ഐ ലീഗ് ഫുട്ബോൾ ഇന്ന് ഗോകുലം -ചർച്ചിൽ ബ്രദേഴ്സ്
text_fieldsകോഴിക്കോട്: ഐ ലീഗിൽ രണ്ടാം ഹോം മത്സരത്തിൽ ഗോകുലം ശനിയാഴ്ച ചർച്ചിൽ ബ്രദേഴ്സ് എഫ്.സി ഗോവയെ നേരിടും. രാത്രി ഏഴിന് കോഴിക്കോട് ഇ.എം എസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ സ്ത്രീകൾക്ക് പ്രവേശനം സൗജന്യമാണ്. ഇതുവരെ മൂന്നു മത്സരങ്ങൾ കളിച്ച ഗോകുലം അഞ്ച് പോയന്റുമായി പട്ടികയിൽ ആറാമതാണ്. ഏഴാം സ്ഥാനത്തുള്ള ചർച്ചിലിന് മൂന്നു മത്സരങ്ങളിൽനിന്ന് നാല് പോയന്റ് ആണ് സമ്പാദ്യം. മുൻ സീസണിൽ ചർച്ചിലിനോട് തോൽവി വഴങ്ങിയില്ലെന്ന മേൽക്കൈ ഗോകുലത്തിനുണ്ട്. സമാന ശൈലിയിൽ അക്രമിച്ചുകളിക്കുന്ന ഇരുടീമുകളും ഏറ്റുമുട്ടുമ്പോൾ ഇന്നത്തെ മത്സരത്തിൽ മികച്ച ഗോളുകൾ പിറന്നേക്കാം. കിരീടം തിരിച്ചുപിടിക്കാനുള്ള ശ്രമകരമായ യാത്രയിൽ ഗോകുലത്തിന് ഇന്ന് വിജയം അനിവാര്യമാണ്. നിലവിൽ എല്ലാ ടീമുകളും മൂന്നുവീതം മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ഏഴു പോയന്റുമായി ഇന്റർ കാശി എഫ്.സിയാണ് ഒന്നാം സ്ഥാനത്ത്. ‘‘ഗോളവസരങ്ങൾ നിരവധി പിറക്കുന്നെങ്കിലും വലയിലെത്തിക്കുന്നതിലെ പിഴവുകളാണ് ടീമിനെ അലട്ടുന്നത്. എനിക്ക് ഈ ടീമിൽ വിശ്വാസമുണ്ട്. ചർച്ചിലിനെതിരെ വിജയം തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം’’ ടീം ഹെഡ് കോച്ച് അന്റോണിയോ റുവേട പറയുന്നു.