പത്മ നിറവിൽ കായിക മലയാളത്തിന്റെ മഹാപ്രതിഭകൾ
text_fieldsകോഴിക്കോട്: മലയാളിയുടെ കായിക സ്വപ്നങ്ങൾക്ക് നിറംനൽകിയ രണ്ടു മഹാപ്രതിഭകൾ പത്മ നിറവിൽ. വൈകിയാണെങ്കിലും ഫുട്ബാൾ താരം ഐ.എം വിജയൻ പത്മശ്രീ നേടിയപ്പോൾ ഹോക്കി താരം പി.ആർ ശ്രീജേഷ് പത്മഭൂഷണും സ്വന്തമാക്കി.
മലയാളമണ്ണിൽ വേരുറക്കാൻ മടിച്ച കായിക ഇനമായിട്ടും ഹോക്കി സ്റ്റിക്ക് പിടിച്ച് ലോകത്തോളം വളർന്ന പറാട്ട് രവീന്ദ്രൻ ശ്രീജേഷ് എന്ന മലയാളിയുടെ സ്വന്തം പി.ആർ ശ്രീജേഷ് ഇന്ന് ഓരോ മലയാളിയുടെ നാവിലെയും ഇഷ്ടനാമമാണ്. ഒളിമ്പിക്സിൽ ആദ്യം ടോകിയോയിലും പിറകെ പാരിസിലും ഇന്ത്യൻ ഹോക്കി ടീം മെഡൽ നേട്ടവുമായി ആദരമേറിയപ്പോൾ വലക്കണ്ണികൾ സുരക്ഷിതമാക്കി വിശ്വസ്തനായ കാവൽക്കാരനുമുണ്ടായിരുന്നു.
2000ൽ 12കാരനായിരിക്കെ ജി.വി രാജ സ്കൂളിൽ അത്ലറ്റിക്സിൽ മികവു കുറിക്കാനെത്തി തന്റെ കായിക ലോകം അതല്ല, ഹോക്കിയാണെന്ന് തിരിച്ചറിഞ്ഞാണ് ശ്രീജേഷ് തുടങ്ങുന്നത്. ഹോക്കി കോച്ച് ജയകുമാറാണ് ശ്രീജേഷിലെ ഗോൾകീപറെ വളർത്തിയെടുക്കുന്നത്. ഹോക്കി ഇന്ത്യ ലീഗിൽ മുംബൈ മജീഷ്യൻസ്, ഉത്തർ പ്രദേശ് വിസാർഡ്സ് ടീമുകൾക്കായി വല കാത്തിട്ടുണ്ട്. ദേശീയ ടീമിൽനിന്ന് വിരമിച്ച ശേഷം ദേശീയ ജൂനിയർ ടീം പരിശീലക ചുമതല വഹിച്ചുവരുന്നു. 2020, 2022, 2024 വർഷങ്ങളിൽ രാജ്യത്തെ മികച്ച ഹോക്കി ഗോളിയായി തെരഞ്ഞെടുക്കപ്പെട്ടു. 2019ൽ പത്മശ്രീ ലഭിച്ചു.
മലയാളക്കര ജന്മം നൽകിയ സോക്കർ ഇതിഹാസങ്ങളിലെ വലിയനാമമാണ് ഐ.എം വിജയൻ. 1999ലെ സാഫ് ഗെയിംസിൽ ഭൂട്ടാനെതിരെ 12ാം സെക്കന്റിൽ ഗോൾ നേടി രാജ്യാന്തര റെക്കോർഡ് സ്വന്തമാക്കിയ താരം മുന്നേറ്റത്തിലും മധ്യനിരയിലും ഒരുപോലെ കരുത്തുകാട്ടിയ താരമാണ്. കേരള പൊലീസ് ടീമിന് കിരീടങ്ങളേറെ സമ്മാനിക്കുന്നതിൽ നിർണായകമായ വിജയൻ മോഹൻ ബഗാൻ, ജെ.സി.ടി. മിൽസ്, എഫ്.സി കൊച്ചിൻ, ഈസ്റ്റ് ബംഗാൾ, ചർച്ചിൽ ബ്രദേഴ്സ് തുടങ്ങിയ ക്ലബുകളിൽ കളിച്ചു. 1992ൽ ദേശീയ ടീമിലെത്തി 79 രാജ്യാന്തര മത്സരങ്ങൾ കളിച്ചു. 39 ഗോളുകൾ നേടി. 2003-ലെ ആഫ്രോ-ഏഷ്യൻ ഗെയിംസിൽ നാലു ഗോളുകൾ നേടി ടോപ് സ്കോറർ ആയി.
ടെസ്റ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റുകളുടെ റെക്കോഡുമായി അടുത്തിടെ വിരമിച്ച രവിചന്ദ്രൻ അശ്വിൻ, പാര അത്ലറ്റിക്സ് കോച്ച് സത്യപാൽ സിങ് എന്നിവരും പത്മശ്രീ നേടിയവരാണ്.