ഫിഫ ബെസ്റ്റ്: ഡെംബലെ, യമാൽ നേർക്കുനേർ; ചുരുക്കപട്ടികയിൽ പി.എസ്.ജി, ബാഴ്സ ആധിപത്യം
text_fieldsഫിഫ ദി ബെസ്റ്റ് ഫൈനൽ റൗണ്ടിൽ ഇടം നേടിയ പുരുഷ താരങ്ങൾ
സൂറിച്: ബാലൻ ഡി ഓർ പുരസ്കാര പ്രഖ്യാപനത്തിനു പിന്നാലെ ലോകഫുട്ബാളിലെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ബെസ്റ്റ് ചുരുക്കപ്പട്ടികയിലും ലോകതാരങ്ങളുടെ പോരാട്ടം.
ബാലൻഡി ഓറിന്റെ ആവർത്തനമായി യൂറോപ്പിലെ വമ്പൻ ക്ലബുകളുടെ താരങ്ങൾ ഫിഫ ബെസ്റ്റ് അവസാന പട്ടികയിലും ഇടം പിടിച്ചു. പി.എസ്.ജിയെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ച ഒസ്മാനെ ഡെംബലെ തന്നെ 11 അംഗ പുരുഷ പട്ടികയിലെ ഫേവറിറ്റ്. ഡെംബലെക്ക് ശക്തമായ വെല്ലുവിളിയുമായി ബാഴ്സലോണയുടെ യുവതാരം ലമിൻ യമാൽ, റയൽ മഡ്രിഡിന്റെ കിലിയൻ എംബാപ്പെ എന്നിവരുമുണ്ട്.
ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പി.എസ്.ജിയുടെയും സ്പാനിഷ് കരുത്തരായ ബാഴ്സലോണയുടെയും താരങ്ങൾ സമഗ്രാധിപത്യം സ്ഥാപിച്ച ചുരുക്കപ്പട്ടികയിൽ റയൽ മഡ്രിഡിന്റെ സാന്നിധ്യമായി എംബാപ്പെ മാത്രമാണുള്ളത്. പി.എസ്.ജിയിൽ നിന്നും ഒസ്മാനെ ഡെംബലെ, അഷ്റഫ് ഹകിമി, നുനോ മെൻഡസ്, വിടീന്യ.
ബാഴ്സലോണയിൽ നിന്നും ലമിൻ യമാൽ, റഫീന്യ, പെഡ്രി എന്നിവരും ഇടം പിടിച്ചു.
ഫിഫ ബെസ്റ്റ് വനിതാ പുരസ്കാരത്തിനുള്ള ചുരുക്കപട്ടികയിൽ 17പേർ ഇടം നേടി.
കഴിഞ്ഞ സീസണിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ വിദഗ്ധ സമിതിയാണ് മികച്ച പുരുഷ-വനിതാ താരങ്ങൾ, കോച്ചുമാർ, ഗോൾകീപ്പർ എന്നിവരുടെ ചുരുക്കപട്ടിക തയ്യാറാക്കിയത്.
അന്തിമ പട്ടികയിൽ നിന്നും മികച്ച താരങ്ങൾക്കായി വോട്ടു ചെയ്യാനുള്ള അവസരമാണ് ഇനി. 211 ഫിഫ അംഗരാജ്യങ്ങളുടെ ദേശീയ ടീം ക്യാപ്റ്റൻ, കോച്ച് എന്നിവർക്ക് മികച്ച മൂന്നു താരങ്ങൾക്ക് വോട്ട് ചെയ്യാം. ദേശീയ ടീമുകളെ പ്രതിനിധീകരിച്ചുകൊണ്ട് ഫിഫ അംഗീകാരമുള്ള മാധ്യമ പ്രവർത്തകർ, രജിസ്റ്റർ ചെയ്ത തെരഞ്ഞെടുക്കപ്പെട്ട ആരാധകർ എന്നിവർക്കും ഫിഫ ഡോട്കോം വഴി വോട്ടിങ്ങിൽ പങ്കെടുക്കാം.
നവംബർ 28 വരെ വോട്ട് ചെയ്യാം. പുരസ്കാര ദാന തീയതി ഫിഫ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
മികച്ച ഗോൾകീപ്പർമാരുടെ പട്ടികയിൽ അർജന്റീനയുടെ എമിലിയാനോ മാർടിനസ്, ബെൽജിയത്തിന്റെ റയൽ മഡ്രിഡ് ഗോളി തിബോ കർടുവ, അലിസൺ ബെക്കർ എന്നിവരും ഇടം നേടി.
പുരുഷ താരങ്ങൾ
1 ഒസ്മാനെ ഡെംബലെ (ഫ്രാൻസ്, പി.എസ്.ജി)
2 അഷ്റഫ് ഹകിമി (മൊറോകോ, പി.എസ്.ജി)
3 ഹാരി കെയ്ൻ (ഇംഗ്ലണ്ട്, ബയേൺ മ്യൂണിക്)
4 കിലിയൻ എംബാപ്പെ (ഫ്രാൻസ്, റയൽ മഡ്രിഡ്)
5 നുനോ മെൻഡിസ് (പോർചുഗൽ, പി.എസ്.ജി)
6 കോൾ പാമർ (ഇംഗ്ലണ്ട്, ചെൽസി)
7 പെഡ്രി (സ്പെയിൻ, ബാഴ്സലോണ)
8 റഫീന്യ (ബ്രസീൽ, ബാഴ്സലോണ)
9 മുഹമ്മദ് സലാഹ് (ഈജിപ്ത്, ലിവർപൂൾ)
10 വിടീന്യ (പോർചുഗൽ, പി.എസ്.ജി)
11 ലമിൻ യമാൽ (സ്പെയിൻ, ബാഴ്സലോണ).
മികച്ച കോച്ചുമാർ (പുരുഷ ടീം)
1 ഹാവിയർ അഗ്വെയ്ർ (മെക്സികോ)
2 മൈകൽ ആർടെറ്റ (ആഴ്സനൽ)
3 ലൂയി എന്റിക്വെ (പി.എസ്.ജി)
4 ഹാൻസി ഫ്ലിക് (ബാഴ്സലോണ)
5 എൻസോ മരെസ്ക (ചെൽസി)
6 റോബർടോ മാർടിനസ് (പോർചുഗൽ)
7 ആർനെ സ്ലോട് (ലിവർപൂൾ)
പുരുഷ ഗോൾകീപ്പർ നോമിനി
1 അലിസൺ ബെക്കർ (ബ്രസീൽ, ലിവർപൂൾ)
2 തിബോ കർടുവ (ബെൽജിയം, റയൽ മഡ്രിഡ്)
3 ജിയാൻലൂയിജി ഡോണറുമ്മ (ഇറ്റലി, പി.എസ്.ജി)
4 മാനുവൽ നോയർ (ജർമനി, ബയേൺ മ്യുണിക്)
5 എമിലിയാനോ മാർടിനസ് (അർജന്റീന, ആസ്റ്റൻ വില്ല)
6 ഡേവിഡ് റായ (സ്പെയിൻ, ആഴ്സനൽ)
7 യാൻ സോമർ (സ്വിറ്റ്സർലൻഡ്, ഇന്റർമിലാൻ)
8 വോസിഷ് സെഷസ്നി (പോളണ്ട്, ബാഴ്സലോണ)


