കോച്ച് സ്കലോണിയെ ഗ്ലൗസ് അണിയിച്ച് കപ്പെടുപ്പിച്ചു; പരസ്യ ക്ഷമാപണവും തിരുത്തുമായി ഇൻഫന്റിനോ; കാരണമായത് ഫിഫ നിയമം
text_fieldsലയണൽ സ്കലോണി ഗ്ലൗസ് അണിഞ്ഞുകൊണ്ട് ലോകകപ്പ് ട്രോഫി എടുക്കുന്നു (ഇടത്), ഫിഫ ക്ഷമാപണം നടത്തിയതിനു പിന്നാലെ സ്കലോണി
വാഷിങ്ടൺ: അർജന്റീനയുടെ ലോകചാമ്പ്യൻ പരിശീലകൻ ലയണൽ സ്കലോണിയോട് പരസ്യ ക്ഷമാപണം നടത്തി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ. കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് നറുക്കെടുപ്പ് വേദിയിലേക്ക് ട്രോഫിയുമായെത്തിയ സ്കലോണിയെ ഗ്ലൗസ് അണിയിച്ചതിനായിരുന്നു ഫിഫ പ്രസിഡന്റിന്റെ പരസ്യ ക്ഷമാപണം.
ലോകകപ്പ് ചാമ്പ്യൻ ടീമിന്റെ കോച്ചെന്ന് മനസ്സിലാക്കാതെ സംഘാടകർക്ക് സംഭവിച്ച പിഴവ് കാരണമായിരുന്നു നറുക്കെടുപ്പ് വേദിയിൽ സ്കലോണിയെ ഗ്ലൗസ് ധരിച്ചത്. കൈകളിൽ വെള്ള ഗ്ലൗസ് അണിഞ്ഞ് ചാമ്പ്യൻ ട്രോഫിയുമായി സ്റ്റേജിലെത്തിയപ്പോൾ മാത്രമാണ് ലോകം ആ കാഴ്ച കണ്ടത്. പിന്നാലെ, അതേ വേദിയിൽ തന്നെ ഫിഫ പ്രസിഡന്റ് ക്ഷമാപണം നടത്തുകയും, സ്കലോണിയെ വേദിയിലേക്ക് വിളിച്ച് ഗ്ലൗസ് ഇല്ലാതെ ലോകകപ്പ് ട്രോഫി കൈയിലേന്തിക്കുകയും ചെയ്തു.
ഫിഫക്കു വേണ്ടി സ്കലോണിയോട് ക്ഷമാപണം നടത്തുന്നുവെന്നായിരുന്നു ഇൻഫന്റിനോയുടെ വാക്കുകൾ. തീർച്ചയായും ലോകചാമ്പ്യൻമാർക്ക് ട്രോഫിയിൽ തൊടാവുന്നതാണ് -അദ്ദേഹം പറഞ്ഞു.
ലോകകപ്പ് ട്രോഫിയിൽ ആർക്കെല്ലാം സ്പർശിക്കാം എന്ന ഫിഫയുടെ പ്രോട്ടോകോളാണ് വേദിയിൽ ആശങ്ക സൃഷ്ടിച്ചത്. ലോകകപ്പ് ചാമ്പ്യൻ ടീം അംഗങ്ങൾക്കും കോച്ചിനും, മുൻ ചാമ്പ്യന്മാർക്കും മാത്രമാണ് ലോകകപ്പ് ട്രോഫിയിൽ സ്പർശിക്കാൻ അവകാശമുള്ളത്. ഇവർക്കു പുറമെ, ഫിഫ പ്രസിഡന്റിനും, രാഷ്ട്രത്തലവന്മാർക്കും ലോകകപ്പ് ട്രോഫിയിൽ തൊടാം എന്നാണ് നിയമം. ഈ നിയമം പിന്തുടർന്ന സംഘാടകർ, പക്ഷേ, ലോകകപ്പ് ചാമ്പ്യൻ ടീമിന്റെ പരിശീലകനെ തിരിച്ചറിഞ്ഞില്ലെന്നതാണ് കൗതുകം.
2022 ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടമണിഞ്ഞ ശേഷം നടന്ന വിജയാഘോഷത്തിനിടെ തുർക്കിഷ് സെലിബ്രിറ്റി ഷെഫ് സാൾട്ട് ബേ മൈതാനത്തെത്തി അർജന്റീന ടീം അംഗങ്ങൾക്കൊപ്പം ട്രോഫി കൈയിലേന്തിയത് വിവാദമായിരുന്നു.


