സാംബിയയുടെ വല നിറച്ച് മെസ്സിയും സംഘവും; ക്രൊയേഷ്യയെ വീഴ്ത്തി ബ്രസീൽ, ആഞ്ചലോട്ടിക്ക് ഇനി സ്ക്വാഡ് പ്രഖ്യാപിക്കാം...
text_fieldsബ്യൂണസ് ഐറിസ്: ലോകകപ്പിന് മുന്നോടിയായുള്ള നാട്ടിലെ അവസാന സൗഹൃദ മത്സരത്തിൽ സാംബിയക്കെതിരെ ഒട്ടും സൗഹൃദമില്ലാതെ പന്തുതട്ടി അർജന്‍റീന. മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്കാണ് എതിരാളികളെ മെസ്സിയും സംഘവും തരിപ്പണമാക്കിയത്.
പരിശീലകൻ ലയണൽ സ്കലോണിക്ക് ആത്മവിശ്വാസത്തോടെ അമേരിക്കയിലേക്ക് പോകാം. കഴിഞ്ഞ സന്നാഹ മത്സരത്തിൽ റാങ്കിങ്ങിൽ ഏറെ പിന്നിലുള്ള മൗറിത്താനിയക്കെതിരെ നേടിയ നിറംമങ്ങിയ ജയത്തിന്‍റെ സങ്കടം മറക്കാനുള്ള പ്രകടനമാണ് സ്വന്തം ആരാധകർക്കു മുന്നിൽ അർജന്‍റീന പുറത്തെടുത്തത്. മത്സരത്തിന്‍റെ തുടക്കം മുതൽ സമസ്ത മേഖലയിലും ലോകചാമ്പ്യൻമാർ മേധാവിത്വം പുലർത്തി. കഴിഞ്ഞ തവണ പ്ലെയിങ് ഇലവനിൽ ഇടമില്ലാതിരുന്ന സൂപ്പർതാരം ലയണൽ മെസ്സി മുഴുവൻ സമയവും കളിക്കുകയും ഒരു ഗോൾ നേടുകയും ചെയ്തു. 43ാം മിനിറ്റിലായിരുന്ന ഗോൾ.
ജൂലിയൻ അൽവാരസ്, അലക്സിസ് മക് അലിസ്റ്റർ ഉൾപ്പെടെയുള്ള താരങ്ങളും ആദ്യ ഇലവനിലുണ്ടായിരുന്നു. നാലാം മിനിറ്റിൽ തന്നെ അൽവാരസിലൂടെ അർജന്‍റീന ലീഡെടുത്തു. തിയാഗോ അൽമാഡയാണ് ഗോളിന് വഴിയൊരുക്കിയത്. ഇടവേളക്കു പിരിയാൻ രണ്ടു മിനിറ്റ് ബാക്കി നിൽക്കെ മക് അലിസ്റ്ററുടെ അസിസ്റ്റിൽ മെസ്സി ലീഡ് ഇരട്ടിയാക്കി.
രണ്ടു ഗോളിന്‍റെ ലീഡുണ്ടായിട്ടും മാറ്റങ്ങളില്ലാതെയാണ് സ്കലോണി ഇടവേളക്കുശേഷവും ടീമിനെ കളത്തിലിറക്കിയത്. 50ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഒട്ടമെൻഡി ലക്ഷ്യത്തിലെത്തിച്ചു. 68ാം മിനിറ്റിൽ സാംബിയയുടെ ഡൊമിനിക് ചാന്ദയുടെ വക ഒരു സെൽഫ് ഗോളെത്തി. ഇൻജുറി സമയത്ത് (90+4) പകരക്കാൻ വാലെന്‍റിൻ ബാർകോ ഗോൾ പട്ടിക പൂർത്തിയാക്കി.
ഫ്ലോറിഡയിൽ നടന്ന മത്സരത്തിൽ 3-1നാണ് കരുത്തരായ ക്രൊയേഷ്യയെ കാനറികൾ വീഴ്ത്തിയത്. കഴിഞ്ഞ മത്സരത്തിൽ ഫ്രാൻസിനോടേറ്റ തോൽവി ഭാരം മറികടക്കുന്ന പ്രകടനാണ് കാർലോ ആഞ്ചലോട്ടിയുടെ സംഘം പുറത്തെടുത്തത്. ലോകകപ്പിനായി 26 പേരടങ്ങുന്ന അന്തിമ സ്ക്വാഡിനെ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായുള്ള ദേശീയ ടീമിന്റെ അവസാന സൗഹൃദ മത്സരമായിരുന്ന ക്രോട്ടുകൾക്കെതിരെ നടന്നത്.
ഡാനിലോ (45+2), ഇഗോർ തിയാഗോ (88, പെനാൽറ്റി), ഗബ്രിയേൽ മാർട്ടിനെല്ലി (90+2) എന്നിവരാണ് ബ്രസീലിനായി വലകുലുക്കിയത്. ലോവ്രോ മജേറിന്‍റെ (84) വകയായിരുന്ന ക്രൊയേഷ്യയുടെ ആശ്വാസ ഗോൾ. ഫ്രഞ്ചുകാർക്കെതിരെ മത്സരത്തിൽനിന്ന് വ്യത്യസ്തമായി പന്തടക്കത്തിലും ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിലും ബ്രസീലുകാർ മുന്നിട്ടുനിന്നു.


