
ഹാദിയ അബ്ദുൽ ഹക്കീം ടിം കാഹിലിനിനൊപ്പം
കഫുവിനും കാഹിലിനുമൊപ്പം പന്തുതട്ടി ഹാദിയ
text_fieldsദോഹ: മുൻനിരയിൽ ഒപ്പം പന്തുതട്ടിയത് ആസ്ട്രേലിയൻ ഫുട്ബാളിലെ എക്കാലത്തെയും സൂപ്പർ താരം ടിം കാഹിൽ. എതിർ ടീമിന്‍റെ ആക്രമണം നയിച്ചത് ഫുട്ബാൾ ലോകകിരീടത്തിൽ രണ്ടു വട്ടം മുത്തമിട്ട ബ്രസീൽ ഇതിഹാസം സാക്ഷാൽ കഫു. അവർക്കൊപ്പം വലതുവിങ്ങിൽ നിന്നും പന്തുതട്ടി കുതിക്കുമ്പോൾ കോഴിക്കോട് ചേന്ദമംഗല്ലൂരിൽ നിന്നുള്ള ഹാദിയ ഹക്കീമിന് എല്ലാമൊരു സ്വപ്നം പോലെയായിരുന്നു.
ലോകകപ്പിന്‍റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ലോകമെങ്ങുമുള്ള ഫ്രീസ്റ്റൈൽ ഫുട്ബാളർമാരിൽനിന്നും തെരഞ്ഞെടുക്കപ്പെട്ടവർക്കുവേണ്ടി നടത്തിയ ഇൻഫ്ലുവൻസർ കപ്പായിരുന്നു വേദി. അർജന്‍റീന, ബ്രസീൽ, ഇറ്റലി, ഫ്രാൻസ് ഉൾപ്പെടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 27 താരങ്ങളെയാണ് സംഘാടകർ ക്ഷണിച്ചത്.
ഏഷ്യ, യൂറോപ്പ്, അമേരിക്ക, പശ്ചിമേഷ്യ-ആഫ്രിക്ക എന്നീ ടീമുകളാക്കി തിരിച്ച് നടന്ന ഇൻഫ്ലുവൻസർ കപ്പിൽ ടിം കാഹിൽ നയിച്ച ഏഷ്യൻ ടീമിലായിരുന്നു ഹാദിയ. തിങ്കളാഴ്ച ഉച്ചക്ക് ആരംഭിച്ച ടൂർണമെന്‍റിൽ കാഹിലിന്‍റെ ഏഷ്യൻ സംഘവും കഫുവിന്‍റെ അമേരിക്കൻ സംഘവും തമ്മിൽ നടന്ന മത്സരത്തിൽ പത്ത് മിനിറ്റിലേറെ ഹാദിയയും കളിച്ചു.
മിടുക്കിയെന്നായിരുന്നു ഹാദിയയെ കുറിച്ച് കാഹിലിന്‍റെ അഭിപ്രായം. മത്സരശേഷം ഹാദിയയുടെ ഫ്രീസ്റ്റൈൽ സ്കിൽ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച താരം, ആസ്പയർ അക്കാദമിയിലേക്ക് ക്ഷണിക്കാനുള്ള സന്നദ്ധതയും അറിയിച്ചു. ഖത്തറിന്‍റെ കായിക പരിശീലന കേന്ദ്രമായ ആസ്പയർ അക്കാദമിയുടെ ചീഫ് സ്പോർട്സ് ഓഫിസർ കൂടിയാണ് കാഹിൽ.
ഖത്തറിൽ പ്രവാസിയായിരുന്ന ചേന്ദമംഗല്ലൂർ സ്വദേശി അബ്ദുൽ ഹക്കീമിന്റെ മകളായ ഹാദിയ ഒമ്പതാം ക്ലാസുവരെ ദോഹ ഐഡിയൽ സ്കൂളിലാണ് പഠിച്ചത്. ചേന്ദമംഗല്ലൂർ ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ്ടു പൂർത്തിയാക്കി ഇപ്പോൾ മമ്പാട് എം.ഇ.എസ് കോളജിൽ രണ്ടാംവർഷ ബിരുദ വിദ്യാർഥിയാണ്.