സൂപ്പർ ലീഗിൽ കുതിക്കാനൊരുങ്ങി ഫോഴ്സ കൊച്ചിയുടെ പടക്കുതിരകൾ
text_fieldsകൊച്ചി: സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിൽ കൊച്ചിക്കായി കുതിക്കാനൊരുങ്ങി ഫോഴ്സ കൊച്ചി എഫ്.സിയുടെ വൻ താരനിര. മികച്ച വിദേശ-സ്വദേശി താരങ്ങളുടെ സാന്നിധ്യം അന്താരാഷ്ട്ര നിലവാരമുള്ള ടീം എന്ന പ്രതീക്ഷയാണ് ഉയർത്തുന്നത്. പ്രീ-സീസൺ മത്സരങ്ങളിൽ തകർപ്പൻ പ്രകടനമാണ് ടീം കാഴ്ചവെച്ചത്. അത് പ്രധാന കരുത്താക്കിയാണ് ടീം കളത്തിലിറങ്ങുന്നത്.
ഇന്ത്യയിലെ എക്കാലത്തെയും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായ ദേബ്ജിത് മഞ്ജുംദാർ ടീമിന്റെ കാവൽക്കാരനായി വലകാക്കാനുണ്ടാകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒപ്പം ഐ.എസ്.എൽ, ഐ-ലീഗ്, സന്തോഷ് ട്രോഫി ടൂർണമെന്റുകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ താരങ്ങളും ടീമിൽ അണിനിരക്കും. ബെൽജിയത്തിന്റെ മുൻ ലോകകപ്പ് താരം വിതാൽ ബൊർക്കൽമെൻസാണ് ഫോഴ്സ കൊച്ചിയുടെ മുഖ്യപരിശീലകൻ. അദ്ദേഹത്തിന്റെ തന്ത്രങ്ങൾ ടീമിന് വലിയ മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. തുടക്കകാലത്ത് വലിയ ആരാധകപിന്തുണയും മികച്ച കളിശൈലിയും കെട്ടിപ്പടുക്കാൻ കഴിഞ്ഞതാണ് ക്ലബിന്റെ വലിയ വിജയമായി കണക്കാക്കുന്നത്.
സിനിമാതാരം പ്രിഥ്വിരാജ് സുകുമാരൻ, സുപ്രിയ മേനോൻ, നസ്ലി മുഹമ്മദ്, ഷമീം ബക്കർ, ഷൈജൽ മുഹമ്മദ്, പ്രവീഷ് കുഴിപ്പള്ളി എന്നിവരാണ് ക്ലബിന്റെ ഉടമസ്ഥർ. അമ്പരീഷ് സമ്പത്താണ് സി.ഇ.ഒ.
വാർത്തസമ്മേളനത്തിൽ ഷമീം ബക്കർ സി.കെ, നസ്ലി മുഹമ്മദ്, എറണാകുളം ഡി.എഫ്.എ സെക്രട്ടറി വിജു ചൂളമാക്കൽ. ക്ലബ് സി.ഇ.ഒ അമ്പരീഷ് സമ്പത്ത്, ഹെഡ് കോച്ച് വിതാൽ ബൊഴ്ക്കൽമെൻസ്, ക്യാപ്റ്റൻ നൗഹ്വൽ പെരേര, വൈസ് ക്യാപ്റ്റൻ അഖിൽ പ്രവീൺ എന്നിവർ പങ്കെടുത്തു.
2024 മേയിൽ രൂപവത്കൃതമായ ക്ലബ് ആ വർഷം നടന്ന സൂപ്പർ ലീഗ് കേരളയുടെ ഉദ്ഘാടന സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഫൈനൽ വരെ മുന്നേറി. ഫൈനലിൽ കാലിക്കറ്റ് എഫ്.സിയോട് പരാജയപ്പെട്ടു. രണ്ടാം സീസണിൽ തങ്ങളുടെ ആദ്യ സീസണിലെ മികച്ച പ്രകടനം ആവർത്തിക്കാൻ സാധിച്ചില്ല. അതിൽനിന്ന് പാഠമുൾക്കൊണ്ട് പുതിയ പരിശീലകനും പുതിയ താരനിരയുമായാണ് ഇത്തവണ ടീമിനെ സജ്ജമാക്കിയിരിക്കുന്നത്.
അന്താരാഷ്ട്ര താരപ്പെരുമ
അർജന്റീന, ബ്രസീൽ, മെക്സിക്കോ എന്നീ രാജ്യങ്ങളിൽനിന്നുള്ള മിടുക്കരായ താരങ്ങൾ ഈ സീസണിൽ ഫോഴ്സ കൊച്ചി ജഴ്സിയിൽ പന്ത് തട്ടാനെത്തും. ഇത് ടീമിന്റെ ആക്രമണ-പ്രതിരോധ നിരകൾക്ക് അന്താരാഷ്ട്രനിലവാരം നൽകും. ബ്രസീലിയൻ താരങ്ങളായ എലിറ്റൺ പാരഡിഞ്ഞോ ജൂനിയർ, റെനാൻ ജനുവാരിയോ റോച്ച ഡി അരൗജോ, പൗലോ ഹെൻറിക് സാൻറോസ്, അർജന്റീനിയൻ മിഡ്ഫീൽഡർ നഹുവൽ ജൊനാഥൻ പെരേര, മെക്സിക്കൻ വിങ്ങർ ഡീഗോ ഹെർണാണ്ടസ് ജിമെനെസ് എന്നിവരാണ് വിദേശ താരങ്ങൾ.
പ്രാദേശിക പ്രതിഭകൾക്ക് വൻ അവസരം
യുവതാരങ്ങൾക്ക് വലിയ പ്രാധാന്യമാണ് മാനേജ്മെന്റ് ഇത്തവണ നൽകിയിട്ടുള്ളത്. പ്രീ-സീസൺ മത്സരങ്ങളിൽ മികവ് പുലർത്തിയ ഒമ്പത് യുവതാരങ്ങൾക്ക് ടീമിൽ അവസരം ലഭിച്ചു.
ഇതിൽ ജില്ലയിൽനിന്ന് മാത്രം എട്ട് താരങ്ങൾ ഇടംനേടി. അസി. കോച്ച് ബൈജു ജി.എസ് ആണ്. ഗോകുലം കേരള എഫ്.സിയിലെ പരിചയസമ്പത്തുള്ള ബൈജു സംസ്ഥാന ടീമിന്റെ മുഖ്യ പരിശീലകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫിറ്റ്നസ് കോച്ച് സാമിറാൻ ഐ ലീഗ് ക്ലബുകളിലെ പ്രവർത്തനങ്ങളിലൂടെ പരിചയ സമ്പന്നനാണ്. ടീം മാനേജർ നികിധേഷ് ചർച്ചിൽ ബ്രദേഴ്സിലും ഗോകുലം കേരള എഫ്.സിയിലും പരിചയമുണ്ട്.


