ചാമ്പ്യൻസ് ലീഗ് പ്ലേഓഫ്: കടന്നുകയറി ബയേൺ; മിലാന് തോൽവി
text_fieldsലണ്ടൻ: വമ്പന്മാർ അങ്കം കുറിച്ച ചാമ്പ്യൻസ് ലീഗ് പ്ലേഓഫ് ആദ്യ പാദ മത്സരങ്ങളിൽ ജയത്തോടെ ബയേൺ മ്യൂണിക്കും ബെൻഫിക്കയും. ബുണ്ടസ് ലിഗ അതികായരായ മ്യൂണിക് ടീം സ്കോട്ടിഷ് ലീഗിലെ ഒന്നാമന്മാരായ സെൽറ്റിക്കിനെ 2-1ന് വീഴ്ത്തിയപ്പോൾ ലീഗ് വൺ ടീമായ മൊണാക്കോക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബെൻഫിക്കയുടെ ജയം. എ.സി മിലാൻ പക്ഷേ, ഡച്ച് ടീമായ ഫെയനൂർദിനോട് ഒരു ഗോൾ തോൽവി വഴങ്ങി.
മിനിറ്റുകളുടെ അകലത്തിൽ മൈക്കൽ ഒലീസ്, ഹാരി കെയിൻ എന്നിവർ ബയേണിനായി ഗോൾ നേടിയപ്പോൾ മീഡയാണ് സെൽറ്റികിന്റെ ആശ്വാസ ഗോൾ കുറിച്ചത്. ആദ്യവസാനം കളി നയിച്ച ബയേൺ 45, 49 മിനിറ്റുകളിൽ ഗോളടിച്ച് ലീഡുറപ്പിച്ച ശേഷം 79ാം മിനിറ്റിലായിരുന്നു എതിരാളികളുടെ മറുപടി ഗോൾ. എതിരാളികളുടെ തട്ടകത്തിൽ ജയിച്ച ബയേണിന് മ്യൂണികിലെ അലിയൻസ് അറീനയിൽ രണ്ടാം പാദം കൂടുതൽ എളുപ്പമാകും. സ്വന്തം തട്ടകത്തിലാണ് ഫെയനൂർദ് മിലാൻ ടീമിനെ ഒറ്റ ഗോളിന് മുട്ടുകുത്തിച്ചത്. ഇഗോൾ പയക്സാവോ ആയിരുന്നു സ്കോറർ. മറ്റൊരു മത്സരത്തിൽ അറ്റ്ലാന്റക്കെതിരെ ക്ലബ് ബൂഗെ 2-1ന് വിജയിച്ചു.
ഡെർബിയിൽ കുരുങ്ങി ലിവർപൂൾ
ലണ്ടൻ: മേഴ്സിസൈഡ് ഡർബിയിൽ എവർടണോട് 2-2ന് സമനിലയിൽ കുരുങ്ങി ലിവർപൂൾ. പോയന്റ് നിലയിൽ 15ാമതുള്ള എതിരാളികൾക്കെതിരെ ജയവും മൂന്നു പോയന്റും ഉറപ്പിച്ച് ഗൂഡിസൺ പാർക്കിലെത്തിയ ചെമ്പടയാണ് അവസാന വിസിലിന് തൊട്ടുമുമ്പ് വീണ ഗോളിൽ സമനിലയുമായി മടങ്ങിയത്.
റഫറി മൈക്കൽ ഒളിവറുടെ വിവാദ തീരുമാനങ്ങളും കോച്ചുമാരടക്കം ചുവപ്പുകാർഡും പലതുകണ്ട കളിയിൽ ആദ്യം വല കുലുക്കി മുന്നിലെത്തിയത് ആതിഥേയരാണ്. 11ാം മിനിറ്റിൽ ഫ്രീകിക്ക് കാലിലെടുത്ത് ബെറ്റോയാണ് വലകുലുക്കിയത്. അഞ്ചു മിനിറ്റിനകം മുഹമ്മദ് സലാഹ് നൽകിയ മനോഹരമായ ക്രോസിൽ തലവെച്ച് മക് അലിസ്റ്റർ ലിവർപൂളിനെ ഒപ്പമെത്തിച്ചു.
സലാഹ് തന്നെ നേടിയ ഗോളിൽ 73ാം മിനിറ്റിൽ ലീഡെടുത്ത ലിവർപൂൾ വിജയം മണത്ത് ഫൈനൽ വിസിലിലേക്ക് നീങ്ങവെ തർകോവ്സ്കി എവർടണ് സമനില ഗോൾ സമ്മാനിച്ചു. ഒന്നാം സ്ഥാനത്ത് ഒമ്പതു പോയന്റ് അകലം പ്രതീക്ഷിച്ച ആർനെ സ്ലോട്ടിന്റെ കുട്ടികൾ ഇതോടെ ആഴ്സനലിനെതിരെ ലീഡ് ഏഴു പോയന്റായി. പ്രീമിയർ ലീഗ് പോയന്റ് പട്ടികയിൽ മുന്നിലുള്ള ലിവർപൂളിന് 24 കളികളിൽ 57ഉം ഗണ്ണേഴ്സിന് 50ഉം ആണ് പോയന്റ്.


