Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമൈതാനത്തെ 'ഇരട്ട'...

മൈതാനത്തെ 'ഇരട്ട' കൂട്ടുകെട്ടിലെ അസീം ഇനി ഓർമ്മയുടെ ഗാലറിയിൽ; തനിച്ചായി അനീസ്

text_fields
bookmark_border
K. Aaseem and K.Anees
cancel

കോഴിക്കോട് : മൈതാനത്തിന്റെ ഒരു പാതിയിൽ നിന്ന് മറുപാതിയിലേക്ക് പന്ത് കോർത്തെടുത്ത് കുതിച്ചിരുന്ന ആ ഇരട്ടസഹോദരന്മാരുടെ കാഴ്ച ഇനി കൺകുളിർക്കെ കാണാനാവില്ല. എതിരാളികളുടെ പ്രത്യാക്രമണങ്ങളെ തച്ചുടച്ച് അവർ ഒന്നിച്ച് മൈതാനം അടക്കിവാണ നിമിഷങ്ങൾ ഇനി കായികപ്രേമികളുടെ നെഞ്ചിലെ വിങ്ങുന്ന ഓർമ്മ മാത്രമാണ്. അരീക്കോടൻ മണ്ണിൽ നിന്ന് കളി പഠിച്ച്, ഫുട്ബാളിന്റെ കൊടുമുടികൾ ഒന്നൊന്നായി കീഴടക്കിയ പ്രിയതാരം കെ. അസീം (41) കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ വിടവാങ്ങി.

ഇരട്ടസഹോദരൻ അനീസിനൊപ്പം എം.ഇ.എസ് മമ്പാട് കോളേജിന്റെ കളിമുറ്റത്ത് നിന്നും അരീക്കോട് ടൗൺ ടീമിൽ നിന്നും പന്ത് തട്ടിത്തുടങ്ങിയ കാലം തൊട്ടേ അസീം കാണികളുടെ നെഞ്ചിലെ വിസ്മയമായിരുന്നു. ഗ്രൗണ്ടിൽ അനീസും അസീമും ഒന്നിച്ചെത്തുമ്പോൾ എതിരാളികൾ ഭയന്ന ആ സഹോദര കൂട്ടുകെട്ട്, പിന്നീട് ഒരു തലമുറയുടെ മുഴുവൻ കായികാവേശമായി മാറി. മലപ്പുറത്തിന്റെ പൊടിപടലങ്ങൾ നിറഞ്ഞ സെവൻസ് കളിക്കളങ്ങളിൽ നിന്നും വൻ വേദികളിലേക്ക് അവർ ഒന്നിച്ച് നടത്തിയ കുതിപ്പ് ഗ്രാമീണ സ്വപ്നങ്ങൾക്ക് മാന്ത്രികച്ചിറകുകൾ നൽകിയ ഒന്നായിരുന്നു. എം.ഇ.എസ് മമ്പാട് കോളജിൽ നിന്ന് കാലിക്കറ്റ് സർവകലാശാലാ ടീമിലേക്കും തുടർന്ന് മലപ്പുറം ജില്ലാ ടീമിലേക്കും സ്വാഭാവികമായി മാറിയ അസീമിന്റെ കരിയറിലെ വഴിത്തിരിവ് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം വി.പി. സത്യന്റെ ശിക്ഷണത്തിൽ ‘ഇന്ത്യൻ ബാങ്ക്’ ടീമിലെത്തിയതാണ്.

ദേശീയ തലത്തിൽ ഒട്ടേറെ പ്രഗത്ഭ ക്ലബ്ബുകൾക്കായി ഒരു പതിറ്റാണ്ടിലേറെ കാലം അസീം തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. 2005-06 സീസണിൽ വാസ്കോ ഗോവയിലൂടെ ക്ലബ്ബ് ഫുട്ബാളിൽ അരങ്ങേറിയ അദ്ദേഹം, തുടർന്ന് സാൽഗോക്കർ ഗോവ (2006-07), മുംബൈ എഫ്.സി (2007-09), മഹീന്ദ്ര യുണൈറ്റഡ് (2009-10), ഈസ്റ്റ് ബംഗാൾ (2010-11) തുടങ്ങിയ മുൻനിര സംഘങ്ങളുടെ കുപ്പായമണിഞ്ഞു. ജോസ്കോ എഫ്.സിക്ക് വേണ്ടിയും അദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്.

2006-07 സീസണിലെ ഗവർണേഴ്സ് കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടി ടോപ് സ്കോററായതും അസീമിന്റെ ഫിനിഷിങ് മികവിനുള്ള വലിയ തെളിവായിരുന്നു. 2008ൽ കോച്ച് ഡേവിഡ് ബൂത്തിന്റെ കീഴിൽ മുംബൈ എഫ്.സി ഐ-ലീഗിൽ നടത്തിയ വിസ്മയ കുതിപ്പിൽ അസീം-അനീസ് സഹോദരന്മാരും അനസ് എടത്തൊടികയും അടങ്ങിയ മലയാളി നിര നിർണ്ണായക പങ്ക് വഹിച്ചു. സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്രക്കും (2010) തമിഴ്നാടിനുമായും (2013) അസീം പന്തുതട്ടി.

ഇനി റഫറിയുടെ വിസിൽ മുഴങ്ങുമ്പോൾ മൈതാനമധ്യത്തിൽ പന്തിനു പിന്നാലെ കുതിക്കാൻ അനീസിനൊപ്പം അസീമുണ്ടാകില്ല. ഓരോ കളി കഴിയുമ്പോഴും പരസ്പരം കണ്ണുകളിൽ നോക്കി തോൾ തട്ടിപ്പിരിഞ്ഞവരിൽ ഒരാൾ ഇനി ഓർമ്മകളുടെ ഗാലറിയിൽ തനിച്ചാകുന്നു. ശാന്തമായ ചിരിയും, സൗഹൃദത്തിന്റെ നന്മയും ഇനി നെഞ്ചുപൊട്ടുന്ന ഓർമ്മ മാത്രമായി മാറുമ്പോൾ വിതുമ്പുന്നത് കാൽപന്തിനെ പ്രണയിച്ച മലയാളി മനസ്സുകളാണ്.

Show Full Article
TAGS:club football twin brothers football player areekode malappuram football 
News Summary - Former Indian Club Footballer K. Aaseem Passes Away in Coimbatore Accident
Next Story