ഹാട്രിക്കുമായി ടോറസ് കയറിയിറങ്ങി; റയൽ ബെറ്റിസിനെ തരിപ്പണമാക്കി ബാഴ്സലോണ
text_fieldsഹാട്രിക് നേടിയ ഫെറാൻ ടോറസ്
മഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ചെൽസിക്കെതിരെ തകർന്നടിഞ്ഞതിനു പിന്നാലെ സ്പാനിഷ് ലാ ലിഗയിൽ വിജയക്കുതിപ്പുമായി ബാഴ്സലോണ. തുടർച്ചയായി മൂന്നാം ജയവുമായി ലീഗ് പട്ടികയിൽ 40 പോയന്റുമായി ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. കഴിഞ്ഞ രാത്രിയിൽ നടന്ന മത്സരത്തിൽ റയൽ ബെറ്റിസിനെ 5-3നായിരുന്നു കാറ്റലോണിയൻ പട മലർത്തിയടിച്ചത്. 11 മിനിറ്റിൽ ഗോളടി തുടങ്ങി ഫെറാൻ ടോറസ് 13, 40 മിനിറ്റുകളിലായി ഹാട്രിക് തികച്ചപ്പോൾ, റൂണി ബർദഗിയും ലമിൻ യമാലും ഓരോ ഗോൾ നേടി പട്ടിക തികച്ചു.
കളിയുടെ ആറാം മിനിറ്റിൽ ആന്റണിയിലൂടെ ബെറ്റിസാണ് ബാഴ്സയെ ഞെട്ടിച്ച് തുടങ്ങിയതെങ്കിലും പിന്നീട് കളി ടോറസിന്റെയും യമാലിന്റെയും ബൂട്ടുകളിലായി. 5-1ന് ബാഴ്സ വിജയമുറപ്പിച്ച ശേഷം അവസാന അഞ്ചുമിനിറ്റിനിടെയായിരുന്നു റയൽ ബെറ്റിസിന്റെ അവസാന രണ്ട് ഗോളുകൾ പിറന്നത്. ഡീഗോ ലോറന്റെ (85), കുചോ ഹെർണാണ്ടസ് (90) എന്നിവർ ബെറ്റിസിനായി സ്കോർ ചെയ്തു.
ചാമ്പ്യൻസ് ലീഗിലെ മത്സര ഫലത്തിന്റെ തിരിച്ചടിയിൽ നിന്നും മികവിലേക്കുയർന്ന ടീമിന്റെ പ്രകടനമാണ് ലാ ലിഗയിൽ തുടരുന്നതെന്നായിരുന്നു കോച്ച് ഹാൻസി ഫ്ലികിന്റെ പ്രതികരണം. ടോറസും യമാലും ഒപ്പം പെഡ്രിയും റാഷ്ഫോഡും ചേർന്ന് നയിച്ച മുന്നേറ്റം ഒന്നാം പകുതിയിൽ കളി പൂർണമായും തങ്ങളുടേതാക്കി.
നിലവിൽ 16കളിയിൽ 40 പോയന്റാണ് ബാഴ്സലോണക്ക്. ഒരു കളി കുറവുള്ള റയൽ മഡ്രിഡിന് 36 പോയന്റാണുള്ളത്.


