കേരളത്തിൽ കളിക്കാൻ ചർച്ചകൾ തുടരുന്നു; അടുത്ത ലോകകപ്പിനു മുമ്പ് എത്തുമെന്നും അർജന്‍റീന
text_fieldsദുബൈ: കേരളത്തിൽ കളിക്കാനുള്ള മന്ത്രി തല ചർച്ചകൾ സജീവമായി നടക്കുന്നതായി അർജന്‍റീന ടീം മാർക്കറ്റിങ് ഡയറക്ടർ ലിയാൻഡ്രോ പീറ്റേഴ്സൺ. അടുത്ത ലോക കപ്പിന് മുൻപ് ടീം കേരളത്തിൽ എത്തുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു. ദുബൈയിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സുമായി സഹകരണത്തിനുള്ള ധാരണ പത്രത്തിൽ ഒപ്പ് വെക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അർജന്‍റീന ദേശീയ ടീം കോച്ച് ലയണൽ സ്കലോണിയും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ അർജന്‍റീന ആരാധകർ ഏറെ ഉണ്ടെന്നുള്ളത് അഭിമാനകരമാണ് ലിയാൻഡ്രോ പീറ്റേഴ്സൺ പറഞ്ഞു. അവരുടെ മുന്നിൽ കളിക്കുകയെന്നത് ടീമിനെ സംബന്ധിച്ച് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ഇനി വരുന്ന ലോക കപ്പ് കളിക്കാനും ലയണൽ മെസ്സി ശാരീരികമായി തയ്യാറാണ്. അദ്ദേഹം കളിക്കുമെന്ന് തന്നെയാണ് കരുതുന്നതെന്നും ലിയാൻഡ്രോ പീറ്റേഴ്സൺ പറഞ്ഞു.
അതേസമയം, അർജന്‍റീന ടീം വൈകാതെ കേരളത്തിലെത്തുമെന്ന് ലുലു ഹോൾഡിങ്സ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ അദീബ് അഹമ്മദും സ്ഥിരീകരിച്ചു. ലുലു എക്സ്ചേഞ്ചുമായി സഹകരിച്ച് ഇന്ത്യയിൽ അർജന്‍റീന ടീമിന്‍റെ മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള സാധ്യതകൾ ചർച്ച ചെയ്തു വരികയാണ്. കേരളത്തിൽ ലുലു ഹോൾഡിങ്സിന് കീഴിൽ ലുലു ഫോറക്സ്, ലുലു ഫിൻസെർവ് എന്നീ രണ്ട് ബ്രാന്‍റുകളാണ് പ്രവർത്തിക്കുന്നത്.
ഈ ബ്രാന്‍റുകളുമായി അർജന്‍റീന ടീമിനെ ഏത് രീതിയിൽ സഹകരിപ്പിക്കാമെന്നത് സംബന്ധിച്ച് പ്രാദേശിക തലത്തിലും ചർച്ചകൾ നടന്നുവരികയാണ്. ഇന്ത്യയും ജി.സി.സിയും ഉൾപ്പെടെ 10 രാജ്യങ്ങളിൽ അർജന്റീന ഫുട്ബാൾ അസോസിയേഷനുമായി സഹകരിക്കുന്നതിനാണ് ഇരുകൂട്ടരും ധാരണയിലെത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിലെ അർജന്‍റീന ടീം ആരാധകർക്കും ലുലു എക്സ്ചേഞ്ച് ഉപഭോക്താക്കൾക്കും പണമിടപാട് നടത്താൻ ഒരുപോലെ അവസരമൊരുക്കുകയെന്നതാണ് കരാറിന്‍റെ ലക്ഷ്യം.
വൈകാതെ ഫിഫ മത്സരങ്ങളുടെ ഇടപാടുകളിലേക്കും ഈ സഹകരണം വ്യാപിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷ. നിലവിൽ 10 രാജ്യങ്ങളിലായി ലുലു എക്സ്ചേഞ്ചിന് 347 ബ്രാഞ്ചുകൾ പ്രവർത്തിച്ചുവരുന്നു. ധാരണ പ്രകാരം അടുത്ത വർഷം പകുതിയോടെ ഇരുവരും ചേർന്നുള്ള പ്രമോഷനുകൾക്ക് തുടക്കമാവും. അർജന്‍റീന ടീം പങ്കെടുക്കുന്ന പ്രധാന മാച്ചുകളുടെ ടിക്കറ്റുകൾ, പ്രമുഖ താരങ്ങളുമായി കൂടിക്കാഴ്ചക്ക് അവസരം, മറ്റ് സമ്മാനങ്ങൾ എന്നിവ പ്രമോഷനിലൂടെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടുതൽ അറിയാൻ: https://www.lulufin.com/
റീജനൽ സ്പോൺസർഷിപ്പ് കരാറിലാണ് ലുലു ഗ്രൂപ്പിന്‍റെ ഭാഗമായുള്ള ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സും അർജന്‍റീന ഫുട്ബാൾ അസോസിയേഷനും തമ്മിൽ ഇന്ത്യയിലേയും മിഡിൽ ഈസ്റ്റിലേയും സ്പോൺസർഷിപ്പ് കരാറിർ ഒപ്പിട്ടത്. സ്റ്റോറുകളിലെ ആക്ടിവിറ്റികൾ, കോ ബ്രാൻഡ് കാമ്പയിൻ, ആരാധകരുടെ പരിപാടികൾ, ടീമിനെ ആരാധക പരിപാടികളുടെ ഭാഗമാക്കൽ എന്നിവയെല്ലാം കരാറിന്‍റെ ഭാഗമായി നടപ്പാക്കും.
2017 മുതലാണ് ആഗോളതലത്തിൽ പാർട്ണർഷിപ്പ് വ്യാപിപ്പിക്കാൻ അർജന്‍റീന ഫുട്ബാൾ അസോസിയേഷൻ തീരുമാനിച്ചത്. 60ഓളം കമ്പനികളുമായി അർജന്‍റീന അസോസിയേഷൻ കരാറിൽ ഒപ്പിട്ടിട്ടുണ്ട്. മിഡിൽ ഈസ്റ്റിലും ഇന്ത്യയിലും കൂടുതൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ കമ്പനികളുമായി കരാറിൽ ഒപ്പിടുന്നത്.
വൻകിട ബ്രാൻഡുകളുമായി കരാറിൽ ഒപ്പിടുന്നത് വഴി സ്വധീനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അർജന്റീന ഫുട്ബാൾ അസോസിയേഷൻ വ്യക്തമാക്കി. ഇതുപോലെ നിരവധി ബ്രാൻഡുകളുമായി അർജന്റീന ഫുട്ബാൾ അസോസിയേഷൻ കൈകോർക്കുമെന്നാണ് റിപ്പോർട്ട്.