ഇംഗ്ലണ്ടിന്റെ സ്വന്തം ലോകകപ്പ്
text_fieldsലോകകപ്പ് കിരീടം ചൂടിയ ഇംഗ്ലണ്ട് ടീം
എല്ലാ അർഥത്തിലും ഇംഗ്ലണ്ടിന്റെ സ്വന്തം ലോകകപ്പ് ആയിരുന്നു 1966ലേത്. ഫുട്ബാളിന്റെ ഈറ്റില്ലം എന്ന വിളിപ്പേരുള്ള ഇംഗ്ലണ്ട് ആദ്യമായി ആതിഥ്യം വഹിച്ച ലോകകപ്പ്. അതോടൊപ്പം ഇംഗ്ലണ്ട് ആദ്യമായി കിരീടം നേടിയ ലോകകപ്പും ഇതുതന്നെ. നാളിതുവരെ ഇംഗ്ലണ്ടിന് മറ്റൊരു ലോകകപ്പ് നേടാനായിട്ടില്ല എന്ന യാഥാർഥ്യം നിലനിൽക്കുന്നതിനാൽ 1966ലെ ലോകകപ്പ് ഇംഗ്ലണ്ട് ആരാധകർക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്. യുൾറിമേ ട്രോഫിയുമായി ഇംഗ്ലണ്ട് നായകൻ ബോബി മൂർ വെംബ്ലി മൈതാനത്ത് സഹതാരങ്ങളുടെ ചുമലിലേറി നിൽക്കുന്ന ചിത്രം ആരാധകമനസ്സിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നതാണ്.
ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ട് ടീമിന് എലിസബത്ത് രാജ്ഞി യുൾറിമേ ട്രോഫി സമ്മാനിക്കുന്നു
ബ്രസീലിന്റെ തകർച്ച, പെലെയുടെയും
തൊട്ടുമുമ്പത്തെ രണ്ടു ലോകകപ്പുകളിലും വിജയക്കൊടി നാട്ടി ഹാട്രിക് കിരീടം മോഹിച്ചെത്തിയ ബ്രസീലിന്റെ തകർച്ചയായിരുന്നു ഈ ലോകകപ്പിൽ കണ്ടത്. അടുത്ത ലോകകപ്പിൽ മൂന്നാം കിരീടവുമായി മഞ്ഞപ്പട ഉയിർത്തെഴുന്നേറ്റെങ്കിലും 1966ലെ ലോകകപ്പ് ബ്രസീൽ ആരാധകർ എന്തുകൊണ്ടും മറക്കാൻ ആഗ്രഹിക്കുന്നതായിരുന്നു. നിലവിലെ ചാമ്പ്യന്മാരായെത്തി ഗ്രൂപ് റൗണ്ടിൽതന്നെ പുറത്താവാനായിരുന്നു ബ്രസീലിന്റെ യോഗം. ഹംഗറിയോടും പോർചുഗലിനോടും 3-1 എന്ന സ്കോറിൽ തകർന്നടിഞ്ഞു ബ്രസീൽ. ബ്രസീലിനൊപ്പം ഹാട്രിക് മോഹിച്ചെത്തിയ ഇതിഹാസതാരം പെലെക്കും ദുരന്ത ലോകകപ്പായിരുന്നു ഇത്.
ആദ്യമത്സരത്തിൽ ബൾഗേറിയക്കെതിരെ ഗോൾ നേടി തുടർച്ചയായ മൂന്നു ലോകകപ്പുകളിൽ സ്കോർ ചെയ്യുന്ന ആദ്യ താരമായി മാറിയെങ്കിലും പിന്നീടങ്ങോട്ട് ദുരന്തങ്ങളുടെ തുടർച്ചയായിരുന്നു പെലെക്ക്. കടുത്ത ഫൗളുകൾക്ക് ഇരയായ താരത്തിന് ഹംഗറിക്കെതിരായ അടുത്ത മത്സരത്തിൽ ഇറങ്ങാനായില്ല. ആ കളി തോറ്റതോടെ ബ്രസീലിന് പോർചുഗലിനെതിരായ ഗ്രൂപ്പിലെ അവസാന മത്സരം നിർണായകമായിരുന്നു. പൂർണ ഫിറ്റ് അല്ലാതിരുന്നിട്ടും കളിക്കാൻ നിർബന്ധിതനായ പെലെ പോർചുഗൽ താരങ്ങളുടെ കടുത്ത ഫൗളുകൾക്കിരയായി. പോർചുഗീസ് ഡിഫൻഡറുടെ ഫൗളിൽ വീണ പെലെക്ക് വീണ്ടും പരിക്കേറ്റെങ്കിലും പകരക്കാരെ അനുവദിക്കാത്തതിനാൽ കളത്തിൽ തുടരേണ്ടിവന്നു. മത്സരം തോറ്റ ബ്രസീലും കണ്ണീരോടെ ഇംഗ്ലണ്ടിൽനിന്നു മടങ്ങി.
ഫൈനലിൽ പശ്ചിമ ജർമനിക്കെതിരെ ഇംഗ്ലണ്ടിന്‍റെ വിജയശിൽപിയായ ജഫ് ഹേസ്റ്റ്
ഇംഗ്ലണ്ടിന്റെ ഉയർച്ച, ഹേസ്റ്റിന്റെയും
ഇംഗ്ലണ്ട് ചാമ്പ്യന്മാരായപ്പോൾ ആതിഥേയ രാജ്യം ജേതാക്കളാവുന്ന മൂന്നാം ലോകകപ്പായി ഇത്. നേരത്തേ പ്രഥമ ലോകകപ്പിൽ 1930ൽ ഉറുഗ്വായും 1934ൽ ഇറ്റലിയുമായിരുന്നു ലോകകപ്പ് നേടിയ ആതിഥേയ രാജ്യങ്ങൾ. അധിക സമയത്തേക്കു നീണ്ട ഫൈനലിൽ പശ്ചിമ ജർമനിയെ 4-2ന് തോൽപിച്ചാണ് ഇംഗ്ലണ്ട് കപ്പുയർത്തിയത്. പോർചുഗലായിരുന്നു മൂന്നാം സ്ഥാനക്കാർ. സോവിയറ്റ് യൂനിയൻ നാലാം സ്ഥാനം നേടി. ഒമ്പതു ഗോളുമായി ലോകകപ്പിന്റെ താരമായി മാറിയ പോർചുഗലിന്റെ യൂസേബിയോ ആയിരുന്നു ടോപ് സ്കോർ. ജർമനിയുടെ ഫ്രൻസ് ബക്കൻ ബോവർ മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി.
16 ടീമുകൾ പങ്കെടുത്ത ലോകകപ്പിൽ 32 മത്സരങ്ങളാണ് അരങ്ങേറിയത് 2.78 ശരാശരിയിൽ 89 ഗോളുകൾ പിറന്നു. ഗോളിൽ ഗോർഡൻ ബാങ്ക്സ്, ഡിഫൻസിൽ നായകൻ ബോബി മൂർ, മിഡ്ഫീൽഡിൽ ബോബി ചാൾട്ടൺ, അറ്റാക്കിൽ ജഫ് ഹേസ്റ്റ്... ശരിക്കും സന്തുലിതമായിരുന്നു സ്വന്തം നാട്ടിലെ ലോകകപ്പിൽ ഇംഗ്ലണ്ട് ടീം. ഉറുഗ്വായോട് ഗോൾരഹിത സമനിലയുമായി തുടങ്ങിയ ഇംഗ്ലണ്ട് മെക്സികോയെയും ഫ്രാൻസിനെയും 2-0ത്തിന് തോൽപിച്ചാണ് ഗ്രൂപ് ജേതാക്കളായത്. ക്വാർട്ടർ ഫൈനലിൽ അർജൻറീനയെ 1-0ത്തിനും സെമിയിൽ പോർചുഗലിനെ 2-1നും തോൽപിച്ച് ഫൈനലിൽ എത്തിയ ഇംഗ്ലണ്ട് പൊരിഞ്ഞ പോരിനൊടുവിലാണ് ജർമനിയെ 4-2ന് വീഴ്ത്തി ആദ്യമായി ഫുട്ബാൾ ലോകത്തിന്റെ നെറുകയിലേറിയത്.
ഇംഗ്ലണ്ട് ടീമിന്‍റെ വിജയാഘോഷം
ഹാട്രിക് നേടിയ ജഫ് ഹേസ്റ്റ് ആയിരുന്നു ഫൈനലിൽ ഇംഗ്ലണ്ടിന്റെ ഹീറോ. അതുവരെ ടൂർണമെന്റിൽ ഒരു തവണ മാത്രം സ്കോർ ചെയ്തിരുന്ന ഹേസ്റ്റ് ഫൈനലിൽ മൂന്നു വട്ടം എതിർവലയിലേക്ക് നിറയൊഴിച്ചാണ് താരമായത്. നിശ്ചിത സമയത്ത് 2-2ന് സമനിലയിലായ മത്സരത്തിൽ അധികസമയത്ത് ഹേസ്റ്റ് നേടിയ രണ്ടു ഗോളുകളാണ് ഇംഗ്ലണ്ടിന് ലോക കിരീടം സമ്മാനിച്ചത്. അതിൽ ആദ്യ ഗോൾ ഏറെ വിവാദമാവുകയും ചെയ്തു. ഹേസ്റ്റിന്റെ ഷോട്ട് ക്രോസ് ബാറിൽ ഇടിച്ച് താഴേക്കു പതിച്ചപ്പോൾ ഗോൾവര കടന്നു എന്നായിരുന്നു റഫറിയുടെ വിധി. ഗോൾ അല്ലെന്ന് ജർമൻ കളിക്കാർ വാദിച്ചെങ്കിലും റഫറി വഴങ്ങിയില്ല. വിഡിയോ സംവിധാനം ഒന്നും ഇല്ലാതിരുന്ന അക്കാലത്ത് ജർമൻ കളിക്കാരുടെ വാദം തെളിയിക്കാൻ അവസരവും ഉണ്ടായിരുന്നില്ല. ഇന്നും തർക്കം തുടരുന്ന ആ ഗോളിൽ ലീഡ് എടുത്ത ഇംഗ്ലണ്ടിന് ഹാട്രിക് ഗോളുമായി ഹേസ്റ്റ് 4-2 വിജയം നൽകിയതോടെ കിരീടം ബോബി മൂറിന്റെയും സംഘത്തിന്റെയും കൈകളിലെത്തി.
പോർചുഗലിന്റെ വളർച്ച, യുസേബിയോയുടെയും
രണ്ട് അരങ്ങേറ്റ ടീമുകളുടെ മികച്ച പ്രകടനത്തിനും ഇംഗ്ലണ്ട് ലോകകപ്പ് സാക്ഷിയായി. ആദ്യമായി എത്തിയ ഉത്തര കൊറിയ കരുത്തരായ ഇറ്റലിയെ 1-0ത്തിന് അട്ടിമറിച്ച് ക്വാർട്ടറിലെത്തി. അവിടെ അവരെ കാത്തിരുന്നത് മറ്റൊരു അരങ്ങേറ്റക്കാരായ പോർചുഗൽ ആയിരുന്നു. പോർചുഗലിനെതിരെ 3-0ത്തിന് മുന്നിലെത്തിയ ഉത്തര കൊറിയ മറ്റൊരു അട്ടിമറി നടത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും യുസേബിയോയുടെ കരുത്തിൽ തിരിച്ചടിച്ച പറങ്കിപ്പട 5-3 വിജയവുമായി മുന്നേറി. ഒടുവിൽ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനു മുന്നിൽ സെമിയിൽ 2-1ന് കീഴടങ്ങിയാണ് പോർചുഗൽ പോരാട്ടം അവസാനിപ്പിച്ചത്. പോർചുഗലിനൊപ്പം യുസേബിയോ എന്ന കരിമ്പുലിയുടെകൂടി ലോകകപ്പായിരുന്നു ഇത്. അതുവരെ ലോക ഫുട്ബാളിൽ ഒന്നുമല്ലാതിരുന്ന പോർചുഗലിനെ ലോകം അറിയുന്ന സംഘമാക്കിയത് യുസേബിയോ ഒറ്റക്കായിരുന്നു.