ഓൺഗോളും വാറും രക്ഷകരായി; ചാമ്പ്യൻസ് ലീഗില്‍ തോൽക്കാതെ രക്ഷപ്പെട്ട് ബാഴ്സലോണ, 3-3
text_fieldsബ്രൂഗസ്(ബെൽജിയം): ചാമ്പ്യൻസ് ലീഗിൽ ബെൽജിയം ക്ലബായ ക്ലബ് ബ്രൂഗിനെതിരെ തോൽക്കാതെ രക്ഷപ്പെട്ട് സ്പാനിഷ് കരുത്തരായ ബാഴ്സ. ബ്രൂഗിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമും മൂന്ന് ഗോൾവീതം നേടി (3-3) സമനിലയിൽ പിരിയുകയായിരുന്നു.
ആറാം മിനിറ്റിൽ നിക്കോളോ ട്രെസോൾഡിയിലൂടെ ബ്രൂഗ് ആദ്യ ലീഡെടുത്തു. രണ്ടുമിനിറ്റിനകം ഫെറാൻ ടോറസ് ബാഴ്സയെ ഒപ്പമെത്തിച്ചു.(1-1). എന്നാൽ 17ാം മിനിറ്റിൽ കാർലോസ് ഫോർബ്സിന്റെ ഗോളിലൂടെ ബാഴ്സ വീണ്ടും പിന്നിലായി (2-1). ഒരു ഗോളിന്റെ ലീഡിൽ അവസാനിച്ച ആദ്യപകുതിക്ക് ശേഷം 61ാം മിനിറ്റിലാണ് ബാഴ്സലോണ വീണ്ടും സമനില പിടിക്കുന്നത്. സൂപ്പർ സ്ട്രൈക്കർ ലമീൻ യമാലാണ് ഗോൾ നേടിയത്.
എന്നാൽ, രണ്ടുമിനിറ്റിനുള്ളിൽ 63ാം മിനിറ്റിൽ കാർലോസ് ഫോർബ്സ് വീണ്ടും ബാഴ്സയെ പിന്നിലാക്കി. ഇതോടെ പരുങ്ങലിലായ ബാഴ്സക്ക് ആശ്വാസമായി ബ്രൂഗിന്റ ക്രിസ്റ്റോസ് സോളിസ് ഓൺഗോൾ സമ്മാനിച്ചു. (3-3). കളി സമനിലയിൽ പിരിയുമെന്ന ഘട്ടത്തിൽ അന്തിമ വിസിലിന് തൊട്ടുമുൻപ് ബാഴ്സയെ ഞെട്ടിച്ച് ബ്രൂഗ് നാലാമതും ലക്ഷ്യം കണ്ടെങ്കിലും വാറിന്റെ പിൻബലത്തിൽ രക്ഷപ്പെടുകയായിരുന്നു.
ഇതോടെ സ്പാനിഷ് കരുത്തരായ ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് പട്ടികയിൽ 11ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നാല് മത്സരങ്ങളിൽ രണ്ടുജയവും ഒരു തോൽവിയും ഒരു സമനിലയുമുള്ള ബാഴ്സക്ക് ഏഴുപോയിന്റാണുള്ളത്. മറ്റൊരു മത്സരത്തിൽ അത്ലറ്റിക് ക്ലബിനെ എതിരില്ലാത്ത രണ്ടുഗോളിന് ന്യൂകാസിൽ തോൽപ്പിച്ചു. ഇന്റർമിലാൻ കസാക്കിസ്ഥാൻ ക്ലബായ കൈരാറ്റിനെ 2-1 ന് കീഴടക്കി. മാഞ്ചസ്റ്റർ സിറ്റി 4-1ന് ഡോർട്ട്മുണ്ടിനെ വീഴ്ത്തി. അജാക്സിനെ എതിരില്ലാത്ത മൂന്ന് ഗോളിന് ഗാലറ്റാസറെ വീഴ്ത്തി. ബെൻഫിക്കയെ ഒരു ഗോളിന് ലെവർകൂസനും വീഴ്ത്തി. നാല് മത്സരങ്ങൾ പൂർത്തിയായപ്പോൾ 12 പോയിന്റ് വീതം നേടി ബയേണും ആഴ്സനലും ഇന്റർ മിലാനുമാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്ത്.
വിജയകുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ സിറ്റി
ചാമ്പ്യൻസ് ലീഗിൽ വിജയകുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ സിറ്റി. ഒന്നിനെതിരെ നാല് ഗോളിന് ബൊറൂസിയ ഡോർട്ട്മുണ്ടിനെയാണ് മാഞ്ചസ്റ്റർ തകർത്ത് വിട്ടത്. ഫിൽ ഫോഡന്റെ ഇരട്ട ഗോൾ മികവിലാണ് സിറ്റിയുടെ ജയം. എർലിങ് ഹാലൻഡും സിറ്റിക്ക് വേണ്ടി ഗോൾ നേടി. വാൾഡർ ആന്റണിന്റെ വകയാണ് ഡോർട്ട്മുണ്ടിന്റെ ആശ്വാസഗോൾ.
ആദ്യം പത്ത് മിനിറ്റിൽ കളിക്കളത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ആധിപത്യമല്ല കണ്ടത്. പതിയെ തുടങ്ങുന്ന ശൈലിയായിരുന്നു ഇക്കുറി സിറ്റിയുടേത്. എന്നാൽ, ഫിൽ ഫോഡന്റെ കാലിൽ പന്ത് കിട്ടിയതോടെ കഥമാറി. 22ാം മിനിറ്റിൽ ടിജ്ജാനി റെയ്ജണ്ടേഴ്സിൽ നിന്നും പന്ത് സ്വീകരിച്ച് മുന്നേറിയ ഫിൽ ഫോഡൻ പിഴവുകളില്ലാതെ അത് ഫിനിഷ് ചെയ്തു. ഇതോടെ മാഞ്ചസ്റ്റർ ഒരു ഗോളിന് മുന്നിലെത്തി.
ഫോഡന്റെ ഗോൾ വന്ന് മിനിറ്റുകൾക്കകം തന്നെ സിറ്റിയുടെ രണ്ടാം ഗോളും വന്നു. ഇക്കുറി ഹാലൻഡിന്റെ വകയായിരുന്നു ഗോൾ. ബോക്സിന്റെ മധ്യഭാഗത്ത് നിന്ന് തൊടുത്ത ഷോട്ട് പിഴവുകളില്ലാതെ വലയിലെത്തി. രണ്ടാം പകുതിയിലെ ഫിൽ ഫോഡന്റെ ഗോൾ കുറച്ച് കൂടി മികച്ചതായിരുന്നു. പെനാൽറ്റി ഏരിയയിൽ നിന്നും പാസ് സ്വീകരിച്ച് മൂന്ന് ഡോർട്ട്മുണ്ട് പ്രതിരോധനിരക്കാരെ മറികടന്നായിരുന്നു ഫോഡന്റെ രണ്ടാം ഗോൾ.
72ാം മിനിറ്റിലാണ് ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ആശ്വാസഗോൾ വന്നത്. ജൂലിയൻ റെയ്സണിന്റെ ക്രോസിൽ നിന്ന് വാൾഡെമർ ആന്റനാണ് ഗോൾ നേടിയത്. എന്നാൽ, ഇതിന് ശേഷം മാഞ്ചസ്റ്റർ വലകുലുക്കാൻ ബൊറുസിയക്ക് കഴിഞ്ഞില്ല. ഒടുവിൽ ഇൻജുറി ടൈമിൽ ഒരു ഗോൾ കൂടി നേടി മാഞ്ചസ്റ്റർ പട്ടിക പൂർത്തിയാക്കി.
ഇതോടെ നാല് മത്സരങ്ങളിൽ മൂന്ന് ജയവും ഒരു സമനിലയുമായി 10 പോയിന്റോടെ പോയിന്റ് പട്ടികയിൽ നാലാമതാണ് മാഞ്ചസ്റ്റർ സിറ്റി. കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മത്സരത്തിൽ ചെൽസി സമനില വഴങ്ങി. ക്വാരബാഗ് എഫ്.കെയോടാണ് ചെൽസി സമനില വഴങ്ങിയത്.


