ബംഗളൂരുവിനെ 2-0ന് വീഴ്ത്തി ഗോകുലം
text_fieldsകോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഐലീഗ് ഫുട്ബോൾ മത്സരത്തിൽ സ്പോർട്ടിംഗ് ക്ലബ് ബാംഗ്ലൂരിനെതിരെ ഗോകുലം കേരളയുടെ അബെലെഡോ രണ്ടാം ഗോൾ നേടുന്നു –ഫോട്ടോ: ബിമൽ തമ്പി
കോഴിക്കോട്: സ്വന്തം തട്ടകത്തിൽ തുടർച്ചയായ രണ്ടാം ജയവുമായി ഗോകുലം കേരള. ഇന്റർ കാശിക്കെതിരായ മുൻ മത്സരത്തിലെ ഹീറോ ലാബെല്ലഡോയുടെ ഇരട്ട ഗോളിലാണ് ബംഗളുരുവിനെയും വീഴ്ത്തിയത്. കഴിഞ്ഞ സീസണിൽ ഗോകുലം നായകനായിരുന്ന സ്പെയിൻ താരം അലക്സാൻഡ്രോ സാഞ്ചസ് ലോപസ് ബംഗളുരു നിരയിലായത് മുന്നേറ്റങ്ങളെ ബാധിക്കുമെന്ന് തോന്നിച്ചെങ്കിലും മലബാറിയൻസ് തുടക്കത്തിലെ ലീഡെടുത്തു.
എട്ടാം മിനിറ്റിൽ സുഹൈർ ബോക്സിനുള്ളിൽ നൽകിയ പാസ് ലാബെല്ലഡോ ഗോളാക്കി. സ്കോർ 1-0. നാല് വിദേശ താരങ്ങളെ നിരത്തിയാണ് ബംഗളുരു ഗോകുലത്തിനെതിരെ പോരാട്ടം നയിച്ചത്. തുടക്കത്തിലെ ഗോൾ കളിയുടെ ഗതി മാറ്റിയെങ്കിലും ആദ്യ പകുതി അവസാനിക്കും വരെ കൂടുതൽ അപകടമില്ലാതെ ബംഗളുരു നില കൊണ്ടു. കളിയവസാനിക്കാൻ ഇരുപത് മിനിറ്റ് ശേഷിക്കെ ബംഗളുരു കളിയുടെ നിയന്ത്രണം ഏറ്റെടുത്തുവെന്ന് തോന്നിച്ചെങ്കിലും ഗോൾ നേടിയത് ഗോകുലം. 89ാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിൽ ഗോകുലം മിഡ്ഫീൽഡർ ലാബെല്ല മധ്യത്തിൽനിന്നു ലഭിച്ച പന്ത് തലയിലും കാലിലും മാറിയെടുത്ത് നെടുനീളൻ ഷോട്ടിൽ വലകുലുക്കുകയായിരുന്നു.
ജയത്തോടെ 11 കളിയിൽ 19 പോയന്റുമായി ഗോകുലം കേരള എഫ്.സിമൂന്നാം സ്ഥാനത്താണ്. പതിനൊന്നു കളിയിൽ 21 പോയന്റുള്ള നാംധാരിയാണ് ഒന്നാമത്. 19 പോയന്റുമായി രണ്ടാം സ്ഥാനത്തുള്ള ചർച്ചിൽ ബ്രദേഴ്സ് ഇന്ന് റിയൽ കശ്മീരിനെ തോൽപിച്ചാൽ 22 പോയന്റോടെ ഒന്നാം സ്ഥാനത്തേക്ക് കയറും. ഫെബ്രുവരി ഒന്നിന് ഇന്റർ കാശിയുമായാണ് ഗോകുലത്തിന് അടുത്ത മത്സരം.