കൊച്ചിയുടെ കൊമ്പൊടിച്ച് മലപ്പുറം; സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്.സി മൂന്ന് ഗോളുകൾക്ക് ഫോഴ്സ കൊച്ചിയെ തകർത്തു
text_fieldsമഞ്ചേരി: കൊച്ചിയുടെ കൊമ്പൊടിച്ച് മലപ്പുറത്തിന്റെ മധുര പ്രതികാരം. സ്വന്തം മണ്ണിൽ ആതിഥേയരായ ഫോഴ്സ കൊച്ചി എഫ്.സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് മലപ്പുറം എഫ്.സി സൂപ്പർ ലീഗ് കേരളയിൽ വിജയവഴിയിൽ തിരിച്ചെത്തി. വിജയികൾക്കായി എൽഫോഴ്സി (15), നദീം ഹാദ്സസിച്ച് (27, 90 + 3) എന്നിവർ ഗോൾ നേടി. എവേ മത്സരത്തിൽ കൊച്ചിയോടേറ്റ തോൽവിക്ക് സ്വന്തം ഗ്രൗണ്ടിൽ പകരം വീട്ടാനും മലപ്പുറത്തിന് സാധിച്ചു. മത്സരം വിജയിച്ച് പോയൻറ് പട്ടികയിൽ ഒന്നാമതെത്താനുള്ള കൊച്ചിയുടെ മോഹത്തിനും മലപ്പുറം കടിഞ്ഞാണിട്ടു. 11 പോയൻറുമായി മലപ്പുറം മൂന്നാമതാണ്. 14 പോയൻറുമായി കാലിക്കറ്റ് എഫ്.സിയാണ് ലീഗിൽ ഒന്നാമത്.
കഴിഞ്ഞ മത്സരത്തിൽ കോഴിക്കോടിനോടേറ്റ പരാജയം ടീമിലും അടിമുടി മാറ്റം വരുത്തി. അഞ്ച് മാറ്റങ്ങളുമായി 4-4-2 ശൈലിയിലാണ് കോച്ച് കരീം ബെഞ്ചറിഫ ടീമിനെ കളത്തിലിറക്കിയത്. ഗോൾ കീപ്പറായി ധീരജിന് പകരം മുഹമ്മദ് അർബാസ് തിരിച്ചെത്തി. കഴിഞ്ഞ മത്സരത്തിൽ സസ്പെൻഷൻ നേരിട്ട മുഹമ്മദ് സാലിമും അബ്ദുൽ ബാദിഷും പ്രതിരോധക്കോട്ട കാക്കാനെത്തി. മുന്നേറ്റത്തിൽ ബ്രസീലിയൻ താരം പൗളോ വിക്ടറും ഗ്രേസ് അഡിയോയും മധ്യനിരയിൽ ബോസ്നിയൻ താരം നദീം ഹാദ്സിച്ചും ബൂട്ട്കെട്ടി.
മറുഭാഗത്ത് മുന്നേറ്റത്തിൽ നാല് പേരെ അണിനിരത്തിയുള്ള ആക്രമണമാണ് തങ്ങളുടെ ശൈലിയെന്ന് പ്രഖ്യാപിച്ചായിരുന്നു കൊച്ചി പന്ത് തട്ടാനിറങ്ങിയത്. ലീഗ് ടോപ് സ്കോറർ രാഹുൽ രാജു, അലൻ സജി, മെക്സിക്കൻ താരം ഡിഗോ ഹെർണാണ്ടസ്, അണ്ടർ 23 താരം ഹർഷൽ റഹ്മാൻ എന്നിവർ കൊച്ചിക്ക് ഫോഴ്സായി മുന്നേറ്റത്തിൽ അണിനിരന്നു.
ഏഴാം മിനിറ്റിൽ മലപ്പുറത്തിന്റെ ആദ്യ മുന്നേറ്റം. മൈതാനത്തിന്റെ മധ്യഭാഗത്ത് നിന്നും ബിലാൽ നൽകിയ പന്തുമായി കുതിച്ച നദീം ഹാദ്സിച്ച് ലക്ഷ്യം തൊടും മുമ്പേ കൊച്ചി പ്രതിരോധം അപകടമൊഴിവാക്കി. പത്താം മിനിറ്റിൽ മലപ്പുറത്തിന് സുവർണാവസരം. പൗളോ വിക്ടറിന്റെ ക്രോസിന് ഹാദ്സിച്ച് തലവെച്ചെങ്കിലും കൊച്ചിൻ കീപ്പർ ദേബ്ജിത്ത് മജുംദാർ കൈപ്പിടിയിലൊതുക്കി. 15ാം മിനിറ്റിൽ കൊച്ചിയുടെ കരുത്ത് മറികടന്ന് മലപ്പുറം മത്സരത്തിൽ മുന്നിലെത്തി. പൗളോ വിക്ടറിനെ വീഴ്ത്തിയതിന് ബോക്സിന് പുറത്ത് നിന്നും മലപ്പുറത്തിന് അനുകൂലമായ ഫ്രീ കിക്ക്. എൽഫോഴ്സിയുടെ കിക്ക് കീപ്പറെ മറികടന്ന് വലയിൽ ചുംബിച്ചു (1-0). ഒറ്റ ഗോളിൽ തൂങ്ങാതെ ആതിഥേയർ ആക്രമണം കടുപ്പിച്ചു.
27ാം മിനിറ്റിൽ ഗാലറിയെ ഇളക്കിമറിച്ച് മലപ്പുറം വീണ്ടും കൊച്ചിയുടെ വല കുലുക്കി. ഗ്രേസ് അഡിയോയുടെ ഉഗ്രൻ ഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിച്ച് ബോക്സിനുള്ളിൽ വീണതോടെ ഹെഡ് ചെയ്ത് നദീം ഹാദ്സിച്ച് പന്ത് വലയിലെത്തിച്ചു. ( 2-0). ഗോൾ തിരിച്ചടിക്കാൻ കൊച്ചി മലപ്പുറം ബോക്സിലേക്ക് പന്തെത്തിച്ചെങ്കിലും ക്യാപ്റ്റൻ ഹക്കുവിന്റെ നേതൃത്വത്തിലുള്ള പ്രതിരോധം പിടിച്ചു നിന്നു. 39ാം മിനിറ്റിൽ ഹാദ് സിച്ച് നൽകിയ പന്തിൽ എൽഫോഴ്സി ഷോട്ടിന് ശ്രമിച്ചെങ്കിലും ലക്ഷ്യമകന്നു. പൗളോ വിക്ടർ - എൽഫോഴ്സി- ഹാദ്സിച്ച് ത്രയം കൊച്ചിക്ക് തലവേദന സൃഷ്ടിച്ചു. നവംബർ 14ന് എവേ മത്സരത്തിൽ തൃശൂർ മാജിക് എഫ്.സിയാണ് മലപ്പുറത്തിന്റെ അടുത്ത എതിരാളികൾ.


