പിഴ ഒടുക്കിയില്ല: ഗോകുലത്തിന് വിലക്ക്
text_fieldsകോഴിക്കോട്: ഗോകുലം കേരള എഫ്.സിക്ക് വിലക്കേർപ്പെടുത്തി അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ വിലക്ക്. വിവിധ കാരണങ്ങളാൽ ക്ലബ്ബിന് ഫുട്ബാൾ ഫെഡറേഷൻ ചുമത്തിയ പിഴ ഒടുക്കാത്തതുമൂലമാണ് അച്ചടക്ക സമിതിയുടെ നടപടി. പുതിയ കളിക്കാരുടെ ക്ലബ് മാറ്റവും കളികളും ഉൾപ്പെടെ വിലക്ക് ബാധകമാണ്. ഒരു ലക്ഷം രൂപയായിരുന്നു പിഴയിട്ടത്. പിഴ ഒഴിവാക്കി കിട്ടാനുള്ള നീക്കം അച്ചടക്ക സമിതി തള്ളിയതിനെത്തുടർന്നാണ് വിലക്കിലേക്ക് നീങ്ങിയത്.
ജൂൺ ഒന്നുമുതൽ ആഗസ്റ്റ് 31 വരെയാണ് താരങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള കാലാവധി. ഒരു മാസത്തിനുള്ളിൽ പിഴയടച്ച് എ.ഐ.എഫ്.എഫ് അംഗത്വം നിലനിർത്തിയില്ലെങ്കിൽ വിലക്ക് തുടരും. പിഴ ഒരു ലക്ഷത്തിലും അധികരിച്ചതായാണ് അറിവ്. ചില പോരായ്മകളുടെ ഭാഗമായി ക്ലബുകൾക്ക് പിഴ ചുമത്തുന്നത് സാധാരണമാണെന്നും പിഴയടക്കാനുള്ള നടപടികൾ സ്വീകരിച്ചതായും ഗോകുലം മാനേജർ നികിതേഷ് പറഞ്ഞു.
ഇന്ത്യൻ പരിശീലകൻ: ടെക്നിക്കൽ കമ്മിറ്റി യോഗം ബുധനാഴ്ച
ന്യൂഡൽഹി: ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ലഭിച്ച അപേക്ഷകൾ ഷോട്ട്ലിസ്റ്റ് ചെയ്യാൻ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ ടെക്നിക്കൽ കമ്മിറ്റി യോഗം ബുധനാഴ്ച ചേരും. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിച്ച ഇതിഹാസ താരങ്ങളായ റോബി ഫൗളറിന്റെതും ഹാരി കെവെലിന്റെതുമടക്കം മൊത്തം 170 അപേക്ഷകളാണ് ഫെഡറേഷന് ലഭിച്ചത്. മുൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ വീണ്ടും അപേക്ഷ സമർപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. അപേക്ഷകരുടെ പേരുകൾ പക്ഷെ ഫേഡറേഷൻ പുറത്തുവിട്ടിട്ടില്ല.
മോഹൻ ബഗാൻ മുൻ പരിശീലകൻ സാൻജോയ് സെൻ, ജംഷഡ്പുർ എഫ്.സി പരിശീലകൻ ഖാലിദ് ജമീൽ എന്നീ ഇന്ത്യക്കാരും സ്പെയിനിൽ നിന്നുള്ള ആന്റോണിയോ ലോപ്പസ് ഹബാസും കൂട്ടത്തിലുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണം ഇന്ത്യയിൽ നിന്നുള്ളവർക്കാണ് എ.ഐ.എഫ്.എഫ് മുൻഗണന നൽകുന്നത്.