കോഴിക്കോട്ട് ഗോൾമേളം; ഡൽഹിയെ 6-3ന് വീഴ്ത്തി ഗോകുലം
text_fieldsകോഴിക്കോട്: ഐ ലീഗിൽ തോൽവിത്തുടർച്ചകൾക്കു ശേഷം സ്വന്തം തട്ടകത്തിൽ ഗോകുലത്തിന് തകർപ്പൻ ജയം. കോർപറേഷൻ സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തിയ മത്സരത്തിൽ ഡൽഹി എഫ്.സിക്കെതിരെ 6-3നാണ് മലബാറിയൻസ് ജയിച്ചുകയറിയത്. രണ്ടാം പകുതിയിൽ ടീം അടിച്ചുകൂട്ടിയത് നാലുഗോൾ.
കളിയാരംഭിച്ച് ആദ്യ മിനിറ്റിൽ ഗോകുലം മിഡ്ഫീൽഡർ അഭിജിത്തിന്റെ ലോങ് റേഞ്ചർ പോസ്റ്റിന്റെ ഇടതു മൂലയിൽ തട്ടിമടങ്ങി. മൂന്നാം മിനിറ്റിൽ ഡൽഹി താരം ജി ഗോയറി ഗോകുലം കീപ്പർ ഷിബിൻ രാജിനെ മറികടന്ന് വല കുലുക്കി സന്ദർശകർക്ക് ലീഡ് നൽകി.
13ാം മിനിറ്റിൽ ഗോകുലം മിഡ്ഫീൽഡർ അബെല്ലെഡോ നൽകിയ അസിസ്റ്റിൽ ഉറുഗ്വായ് താരം ചാവേസ് ഗോളടിച്ച് കളി സമനിലയിലാക്കി. . 21ാം മിനിറ്റിൽ മാലി താരം അഡമ നിയാനെ ഡൽഹി കീപ്പർ മുനസംഗയെ കടന്ന് വലയിലെത്തിച്ചതോടെ ഗോകുലം ലീഡ് പിടിച്ചു. രണ്ടാം പകുതി പൂർണാർഥത്തിൽ ഗോകുലം മയമായിരുന്നു മത്സരം. 54ാം മിനിറ്റിൽ ഗോകുലത്തിന്റെ ചാവേസ് നൽകിയ പാസിൽ നിയാനെ ഗോളാക്കി. രണ്ടു മിനിറ്റിനിടെ അബെല്ലെഡോ നിറയൊഴിച്ച് ലീഡ് 4-1 ആക്കി. 64ാം മിനിറ്റിൽ ഹൃദയ ജെയിൻ ഡൽഹിക്കായി ഒരു ഗോൾ മടക്കി. 75 ാം മിനിറ്റിൽ ഗോകുലത്തിനായി അബെല്ലഡോ വീണ്ടും സ്കോർ ചെയ്തു. ആറു മിനിറ്റിനുള്ളിൽ സാമിർ ബിനോങ് ഗോകുലം വല ചലിപ്പിച്ചതോടെ സ്കോർ 5 -3. അവസാന മിനിറ്റിൽ ഇരു ടീമുകളും ആക്രമണത്തിലൂന്നി കളിച്ചു. അധിക സമയത്തിന്റെ അവസാന മിനിറ്റിൽ പകരക്കാരനായിറങ്ങിയ ഗോകുലത്തിന്റെ ഫോർവേഡ് രൻജീത് സിങ് നേടിയ ഗോളിലൂടെ അരഡസൻ തികച്ച് 6-3 സ്കോറിലെത്തിച്ചു.
ആറു വിജയവും നാലു സമനിലയും അഞ്ച് തോൽവിയുമായി 22 പോയന്റുമായി ആറാം സ്ഥാനത്താണ് ഗോകുലം. 28 പോയന്റുമായി ചർച്ചിൽ ബ്രദേഴ്സാണ് പട്ടികയിൽ ഒന്നാമത്.