പ്രീ സീസൺ മത്സരങ്ങൾക്കായി ബ്ലാസ്റ്റേഴ്സ് വീണ്ടും ദുബൈയിലേക്ക്
text_fieldsകഴിഞ്ഞ സീസണിന് മുന്നോടിയായി ദുബൈയിലെത്തിയ
കേരള ബ്ലാസ്റ്റേഴ്സ് പരിശീലനം നടത്തുന്നു (ഫയൽ ചിത്രം)
ദുബൈ: പ്രീ സീസൺ മത്സരങ്ങൾക്കായി കേരള ബ്ലാസ്റ്റേഴ്സ് ഇക്കുറിയും യു.എ.ഇയിലെത്തും. ആഗസ്റ്റ് 15നും സെപ്റ്റംബർ 15നും ഇടയിലാണ് ടീം ദുബൈയിലുണ്ടാവുക. യു.എ.ഇയിലെ പ്രീമിയർ ലീഗ് ക്ലബുകളുമായി ആറു മത്സരങ്ങൾ കളിക്കും. മത്സരങ്ങളുടെ തീയതിയും എതിർ ടീമുകളും ഏതൊക്കെയെന്ന് അന്തിമ തീരുമാനമായിട്ടില്ല.
എന്നാൽ, ഇതു സംബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് യു.എ.ഇയിലെ എച്ച് 16 സ്പോർട്സ് സർവിസിന് കത്ത് നൽകി. എച്ച് 16 ആണ് ബ്ലാസ്റ്റേഴ്സിന്റെ യു.എ.ഇയിലെ പ്രി സീസൺ മത്സരങ്ങളും പരിശീലനവും സജ്ജീകരിക്കുന്നത്. മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ സമൂഹ മാധ്യമ പേജുകളിലൂടെ തത്സമയ സംപ്രേഷണം ചെയ്യാനും ആലോചിക്കുന്നുണ്ട്.
പരിശീലകർ ഉൾപെടെ സമ്പൂർണ ടീമായിരിക്കും ദുബൈയിൽ എത്തുക. ടിക്കറ്റ് നിരക്ക് ഈടാക്കി സ്റ്റേഡിയത്തിൽ ആളെ കയറ്റി പ്രദർശന മത്സരം നടത്താനും ആലോചനയുണ്ട്. 12 ലക്ഷത്തോളം മലയാളികളുള്ള യു.എ.ഇയിൽ കേരള ബ്ലാസ്റ്റേഴ്സിന് വൻ ആരാധക വൃന്ദമാണുള്ളത്.
ടീമിന്റെ ഔദ്യോഗിക ഫാൻസ് വിഭാഗമായ മഞ്ഞപ്പടയും യു.എ.ഇയിൽ സജീവമാണ്. മികച്ച ടീമുകളുമായി ബ്ലാസ്റ്റേഴ്സിന്റെ മത്സരം നടത്തിയാൽ കാണികൾ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മികച്ച പ്രകടനത്തിന് യു.എ.ഇയിലെ അനുഭവങ്ങളും കാരണമായിരുന്നു.
കൊടുംചൂടായിരുന്ന സമയത്താണ് ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ മത്സരത്തിനായി എത്തിയത്. എന്നാൽ, അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന് ഫിഫ വിലക്കേർപ്പെടുത്തിയതോടെ നിശ്ചയിച്ചിരുന്ന മത്സരങ്ങൾ മുടങ്ങി. എങ്കിലും, ഒരുമാസം ദുബൈ അൽനാസർ ഗ്രൗണ്ടിൽ പരിശീലനം നടത്തിയ ശേഷമാണ് ടീം മടങ്ങിയത്.
നിശ്ചയിച്ച മത്സരങ്ങൾ മുടങ്ങിയെങ്കിലും ചെറിയ ക്ലബുകളുമായി സന്നാഹ മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് കളിച്ചു. യു.എ.ഇയിലെ ചൂടുകാലത്തെ പരിശീലനം ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മെച്ചപ്പെടുത്താൻ ഉപകരിച്ചതായി കോച്ച് ഇവാൻ വുകുമിനോവിച് പറഞ്ഞിരുന്നു. എവേ മാച്ചുകളിൽ ഈ പരിശീലനം ഉപകാരം ചെയ്തതായാണ് വിലയിരുത്തൽ.
ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചൂടുകാലത്ത് ടീം ദുബൈയിലേക്ക് എത്തുന്നത്. യു.എ.ഇയിൽ 40-50 ഡിഗ്രി ചൂടുള്ള സമയത്താണ് ഇക്കുറിയും ബ്ലാസ്റ്റേഴ്സ് എത്തുന്നത്. ടീമിന് താമസ, യാത്ര സൗകര്യം മുതൽ മത്സരങ്ങൾവരെ ഒരുക്കുന്നത് എച്ച് 16 സ്പോർട്സ് സർവിസാണ്.