Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസലാഹിനും പെപിനും...

സലാഹിനും പെപിനും യാത്രയയപ്പ്; കണ്ണീരണിഞ്ഞ് ആൻഫീൽഡും ഇത്തിഹാദും

text_fields
bookmark_border
സലാഹിനും പെപിനും യാത്രയയപ്പ്; കണ്ണീരണിഞ്ഞ് ആൻഫീൽഡും ഇത്തിഹാദും
cancel

ലണ്ടൻ: ഞായറാഴ്ച രാത്രി ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ കൊട്ടിക്കലാശത്തിനായി ക്ലബുകൾ കളത്തിലിറങ്ങപ്പോൾ പച്ചപ്പുൽ മൈതാനങ്ങളുടെ മധ്യത്തിൽ പന്തായിരുന്നില്ല താരം. പന്തിനു പിന്നാലെ പായുന്ന കാമറക്കണ്ണുകൾ, അതോടൊപ്പം തന്നെ, തങ്ങളുടെ കരിയറിന്റെ നല്ലൊരു പങ്കും ചെലവഴിച്ച പ്രതിഭകളുടെ ദൃശ്യങ്ങൾ പലതവണ ഒപ്പിയെടുത്തു. മാഞ്ചസ്റ്ററിലെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റി ആസ്റ്റൻ വില്ലയെ നേരിടാനിറങ്ങിയപ്പോൾ ടി.വി സ്ക്രീനിലും സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനിലും നിറഞ്ഞുനിന്നത് പ്രിയപ്പെട്ട പെപ് ഗ്വാർഡിയോളയായിരുന്നു.

ഡഗ് ഔട്ടിൽ കാലുകൾ പിണച്ചിരുന്നും, ടച്ച് ലൈനിനോട് ചേർന്ന് കൈകൾ കെട്ടി നിന്നും പെപ് സിറ്റിയിലെ അവസാന മാച്ചിലും പതിവുതെറ്റിക്കാതെ കളിക്കാർക്ക് പ്രചോദനമായപ്പോൾ കാമറ കൂടുതൽ നേരവും അദ്ദേഹത്തിന്റെ ഭാവങ്ങൾ ഒപ്പിയെടുത്തു. കമന്ററി ബോക്സിൽ, ഇതിഹാസ പരിശീലകന്റെ പത്തുവർഷം നീണ്ട സിറ്റി കോച്ചിങ് കരിയറിലെ നേട്ടങ്ങൾ പലവുരു ആവർത്തിച്ചു. പ്രീമിയർ ലീഗിലെ അവസാന മത്സരങ്ങൾ സിറ്റിക്കെന്ന പോലെ പല ക്ലബുകൾക്കും ഫെയർവെൽ മാച്ചായി മാറി. സിറ്റിയുടെ ചാമ്പ്യൻ കോച്ച് പെപ് ഗ്വാർഡിയോളയുടെ വിടവാങ്ങൽ പോരാട്ടത്തിനൊപ്പം, പ്രിയ താരങ്ങളായ ബെർണാഡോ സിൽവക്കും, പ്രതിരോധത്തിലെ കരുത്തനായ ജോൺ സ്റ്റോൺസിനും വിടവാങ്ങൽ തന്നെയായിരുന്നു. ഇരുവരും കോച്ചിന്റെ െപ്ലയിങ് ഇലവനിൽ ഇടം നേടി. 31 കാരനായ പ്രതിരോധ താരം ജോൺ സ്റ്റോൺസും 10 വർഷം നീണ്ടുനിന്ന കരിയറിനൊടുവിലാണ് സിറ്റി വിടുന്നത്. 78ാം മിനിറ്റിൽ കളം വിട്ട സ്റ്റോൺസ് ഗാലറിയോടും സഹതാരങ്ങളോടും നന്ദി പറഞ്ഞ് നടന്നുകയറിയപ്പോൾ, കണ്ണീരടക്കാൻ പാടുപെട്ടു. ക്യാപ്റ്റൻ ബെർണാഡോ സിൽവ ഒമ്പതുവർഷം നീണ്ട സിറ്റി കരിയറിനൊടുവിലാണ് മാഞ്ചസ്റ്റർ വിടുന്നത്.

കളിയുടെ 59ാം മിനിറ്റിൽ താരം കളംവിടുമ്പോഴും ആദരവോടെ ഗാലറി യാത്രയയച്ചു. മത്സര ശേഷം, ഇത്തിഹാദ് സ്റ്റേഡിയത്തിൽ കോച്ചിനും താരങ്ങൾക്കും വൻ യാത്രയയപ്പാണ് ക്ലബ് അധികൃതർ ഒരുക്കിയത്. ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിലായിരുന്നു മറ്റൊരു വൈകാരിക മുഹൂർത്തങ്ങൾ. ചെമ്പടയെ നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് ഗോളടിച്ചുകയറ്റിയ ഇതിഹാസതാരം മുഹമ്മദ് സലാഹിന്റെ കണ്ണീർ വീണ് ആൻഫീൽഡിലെ മൈതാനം നനഞ്ഞു. ബ്രെന്റ്ഫോഡിനെതിരെ 1-1ന് സമനില പാലിച്ച മത്സരത്തിൽ 74 മിനിറ്റ് സലാഹ് പന്തുതട്ടി.

മത്സര ശേഷം, കുടുംബത്തിനൊപ്പം കളത്തിലിറങ്ങിയ സലാഹിനെ വികാരനിർഭരമായ സ്നേഹംകൊണ്ട് ഗാലറിയും സഹതാരങ്ങളും വാരിപ്പുണർന്നു. ഒമ്പതു വർഷംകൊണ്ട് രണ്ട് ലീഗ് കിരീടം ഉൾപ്പെടെ ലിവർപൂളിന് നേട്ടങ്ങൾ സമ്മാനിച്ച താരത്തിന് സമാനതകളില്ലാത്ത യാത്രയയപ്പാണ് ക്ലബും ആരാധകരും സമ്മാനിച്ചത്. ലെഫ്റ്റ് ബാക്ക് ആൻഡി റോബർട്സണും ലിവർപൂളിലെ അവസാന മത്സരം കളിച്ച് ഞായറാഴ്ച രാത്രി പടിയിറങ്ങി.

Show Full Article
TAGS:pep guardiola Mohamed Salah 
News Summary - Farewell to Salah and Pepe; Anfield and Etihad in tears
Next Story