നാലടിച്ച് ആഴ്സനൽ; തിരിച്ചടിച്ച് ചെൽസി; യുനൈറ്റഡിന് കഷ്ടകാലം
text_fieldsലണ്ടൻ: അഞ്ചു കളി ബാക്കിനിൽക്കെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടധാരണത്തിന് ഗണ്ണേഴ്സിന്റെ തോൽവി സ്വപ്നംകണ്ട ചെമ്പടയുടെ സ്വപ്നങ്ങൾ ചാരമാക്കി ഇപ്സ്വിച്ചിനെ അവരുടെ തട്ടകത്തിൽ തരിപ്പണമാക്കി ആഴ്സനൽ.
ട്രോസാർഡ് ഡബ്ളടിച്ചും മാർട്ടിനെല്ലി, എൻവാനേരി എന്നിവർ ഓരോ ഗോൾ നേടിയും എതിരില്ലാത്ത നാലു ഗോളിനായിരുന്നു ഗണ്ണേഴ്സ് വിജയം.
ഒരു ഗോളിനു പിന്നിൽപോയശേഷമാണ് ചെൽസി രണ്ടെണ്ണം തിരിച്ചടിച്ച് ഫുൾഹാമിൽനിന്ന് ജയം പിടിച്ചെടുത്തത്. മത്സരത്തിന്‍റെ 83ാം മിനിറ്റുവരെ നീലപ്പട ഒരു ഗോളിനു പിന്നിലായിരുന്നു. 20ാം മിനിറ്റിൽ അലക്സ് ഇവോബിയുടെ ഗോളിലൂടെയാണ് ഫുൾഹാം ലീഡെടുത്തത്. എന്നാൽ, 83ാം മിനിറ്റിൽ ടിറിക് ജോർജ്, ഇൻജുറി ടൈമിൽ (90+3) പെഡ്രോ നെറ്റോയും ചെൽസിക്കായി ലക്ഷ്യംകണ്ടു.
ജയത്തോടെ ചെൽസി അഞ്ചാം സ്ഥാനത്തെത്തി. അതേസമയം, ഓൾഡ് ട്രാഫോഡിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് വുൾവ്സിനു മുന്നിൽ എതിരില്ലാത്ത ഒരു ഗോളിന് തോറ്റു. പാേബ്ലാ സറാബിയയാണ് വുൾവ്സിനെ ജയിപ്പിച്ച ഗോൾ കുറിച്ചത്. കഴിഞ്ഞ ദിവസം ക്ലബ് ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചുവരവ് നടത്തിയ യുനൈറ്റഡാണ് വുൾവ്സിനു മുന്നിൽ വീണത്.
യൂറോപ്പ ലീഗിൽ ലിയോണിനെ അധിക സമയത്തിന്‍റെ അവസാന ഏഴു മിനിറ്റുകളിൽ നേടിയ മൂന്നു ഗോളിൽ വീഴ്ത്തിയാണ് യുനൈറ്റഡ് സെമിയിലെത്തിയത്.