ക്ലബ് തോറ്റമ്പി; സ്റ്റേഡിയത്തിന് തീയിട്ട് ആരാധകർ
text_fieldsഹെൽസിങ്കി: ലീഗ് സീസണിൽ നിന്നും ക്ലബ് തരംതാഴ്ത്തപ്പെട്ടതിന്റെ അരിശത്തിൽ സ്റ്റേഡിയത്തിന് തീയിട്ട് ആരാധകർ. ഫിൻലാൻഡിലെ 90വർഷത്തോളം പഴക്കമുള്ള എഫ്.സി ഹാക ക്ലബിന്റെ ആരാധകരാണ് ഇഷ്ട ടീമിനോട് കടുംകൈ ചെയ്തത്. ഫിൻലൻഡ് പ്രീമിയർ ഡിവിഷനിൽ മോശം ഫോമിലായ എഫ്.സി ഹാക രണ്ടാം നിര ലീഗിലേക്ക് തരംതാഴ്ത്തപ്പെട്ടതോടെയാണ് ആരാധകർ സ്റ്റേഡിയത്തിന് തീയിട്ടത്.
നൂറ്റാണ്ടിനടുത്ത് പഴക്കമുള്ള ക്ലബിന്റെ തെഹതാൻ കെൻറ്റ സ്റ്റേഡിയത്തിലെ ഒരു സ്റ്റാൻഡ് അഗ്നിക്കിരയായി. കൗമാരക്കാരായ ആരാധകർ കഴിഞ്ഞ ദിവസം രാത്രിയിലാണ് തീവെച്ചത്.
1934ൽ ആരംഭിച്ച ക്ലബ് ഫിൻലൻഡ് ഫുട്ബാൾ ചരിത്രത്തിലും വലിയ പങ്ക് വഹിക്കുന്ന ഒന്നാണ്. ഒക്ടോബറിൽ സമാപിച്ച ലീഗ് സീസണിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. 12 ടീമുകൾ മത്സരിക്കുന്ന ലീഗിൽ നിന്നും അവസാന 11ാം സ്ഥാനക്കാരായാണ് ടീം തരംതാഴ്ത്തൽ വക്കിലായത്. ആറ് ടീമുകൾ ഉൾപ്പെടുന്ന തരംതാഴ്ത്തൽ റൗണ്ടിലും നിരാശപ്പെടുത്തിയതോടെ അവസാന സ്ഥാനക്കാരായി രണ്ടാം ഡിവിഷനിലേക്ക് പിന്തള്ളപ്പെട്ടു.
ഇതിനുള്ള പ്രതിഷേധമായിരുന്നു സ്റ്റേഡിയം തീവെപ്പിലെത്തിയത്. മരത്തിൽ തീർത്ത ഇരിപ്പിടങ്ങളടങ്ങിയ സ്റ്റേഡിയത്തിന്റെ ഒരു ഭാഗം അക്രമികൾ അഗ്നിക്കിരയാക്കി. സ്റ്റേഡിയത്തിലെ ക്രൃത്രിമ ടർഫുകളും പരസ്യ ബോർഡുകളും കത്തിനശിച്ചു. ക്ലബ് ആരാധകരായ മൂന്ന് വിദ്യാർഥികൾ ചേർന്നാണ് തീവെപ്പ് നടത്തിയതെന്നാണ് പൊലീസ് നിഗമനം. ഇവരിൽ ഒരാൾക്ക് പൊള്ളലേറ്റിട്ടുണ്ട്. 3500 ഇരിപ്പിട ശേഷിയുള്ള സ്റ്റേഡിയത്തിലെ ഒരു വശത്തെ 400സീറ്റുകളാണ് കത്തിയത്. ഗാലറിയിലെ ഇരിപ്പിടങ്ങളും മേൽകൂരയും നശിച്ചു. മേൽക്കൂരയുടെ ബീമുകൾ മാത്രമാണ് ബാക്കിയുള്ളത്.
തങ്ങളുടെ ആരാധകരിൽ നിന്നും ഇത്തരത്തിലൊരു സമീപനം പ്രതീക്ഷിക്കുന്നില്ലെന്നും, കഴിഞ്ഞ കാലങ്ങളിലെല്ലാം വിജയത്തിലും തിരിച്ചടിയിലും മികച്ച പിന്തുണയാണ് ആരാധകർ നൽകിയതെന്നും ക്ലബ് അധികൃതർ പ്രതികരിച്ചു.
1934ൽ ആരംഭിച്ച ക്ലബ് യൂറോപ്പിലെ ആദ്യ കാല ഫുട്ബാൾ ടീമുകളിലൊന്നാണ്. ഒമ്പത് വർഷമായി ലീഗ് ജേതാക്കളായിരുന്നു ടീം 2004ലാണ് അവസാനമായി കിരീടമണിഞ്ഞത്. നേരത്തെ യുവേഫ ചാമ്പ്യൻസ് ലീഗിലും യുവേഫ കപ്പിലും മത്സരിച്ചിരുന്നു.


