Begin typing your search above and press return to search.
exit_to_app
exit_to_app
അവതരിച്ച് അൽമാഡ, കുതികുതിച്ച് അർജന്റീന
cancel

മോണ്ടിവിഡിയോ: ഇരുടീമും പകുത്തെടുത്ത രണ്ടു പകുതികൾ. അതിലൊന്നിൽ വിധിയെഴുതിയ തിയാഗോ അൽമാഡയുടെ കണ്ണഞ്ചും ഗോൾ. ലയണൽ മെസ്സിയെന്ന അതികായനില്ലാതെ മൈതാനത്തിറങ്ങിയ അർജന്റീനക്ക് അൽമാഡ പുതിയ ഹീറോയായി. ലോകകപ്പ് ഫുട്ബാൾ യോഗ്യതാ റൗണ്ടിൽ കരുത്തരായ ഉറുഗ്വെയെ അവരുടെ തട്ടകത്തിൽ ലോകജേതാക്കൾ അടിയറവു പറയിച്ചത് അൽമാഡ 68-ാം മിനിറ്റിൽ നേടിയ മനോഹര ഗോളിൽ. ഒന്നാം സ്ഥാനത്ത് ആറു പോയന്റിന്റെ ലീഡുമായി അർജന്റീന 2026 ലോകകപ്പിൽ ഇടം ഏറക്കുറെ ഉറപ്പിച്ചു. അഞ്ചു കളികൾ ശേഷിക്കേ, നേരിട്ടുള്ള യോഗ്യതക്ക് ഒരു പോയന്റ് മാത്രം അകലെയാണ് നിലവിലെ ചാമ്പ്യന്മാർ.
ചിരവൈരികളായ ബ്രസീലിനെതിരായ മത്സരത്തിന് മുമ്പായി അർജന്റീനക്ക് ആത്മവിശ്വാസം പകരുന്നതായി ഉറുഗ്വെക്കെതിരായ ജയം. ഈ മാസം 26ന് ഇന്ത്യൻ സമയം പുലർച്ചെ 5.30നാണ് അർജന്റീന-ബ്രസീൽ പോരാട്ടം. ബ്രസീലിനെതിരായ കളിയിൽ സമനില നേടിയാൽപോലും തെക്കനമേരിക്കൻ ഗ്രൂപ്പിൽനിന്ന് 2026 ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യടീമാകും അർജന്റീന. ഗ്രൂപ്പിൽനിന്ന് ​േപ്ലഓഫ് കളിക്കാനുള്ള യോഗ്യത അർജന്റീന ഇതിനകം ഉറപ്പിച്ചുകഴിഞ്ഞു.

മെസ്സിക്കുപുറമെ ലൗതാരോ മാർട്ടിനെസ്, പോളോ ഡിബാല, റോഡ്രിഗോ ഡി പോൾ തുടങ്ങിയ വമ്പന്മാരൊന്നുമില്ലാതെയാണ് ഉറുഗ്വെയുടെ വമ്പിനെ അർജന്റീന ഉശിരോ​ടെ നേരിട്ടത്. യുവരക്തങ്ങൾക്ക് മുൻതൂക്കമുള്ള ടീം രണ്ടാം പകുതിയിൽ കാഴ്ചവെച്ച പന്തടക്കവും ​പോരാട്ടവീര്യവും അർജന്റീനക്ക് ഏറെ പ്രതീക്ഷ പകരുന്നതായി.

മോണ്ടിവിഡിയോയിലെ സെന്റിനാരിയോ സ്റ്റേഡിയത്തിൽ അൽമാഡ-ഹൂലിയൻ ആൽവാരസ്-ജിയൂലിയാനി സിമിയോണി എന്നിവരെ മുൻനിരയിൽ അണിനിരത്തി 4-3-3 ശൈലിയിലാണ് അർജന്റീന കളത്തിലിറങ്ങിയത്. പിതാവ് ഡീഗോ സിമിയോണിക്കു പിന്നാലെ അർജന്റീനയുടെ അഭിമാന ജഴ്സിയണിഞ്ഞ് ജിയൂലിയാനി ചരിത്രത്താളുകളിൽ ഇടം നേടി. ഡി പോൾ പകരക്കാരുടെ നിരയിലേക്ക് പിന്മാറിയ കളിയിൽ അലക്സിസ് മക് അലിസ്റ്റർ-ലിസാൻഡ്രോ പരേഡെസ്-എൻസോ ഫെർണാണ്ടസ് ത്രയമാണ് മിഡ്ഫീൽഡ് ഭരിക്കാനിറങ്ങിയത്.

ഉറുഗ്വെ ഭരിച്ച ആദ്യപകുതി

ലക്കും ലഗാനുമില്ലാത്ത അർജന്റീനയായിരുന്നു കളിയുടെ ആദ്യഘട്ടത്തിൽ കളത്തിൽ. തടിമിടുക്കും പന്തടക്കവും സംയോജിപ്പിച്ച് ഉറു​ഗ്വെ പടനയിച്ചപ്പോൾ ലോക ചാമ്പ്യന്മാർ ​പ്രതിരോധത്തിലേക്ക് ഉൾവലിഞ്ഞു. ഡാർവിൻ നൂനെസും മാക്സി അറോയോയും നയിച്ച ഉറുഗ്വെൻ ആക്രമണത്തെ സെൻട്രൽ ഡിഫൻസിൽ നിക്കോളാസ് ഒടാമെൻഡിയെയും ക്രിസ്റ്റ്യൻ റൊമോറോയെയും മുൻനിർത്തി ഫലപ്രദമായി ചെറുത്തുനിൽക്കുകയായിരുന്നു അർജന്റീന. പരിക്കുകാരണം വിട്ടുനിന്ന മെസ്സിയുടെ അഭാവം തൊട്ടെടുക്കാമെന്ന വണ്ണം പ്രകടമായിരുന്നു അർജന്റീനാ നിരയിൽ. മധ്യനിരയിലെ അവരുടെ കരുനീക്കങ്ങൾക്കൊന്നും ഒട്ടും കൃത്യത ഉണ്ടായിരുന്നില്ല. കൗണ്ടർ അറ്റാക്കിങ്ങിന്റെ ഒറ്റപ്പെട്ട സന്ദർഭങ്ങളിൽ മാത്രമാണ് മുൻനിരക്കാർക്ക് പന്തെത്തിയത്. ആദ്യ അരമണിക്കൂറിൽ നാലിൽ മൂന്നുഭാഗം സമയത്തും പന്ത് ഉറുഗ്വെയുടെ കാലിലായിരു​ന്നുവെന്നത് അവിശ്വസനീയമായി.

കരുനീക്കങ്ങ​ൾക്ക് താളം ചമയ്ക്കാനുള്ള ക്രിയേറ്റിവ് മിഡ്ഫീൽഡറുടെ അഭാവമാണ് കളംഭരിക്കാനുള്ള അർജന്റീനാ മോഹങ്ങൾക്ക് ആദ്യപകുതിയിൽ വിലങ്ങുതടിയായത്. 19-ാം മിനിറ്റിലാണ് അർജന്റീന ആദ്യനീക്കം നടത്തിയത്. പരേഡെസിന്റെ ഷോട്ട് പക്ഷേ, പോസ്റ്റിൽനിന്ന് ഏറെ അകലെയായിരുന്നു. കളി അര മണിക്കൂറാ​കവേ, ജോർജിയൻ ഡി അരാസ്കയേറ്റയുടെ ഷോട്ട് എമിലിയാനോ മാർട്ടിനെസ് സമർഥമായി തടഞ്ഞിട്ടു.

ആദ്യപകുതിയുടെ അവസാന ഘട്ടങ്ങളിൽ അർജന്റീന പാസിങ് ഗെയിമുമായി കളിയിൽ തിരിച്ചെത്താനുള്ള ശ്രമത്തിലായിരുന്നു. അതിന്റെ ഫലമായി ആദ്യപകുതിയിലെ ഏറ്റവും മികച്ച അവസരം അവർക്ക് ലഭിച്ചത് 43-ാം മിനിറ്റിൽ. അൽമാഡയുടെ ബോക്സിലേക്കുള്ള പാസ് ഉറുഗ്വെ ഗോളി റോഷെ വീണുകിടന്ന് തട്ടിമാറ്റി. റീബൗണ്ടിൽ മക് അലിസ്റ്ററുടെ ഷോട്ട് ​പ്രതിരോധമതിലിൽ തട്ടി മടങ്ങി.

അർജന്റീനയുടെ രണ്ടാം പകുതി

ഇടവേളക്കുശേഷം അർജന്റീന അടിമുടി മാറി. മൂന്നുമിനിറ്റിനകം അവർ ഗോളിനടുത്തെത്തുകയും ചെയ്തു. ആൽവാരസിന്റെ ഷോട്ട് വലയിലേക്കെന്നു തോന്നിച്ച വേളയിൽ അവസാനനിമിഷം റോഷെ പുറത്തേക്ക് ഗതിമാറ്റിയൊഴുക്കി. കുറുകിയ പാസുകളിൽ അർജന്റീന കളംപിടിക്കുകയായിരുന്നു പിന്നെ. 68-ാം മിനിറ്റിൽ അതിന് ഫലമുണ്ടായി. അൽമാഡോയുടെ ബ്രില്യൻസായിരുന്നു പന്തിന് വലയിലേക്ക് വഴികാട്ടിയത്. ഇടതുവിങ്ങിൽ ടാഗ്ലിയാഫിക്കോയുമായി ചേർന്ന് പന്ത് കൈമാറിയെത്തിയശേഷം ബോക്സിന് പുറത്തുനിന്ന് അൽമാഡയുടെ ​അളന്നുകുറിച്ച ഷോട്ട്. പറന്നുചാടിയ റോഷെക്ക് അവസരമൊന്നും നൽകാതെ പന്ത് വലയുടെ മൂലയിലേക്ക് പാഞ്ഞുകയറിയപ്പോൾ മനോഹര ഗോളിന്റെ പിറവി.

റയൽ മഡ്രിഡ് താരമായ വാൽവെർദെയുടെ നീക്കങ്ങളെ മധ്യനിരയിൽ മക്അലിസ്റ്റർ മുളയിലേ നുള്ളിയതോടെ ഉറുഗ്വെക്ക് താളം നഷ്ടമായി. രണ്ടാം പകുതിയിൽ ഒത്തിണക്കം കാട്ടി അർജന്റീന മധ്യനിര ചടുലമായതോടെയാണ് കളിയുടെ ഗതി സ്വിച്ചിട്ടെന്നോണം മാറിയത്. പിന്നീടൊരു തിരിച്ചുവരവ് ഉറുഗ്വെക്ക് സാധ്യമായില്ല.

ലീഡ് നേടിയ അർജന്റീന മുൻനിരയിൽനിന്ന് സിമിയോണിയെ പിൻവലിച്ച് പകരം നിക്കോ ഗോൺസാലസിനെ ഇറക്കി. തങ്ങളുടെ സ്റ്റാർ കളിക്കാരെങ്കിലും നിറം മങ്ങിയ വാൽവെർദെക്കും നൂനെസിനും പകരം റോഡ്രിഗോ അഗ്വിറോയെയും ഫെഡെറികോ വിനാസിനെയും ഉറുഗ്വെ കളത്തിലെത്തിച്ചെങ്കിലും കളിഗതിയിൽ ഒട്ടും പുരോഗതി ഉണ്ടായില്ല. മക് അലിസ്റ്റർക്ക് പകരം അർജന്റീന നിരയിൽ 80-ാം മിനിറ്റിൽ പലാസിയോസെത്തി.

രണ്ടാം പകുതി അർജന്റീനയുടെ ആധിപത്യത്തിന് സുന്ദരമായി വഴങ്ങിക്കൊടുത്തപ്പോൾ ഉറുഗ്വെൻ പ്രതീക്ഷകൾ പച്ചതൊട്ടില്ല. മധ്യനിരയിലൂടെ അതിവേഗ പാസുകളുമായി കൗണ്ടർ അറ്റാക്കിങ് നടത്താനുള്ള ശ്രമങ്ങളും ഒടാമെൻഡിയും കൂട്ടരും നെഞ്ചുവിരിച്ച് നേരിട്ടതോടെ കാര്യങ്ങൾ പൂർണമായും അർജന്റീനയുടെ വരുതിയിലായി. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ ഗോൺസാലസ് ചുകപ്പുകാർഡ് കണ്ട് മടങ്ങിയതോടെ അർജന്റീന കളി അവസാനിപ്പിച്ചത് പത്തുപേരുമായി.

Show Full Article
TAGS:Uruguay vs Argentina Lionel Messi FIFA World Cup qualifiers Argentina Football Team 
News Summary - FIFA World Cup Qualifiers: Argentina beat Uruguay 1-0
Next Story