാറ്റി എന്നിവരുടെ ഗോളെന്നുറച്ച നീക്കങ്ങൾക്ക് തടയിട്ട ഗോളി റോമനും മയ്യോർക്ക പ്രതിരോധത്തിനും ബോക്സിൽനിന്ന് ഓൾമോ തൊടുത്ത ഗ്രൗണ്ട് ഷോട്ടിന് മറുപടിയുണ്ടായില്ല.
33 കളികളിൽ 76 പോയന്റുമായി മുന്നിട്ടുനിൽക്കുന്ന ബാഴ്സക്കുപിന്നിൽ 32 കളികളിൽ 69 പോയന്റുമായി റയൽ മഡ്രിഡാണ് രണ്ടാം സ്ഥാനത്ത്. 63 പോയന്റുമായി അത്‍ലറ്റികോ മഡ്രിഡാണ് മൂന്നാം സ്ഥാനത്തുള്ളത്.