ഫ്‌ളിക്കിൽ ക്ലിക്കാവുന്ന ബാഴ്സ; കറ്റാലൻ ക്ലബിന്റെ കിരീടനേട്ടം പുതിയ കോച്ചിന്റെ ചിറകിലേറി
text_fieldsസൂപ്പർ കോപ്പ ഫൈനൽ പോരാട്ടത്തിൽ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് ചിരകാല വൈരികളായ റയൽ മഡ്രിഡിനെ തകർത്താണ് ബാഴ്സലോണ കിരീടം ചൂടിയത്. ലാ ലീഗിൽ ഇതേ റയലിനെ തോൽപ്പിച്ചതാവട്ടെ ഏകപക്ഷീയമായ നാല് ഗോളുകൾക്കും. എംബാപ്പയെ കൂടി തട്ടകത്തിലെത്തിച്ചതോടെ ഫുട്ബോൾ ലോകത്തിനി റയൽ മഡ്രിഡിന്റെ സമഗ്രാധിപത്യമെന്ന് പറഞ്ഞു തുടങ്ങിയിടത്താണ് കറ്റാലൻ ക്ലബിന്‍റെ ജയം എന്നത് അവരുടെ ആരാധകരുടെ സന്തോഷവും ഇരട്ടിയാക്കുന്നുണ്ട്.
ഇതിഹാസങ്ങള്‍ ഒരുപാട് പന്തുതട്ടിയ, പറയാൻ ചരിത്രം ഏറെയുള്ള ബാഴ്‌സയ്‌ക്ക് ഒരുപക്ഷെ ഈ ജയങ്ങള്‍ സാധാരണമായിരിക്കും. എന്നാല്‍, കഴിഞ്ഞ 3-4 സീസണുകള്‍ മാത്രം നോക്കാം. പ്രതിഭകളുടെ നീണ്ടനിര തന്നെയുണ്ടായിട്ടും ഏതൊരു ടീമിനും എപ്പോള്‍ വേണമെങ്കിലും തോല്‍പ്പിക്കാൻ സാധിക്കുന്ന ടീമായിരുന്നു ബാഴ്‌സലോണ. 2022-23 സീസണില്‍ ലാ ലിഗയില്‍ കിരീടം ചൂടാനായെങ്കിലും ലീഗിന്റെ സാമ്പത്തിക നയങ്ങള്‍ മൂലം ചെലവ് ചുരുക്കേണ്ടിവന്ന അവര്‍ക്ക്, തങ്ങള്‍ക്ക് ആവശ്യമുള്ള താരങ്ങളെ സൈന്‍ ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു. ഇല്ലായ്മയുടെ കാലത്തുനിന്നും പ്രൗഢമായ ഇന്നലകളിലേക്കുള്ള ഒരു തിരിച്ചു പോക്കാണ് സ്ഥാനമേറ്റ് ഏറെ വൈകാതെ ഫ്‌ളിക്ക് ബാഴ്‌സയ്ക്ക് സമ്മാനിച്ചിരിക്കുന്നത്.
ടീമിനെ പഠിച്ച് പഠിപ്പിച്ചു...
ഹാൻസി ഫ്ലിക്കിനെ സംബന്ധിച്ച് മോഹിപ്പിക്കുന്ന ഒരു പ്രൊഫൈലിൽ നിൽക്കുന്ന സമയത്തല്ല ബാഴ്സയിലേക്ക് വരുന്നത്. നൗക്യാമ്പിലേക്ക് ശബ്ദകോലാഹലങ്ങളുമില്ലാതെയുള്ള വരവായിരുന്നു ജര്‍മന്‍കാരനായ ഫ്ലിക്കിന്റേത്. പുതിയ പരിശീലകനെ ആരാധകര്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ പിന്നെയും ഒരു മാസമെടുത്തു ബാഴ്‌സലോണ. എന്തിനീ നീക്കം ഇത്രയും രഹസ്യമാക്കിയെന്ന ചോദ്യത്തിന് ബാഴ്‌സയ്ക്ക് കൃത്യമായ ഉത്തരമുണ്ടായിരുന്നു. കടുത്ത സാമ്പത്തികബാധ്യതകള്‍ അറിഞ്ഞ് എത്തിയ അവരുടെ പുതിയ പരിശീലകനെ മാധ്യമങ്ങളുടെ മുന്നിലേക്ക് ഒരു ഇര കണക്കെ ഇട്ടുനല്‍കാന്‍ അവര്‍ക്കു താല്‍പര്യമില്ലായിരുന്നു. ഫ്ലിക്കിനും അതുതന്നെയായിരുന്നു സൗകര്യം. മുന്‍ ബാഴ്‌സ താരം ഡെക്കോക്കൊപ്പം ഒന്നര മാസത്തോളും താന്‍ പരിശീലിപ്പിക്കാന്‍ പോകുന്ന സ്‌ക്വാഡിനെ അടുത്തുനിന്ന് കാണാനും അവരുടെ പ്രകടന നിലവാരം മനസിലാക്കാനും ഫ്ലിക്കിനായി.
കളിരീതിയുടെ ഫ്ലിക്ക് വേർഷൻ...
ടിക്കിടാക്ക സ്റ്റൈലിൽ നിന്നും മാറി ഫ്ലിക്ക് ആവിഷ്കരിച്ച പുതിയ ശൈലി താരങ്ങൾക്ക് കൂടുതൽ അനുയോജ്യമായെന്ന് അവരുടെ കളി തെളിയിച്ചു. കളിക്കുന്ന താരങ്ങളില്‍ പൂര്‍ണമായും വിശ്വാസം അര്‍പ്പിക്കുക വഴി അവരില്‍ ആത്മവിശ്വാസം ഉയര്‍ത്തുകയെന്ന തന്ത്രമാണ് ഫ്‌ളിക് ആദ്യം പരീക്ഷിച്ചു വിജയിപ്പിച്ചത്. അതുവഴി ടീമിന്റെ മനോഭാവം ഒന്നടങ്കം മാറ്റിമറിക്കാന്‍ ഫ്ലിക്കിന് കഴിഞ്ഞു. പഴയ പോലെ ഒരു ഗോളിന് പിന്നില്‍പ്പോയാല്‍ പതറിപ്പോകുന്ന ബാഴ്‌സയല്ല ഇന്നത്തേത്. ഒന്നടിച്ചാല്‍ തിരിച്ച് മൂന്നടിക്കാന്‍ കച്ചമുറുക്കിയാണ് അവര്‍ ഇപ്പോള്‍ കളത്തിലിറങ്ങുന്നത്.
ലെവ, യമാൽ, റാഫി സഖ്യം
ടീമിന്‍റെ സുവർണ കാലഘട്ടത്തിലെ മെസ്സി, സുവാരസ്, നെയ്മർ കൂട്ടുക്കെട്ടിനെ ഓർമിപ്പിക്കും വിധം ലെവൻഡോസ്കി, യമാൽ, റാഫീഞ്ഞോ സഖ്യത്തെ ഉയർത്തികൊണ്ടുവന്നതും ഫ്ലിക്കിന്‍റെ തന്ത്രങ്ങളിലൊന്നാണ്. ലാ ലിഗയിലെ ഗോള്‍ വേട്ടക്കാരുടെയും അസിസ്റ്റ് നല്‍കിയവരുടെയും പട്ടികയിലും ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഇവരാണ്. റോബര്‍ട്ട് ലെവൻഡോസ്‌കിയാണ് അവരുടെ പ്രധാന ഗോളടിയന്ത്രം. ഇതുവരെ 16 ഗോളുകള്‍ സൂപ്പര്‍ സ്ട്രൈക്കര്‍ നേടിയിട്ടുണ്ട്. പഴയ ബാഴ്‌സ ശൈലിയില്‍ ഇറങ്ങിക്കളിക്കുന്നതിനു പകരം എതിരാളിയുടെ ഏരിയയില്‍ സര്‍വ സ്വാതന്ത്ര്യത്തോടെ വിഹരിക്കാന്‍ ലെവൻഡോസ്കിയെ നിയോഗിച്ചു. മറ്റുള്ളവര്‍ക്ക് ഫിനിഷര്‍ റോളില്‍ കളിക്കുന്ന ലെവന്‍ഡോവ്‌സ്‌കിയിലേക്ക് പന്തെത്തിക്കുന്ന ചുമതല മാത്രം. ഇതോടെ, തന്നില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി തന്നെ ലെവൻഡോസ്‌കി നിറവേറ്റി തുടങ്ങി.
11 ഗോളടിച്ച് രണ്ടാമതുള്ള ബ്രസീലിയന്‍ വെറ്ററന്‍ താരം റാഫിഞ്ഞയുടെ കാര്യത്തില്‍ കടുത്ത ബാഴ്‌സലോണ ആരാധകരെ പോലും അമ്പരിപ്പിച്ച മാറ്റമാണ് ഫ്ലിക്ക് കൊണ്ടുവന്നത്. കഴിഞ്ഞ സീസണില്‍ തള്ളിപ്പറഞ്ഞവരെല്ലാം ഇന്ന് റാഫീഞ്ഞയ്‌ക്ക് വേണ്ടി കൈയ്യടിക്കുന്ന കാഴ്‌ചയാണ്. പരിശീലകനായി സ്ഥാനമേറ്റതിന് പിന്നാലെ റാഫീഞ്ഞയുടെ ഫിറ്റ്നസുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഫ്ലിക്ക് ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചത്. ശാരീരികമായി താരം ഫിറ്റാണെന്ന് കണ്ടതോടെ ടീമിന്‍റെ ക്യാപ്‌റ്റന്മാരില്‍ ഒരാളായി ചുമതല നല്‍കി. ഇത് താരത്തിന്‍റെ ആത്മവിശ്വാസവും ഉയര്‍ത്തി. ഇതിന്‍റെ ഫലമായി ഗോളടിച്ചും ഗോളടിപ്പിച്ചും റാഫീഞ്ഞ കളം നിറഞ്ഞാടി.
അഞ്ച് ഗോളടിച്ച ലമീൻ യമാലിന്‍റെ സ്ഥാനവും പട്ടികയില്‍ ആദ്യ ഇരുപതിലുണ്ട്. അസിസ്റ്റ് നല്‍കിയവരുടെ കൂട്ടത്തില്‍ ഒമ്പത് എണ്ണവുമായി മുൻനിരയിലുള്ളതും ലാ മാസിയ അക്കാദമി പ്രൊഡക്ട് കൂടിയായ യമാലാണ്. യമാലിനൊപ്പം ഗോളടിപ്പിക്കാൻ ബ്രസീലിയൻ താരം റാഫീഞ്ഞയമുണ്ട്. ഇതുവരെ ആറ് അസിസ്റ്റുകളാണ് റാഫീഞ്ഞയുടെ പേരിലുള്ളത്. ടീമിലെ യുവതാരങ്ങളെ ഫലപ്രദമായി ഉപയോഗിച്ച്, സീനിയര്‍ ടീമില്‍ യഥേഷ്ടം അവസരങ്ങള്‍ നല്‍കാനുള്ള ഫ്ലിക്കിന്റെ തീരുമാനവും ടീമിന്റെ മാറ്റത്തിന്റെ കാതലായി. ആത്മവിശ്വാസവും ആത്മാഭിമാനവുമുള്ള, യുവത്വവും പരിചയസമ്പത്തും ഒരുപോലെ നിറഞ്ഞ ഒരു ടീമാക്കി ഫ്ലിക്ക് ബാഴ്‌സയെ മാറ്റി.
പെപ്പ് ഗ്വാര്‍ഡിയോളയെ വിശ്വവിഖ്യാതനായ പരിശീലകനാക്കിയ, 2008 മുതല്‍ 2012 വരെ ക്ലബ്ബ് ഫുട്ബോളിനെ അടക്കി ഭരിച്ച, ഓരോ കാറ്റലോണിയൻ ആരാധകനും വിജയതേരോട്ടത്തിന്‍റെ ഒട്ടനവധി ഓർമ്മകൾ സമ്മാനിച്ച ആ പഴയ ബാഴ്‌സലോണക്കാലത്തേക്ക് ഫ്ലിക്കിന്‍റെ ചിറകിലേറിയുള്ളൊരു തിരിച്ചുപോക്ക് സ്വപ്‌നം കാണുകയാണ് ഇപ്പോള്‍ ബാഴ്‌സ ആരാധകര്‍.