ഏഴഴകിൽ ജർമനി; സ്വിറ്റ്സർലൻഡിന് അനായാസ ജയം
text_fieldsജർമനി താരങ്ങളുടെ ആഹ്ലാദം
ദോഹ: എൽസാൽവഡോറിനെതിരെ അഴകേറിയ ഏഴു ഗോളുകളുമായി ജർമനിക്ക് വിജയം. ജെറമിയ മെൻസയുടെ ഇരട്ട ഗോൾ ജർമനിയുടെ വിജയത്തിന്റെ തിളക്കം കൂട്ടി. 32ാം ം മിനിറ്റിൽ മെൻസ ഗോളടിച്ച് തുടങ്ങിയപ്പോൾ തെട്ടുപിന്നാലെ അലക്സാണ്ടർ സ്റ്റാഫ് (41), വിസ്ഡം മൈക്ക് (45) എന്നിവർ ആദ്യ പകുതിയിൽതന്നെ ഗോളുകൾ നേടി.
ഇടവേളക്കുശേഷം 52ാം മിനിറ്റിൽ റെയ്സ് സെൽഫ് ഗോളും വീണതോടെ സ്കോർ 4-0. തുടർന്ന് 55ാം മിനിറ്റിൽ ജെറമിയ മെൻസ രണ്ടാം ഗോളും എൽസാൽവഡോറിന്റെ പോസ്റ്റിലേക്ക് അടിച്ചുകയറ്റി.
എയ്ക്കൽ (69), പ്രെനാജ് (84) മിനിറ്റിൽ ഗോളുകൾ നേടി വിജയത്തിന്റെ മാധുര്യം വർധിപ്പിച്ചു. ജയത്തോടെ ജി -ഗ്രൂപ്പിൽ ഒന്നാമതെത്തിയ ജർമനി നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിച്ചു.
മറ്റൊരു കളിയിൽ ഉത്തര കൊറിയക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിന് കൊളംബിയ വിജയിച്ചു. കളിയുടെ ആദ്യ പകുതിയിൽതന്നെ രണ്ട് ഗോളുകൾ നേടിയ കൊളംബിയ ഉത്തര കൊറിയയുടെ എല്ലാ മുന്നേറ്റത്തേയും പ്രതിരോധിച്ചു. മിജാജ്ലോവിച്ചിന്റെ ഇരട്ട ഗോളിന്റെ മികവിൽ മെക്സിക്കോക്കെതിരെ സ്വിറ്റ്സർലൻഡ് (3-1) അനായാസ ജയം നേടി.
ജയത്തോടെ ഗ്രൂപ് ‘എഫി’ൽ ഒന്നാം സ്ഥാനം ഉറപ്പാക്കിയ സ്വിറ്റ്സർലൻഡ് നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശനമുറപ്പാക്കി. 17ാം മിനിറ്റിൽതന്നെ മിജാജ്ലോവിച്ച് ഗോളടിച്ച് സ്കോറിങ് ആരംഭിച്ചു. മിനിറ്റുകൾക്കുശേഷം മെക്സിക്കോ ഗോൾകീപ്പർ സാന്റിയാഗോ ലോപ്പസിന്റെ നിർഭാഗ്യകരമായ ശ്രമം സ്വന്തം പോസ്റ്റിലേക്കുതന്നെ തിരിച്ചടിച്ചപ്പോൾ സ്വിറ്റ്സർലൻഡിന്റെ ഗോൾ ലീഡ് ഉയർത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ആൽഡോ ഡി നിഗ്രിസിന്റെ മിന്നുന്ന ഹെഡറിലൂടെ മെക്സിക്കോ തിരിച്ചുവരവിന്റെ പ്രതീക്ഷ നൽകിയെങ്കിലും, നിമിഷങ്ങൾക്കകം മിജാജ്ലോവിച്ച് തിരിച്ചടിച്ച് വിജയമുറപ്പാക്കി.
അതേസമയം, ഐവറികോസ്റ്റിനെതിരെ (3-1) വിജയം നേടിയ ദക്ഷിണ കൊറിയ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തി. കിം ജിസുങ് (26), ജിയോങ് ഹ്യോനുങ് (48), യി യോങ്ഹിയോൺ (87) എന്നിവർ ഗോളുകൾ നേടി ദക്ഷിണ കൊറിയയുടെ വിജയ ശിൽപികളായി.
ഗ്രൂപ് എച്ചിൽ ബ്രസീൽ -സംബിയ ടൂർണമെന്റിൽ ഇരു ടീമുകളും ഓരോ ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞെങ്കിലും ഇരു ടീമുകളും അടുത്ത റൗണ്ട് മത്സരങ്ങളിൽ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്.
ഇന്നത്തെ മത്സരങ്ങൾ
3:30 pm ഉഗാണ്ട -ഫ്രാൻസ് (ഗ്രൂപ് കെ)
3:30 pm ചിലി -കാനഡ (ഗ്രൂപ് കെ)
4:30 pm അയർലാൻഡ് -പരാഗ്വേ (ഗ്രൂപ് ജെ)
4:30 pm ഉസ്ബെക്കിസ്ഥാൻ -പനാമ (ഗ്രൂപ് ജെ)
5:45 pm ചെക്ക് റിപ്പബ്ലിക് -അമേരിക്ക (ഗ്രൂപ് ഐ)
5:45 pm ബുർകിനഫസോ -തജിക്കിസ്ഥാൻ (ഗ്രൂപ് ഐ)
6:45 pm സൗദി അറേബ്യ - മാലി (ഗ്രൂപ് എൽ)
6:45 pm ന്യൂസിലാൻഡ് -ഓസ്ട്രിയ (ഗ്രൂപ് എൽ)
മത്സര ഫലങ്ങൾ
സ്വിറ്റ്സർലൻഡ് -മെക്സിക്കോ (3-1)
ദക്ഷിണ കൊറിയ -ഐവറി കോസ്റ്റ് (3-1)
ജർമനി -എൽസാൽവഡോർ (7-0)
കൊളംബിയ -ഉത്തര കൊറിയ (2-0)
സാംബിയ -ബ്രസീൽ (1-1)
ഹോണ്ടുറസ് -ഇന്തോനേഷ്യ (1-2)
ഈജിപ്ത് - ഇംഗ്ലണ്ട് (0-3)
വെനിസ്വേല -ഹെയ്തി (4-2)


