ഗോവയെ തുരത്തി ബ്ലാസ്റ്റേഴ്സ്; ജയം ഒന്നിനെതിരെ മൂന്ന് ഗോളിന്
text_fieldsകൊച്ചിയിൽ നടന്ന ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിൽ എഫ്.സി ഗോവ ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ അഡ്രിയാൻ
ലൂന ഗോൾ നേടുന്നു -അഷ്കർ ഒരുമനയൂർ
കൊച്ചി: ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പെയ്തൊഴിഞ്ഞ മഴക്കു പിന്നാലെ ബ്ലാസ്റ്റേഴ്സിന്‍റെ ഗോൾ വർഷം. സ്വന്തം ആരാധകർക്ക് മുന്നിൽ ഗംഭീര പ്രകടനവുമായി കളംനിറഞ്ഞ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് കരുത്തരായ ഗോവയെ പരാജയപ്പെടുത്തിയത്.
അഡ്രിയാൻ ലൂന, ദിമിത്രിയോസ് ഡയമന്‍റകോസ്, ഇവാൻ കലിയൂഷ്നി എന്നിവർ ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടി. മധ്യനിര താരം നോഹ സദാവോയിയുടെ വകയായിരുന്നു ഗോവയുടെ ആശ്വാസ ഗോൾ. ഗോവയുടെ പാസിങ് ഗെയിമിന് ബ്ലാസ്റ്റേഴ്സിന്‍റെ മറുപടി ആക്രമണ ഫുട്ബാളായിരുന്നു. മലയാളി താരം കെ.പി. രാഹുലിന്‍റെ വിങ്ങിലൂടെയുള്ള മുന്നേറ്റങ്ങളായിരുന്നു മത്സരത്തിലെ ഹൈലൈറ്റ്. നാലു ഗോളോടെ കലിയുഷ്നി ലീഗിലെ ടോപ് സ്കോററായി.
ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയന്‍റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് കയറി. ആറു മത്സരങ്ങളിൽനിന്നായി ഒമ്പത് പോയന്‍റ്. ഗോവക്ക് ഒമ്പത് പോയന്‍റാണെങ്കിലും ഗോൾ ശരാശരയിൽ മുന്നിലാണ്. കേരള ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം 19ന് ഹൈദരാബാദ് എഫ്.സിക്കെതിരെ അവരുടെ ഗ്രൗണ്ടിലാണ്.
ആരാധകർ കാത്തിരുന്ന പ്രകടനം
ഇരുടീമുകളും കൊണ്ടും കൊടുത്തും തുടങ്ങിയ മത്സരം പിന്നീട് വിരസതയിലേക്ക് നീങ്ങുന്നതാണ് കണ്ടത്. പന്ത് കൈവശം വെച്ച് ഗോവ പാസിങ് ഗെയിം കളിച്ചതോടെ കളിയുടെ വേഗതയും ആക്രമണവും കുറഞ്ഞു. ഇടക്കിടെ ലോങ് ബാളിലൂടെ ബ്ലാസ്റ്റേഴ്സിന്‍റെ ബോസ്കിനുള്ളിലേക്ക് കയറിയെങ്കിലും പ്രതിരോധത്തിൽ തട്ടി വിഫലമായി.
ഏഴാം മിനിറ്റിൽ ബോക്സിനുള്ളിൽനിന്നുള്ള സഹലിന്‍റെ കിടിലൻ ഷോട്ട് ഗോവൻ ഗോളി ധീരജ് തട്ടിമാറ്റി. പിന്നാലെ വിങ്ങിലൂടെ കയറിവന്ന ഗോവയുടെ നോഹ സദാവോയി ബോക്സിന് സമാന്തരമായി പന്ത് നൽകിയെങ്കിലും മുൻ ബ്ലാസ്റ്റേഴ്സ് താരം അൽവാരോ വാസ്ക്വസിന് അവസരം മുതലെടുക്കാനായില്ല.
42ാം മിനിറ്റിൽ അതിവേഗത്തിലുള്ള കൗണ്ടർ അറ്റാക്കിങ്ങിലൂടെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഗോൾ പിറക്കുന്നത്. രാഹുൽ വിങ്ങിലൂടെ നടത്തിയ മുന്നേറ്റമാണ് ഗോളിലേക്കെത്തിയത്. വലതു വിങ്ങിൽനിന്ന് ബോക്സിനുള്ളിലേക്ക് ഉയർത്തി നൽകിയ പന്ത് കൂട്ടപ്പൊരിച്ചിലിനൊടുവിൽ എത്തിയത് മലയാളി താരം സഹൽ അബ്ദുസ്സമദിന്‍റെ കാലിലേക്ക്.
താരം പന്ത് അഡ്രിയാൻ ലൂനക്ക് നൽകി. ഗോൾ മുഖത്തുണ്ടായിരുന്ന ലൂനക്ക് പന്ത് വലയിലേക്ക് അനായാസം തട്ടിയിടേണ്ട ജോലി മാത്രം. ഗോൾ വഴങ്ങിയതിന്‍റെ ഞെട്ടലിൽ നിൽക്കുന്നതിനിടെ ഗോവയുടെ വലയിൽ രണ്ടാമത്തെ ഗോളുമെത്തി. 45ാം മിനിറ്റിൽ എതിർ പോസ്റ്റിലേക്ക് നടത്തിയ മികച്ചൊരു മുന്നേറ്റത്തിനിടെ ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്‍റകോസിനെ ഗോവയുടെ അൻവർ അലി ബോക്സിനുള്ളിൽ ഫൗൾ ചെയ്തു വീഴ്ത്തി. ഉടൻ റഫറി പെനാൽറ്റിയിലേക്ക് വിരൽ ചൂണ്ടി. കിക്കെടുത്ത ദിമിത്രിയോസ് ഗോവൻ ഗോളി ധീരജ് സിങ്ങിനെ കബളിപ്പിച്ച് പന്ത് അനായാസം വലയിലെത്തിച്ചു. ആദ്യ പകുതിയുടെ വിസിൽ മുഴങ്ങുമ്പോൾ ബ്ലാസ്റ്റേഴിന് സ്വന്തം കാണികൾക്കു മുന്നിൽ രണ്ടു ഗോളിന്‍റെ ലീഡ്.
ഇവാന്‍റെ മിസൈൽ
ബ്ലാസ്റ്റേഴ്സിന്‍റെ തുടരാക്രമണങ്ങളോടെയാണ് രണ്ടാം പകുതി തുടങ്ങുന്നത്. കൃത്യമായ ഇടവേളകളിൽ ഗോവൻ ഗോൾമുഖം ബ്ലാസ്റ്റേഴ്സ് താരങ്ങൾ വിറപ്പിച്ചു. എങ്ങനെയും ഗോളുകൾ മടക്കാനുള്ള ഗോവയുടെ ശ്രമങ്ങൾ മത്സരത്തിന്‍റെ വേഗത കൂട്ടി. 52ാം മിനിറ്റിൽ 30 യാർഡ് അകലെ നിന്നുള്ള ഇവാൻ കലിയുഷ്നിയുടെ മിസൈൽ ഷോട്ട് ഗോവയുടെ ബോക്സിനുള്ളിലേക്ക്. ഗാലറിയിൽ മഞ്ഞക്കടലിരമ്പി. ദിമിത്രിയോസാണ് ഗോളിന് വഴിയൊരുക്കിയത്.
61ാം മിനിറ്റിൽ ഗോവയുടെ സ്പാനിഷ് താരം ഐക്കർ ഗുരോത്‌ക്‌സേനക്ക് മികച്ച അവസരം ലഭിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് ഗോളി പ്രഭ്‌സുഖന്‍ ഗില്‍ തട്ടിയകറ്റി. 67ാം മിനിറ്റിൽ ഗോവക്കായി നോഹ സദാവോയിയുടെ ഗോൾ. ബോക്സിനുള്ളിലേക്ക് സെറിട്ടൺ ഫെർണാണ്ടസ് നീട്ടി നൽകിയ പന്ത് പ്രതിരോധ താരങ്ങളുടെ കണ്ണിൽപെടാതിരുന്ന നോഹ ഹെഡറിലൂടെ അനായാസം വലയിലെത്തിച്ചു. ഇതിനിടെ പ്രതിരോധത്തിലെ പിഴവുകൾ പലപ്പോഴും ബ്ലാസ്റ്റേഴ്സ് ഗോളിക്ക് പണിയുണ്ടാക്കി. 70ാം മിനിറ്റിൽ രാഹുലിന്‍റെ വിങ്ങിലൂടെയുള്ള മുന്നേറ്റം. ഒടുവിൽ പന്ത് ബോക്സിനുള്ളിലേക്ക് ഉയർത്തി നൽകിയെങ്കിലും ജിയാനുവിന്‍റെ ഹെഡർ പോസ്റ്റിനു മുകളിലൂടെ പുറത്തേക്ക് പോയി.
നേരത്തെ, നോർത്ത് യുനൈറ്റഡ് എഫ്.സിക്കെതിരെ ഇറങ്ങിയ ടീമിൽനിന്ന് ഒരു മാറ്റവുമായാണ് പരിശീലകൻ ഇവാൻ വുകമനോവിച്ച് ബ്ലാസ്റ്റേഴ്സിനെ കളത്തിലിറക്കിയത്. സൗരവ് മണ്ഡലിനു പകരം സഹൽ ആദ്യ ഇലവനിൽ ഇടംനേടി. പരിക്കിൽനിന്ന് മുക്തനായ അൽവാരോ വാസ്ക്വസ് ഗോവയുടെ പ്ലെയിങ് ഇലവനിലേക്ക് തിരിച്ചെത്തി.