ഐ ലീഗ്: ആദ്യ ഹോം മത്സരത്തിൽ ഗോകുലത്തെ പൂട്ടി ഐസോൾ, 1-1
text_fieldsകോഴിക്കോട് കോര്പറേഷന് ഗ്രൗണ്ടിൽ നടന്ന ഐ ലീഗ് ഫുട്ബാൾ മത്സരത്തിൽ ഐസോൾ എഫ്.സിക്കെതിരെ
ഗോകുലം കേരള താരം പി.പി. റിഷാദിന്റെ ഗോൾ –ബിമൽ തമ്പി
കോഴിക്കോട്: കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഐ ലീഗ് മത്സരത്തിൽ ഐസോൾ എഫ്.സിയോട് ഗോകുലം കേരളക്ക് സമനില. ആദ്യ ഹോം മത്സരത്തിൽ മലബാറിയൻസിനെ 1-1നാണ് മിസോറം സംഘം തളച്ചത്. 13ാം മിനിറ്റിൽ ഐസോൾ മിഡ്ഫീൽഡർ ഹൃയാതയും ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ഗോകുലം മധ്യനിരക്കാരൻ പി.പി റിഷാദും ഗോളുകൾ നേടി. ഇരു ടീമുകൾക്കും അഞ്ചുവീതം പോയന്റാണുള്ളതെങ്കിലും ഗോൾ ശരാശരിയിൽ മുന്നിലായ ഐസോളിന് പിന്നിൽ നാലാം സ്ഥാനത്താണ് ഗോകുലം.
ഐസോളിന്റെ ബിയാക്ഡിക എടുത്ത കോർണർ കിക്കിൽ ഫോർവേഡ് ഹൃയാതയ തലവെച്ച് ഗോളാക്കിയതോടെ മത്സരം സന്ദർശക ലീഡിലേക്കുയർത്തി. ആറാം മിനിറ്റിൽ ഗോകുലം ഫോർവേഡ് വി.പി സുഹൈർ വലതു വിങ്ങിലൂടെ ഗോൾ മുന്നേറ്റത്തിന് ഷോട്ടുതിർത്തെങ്കിലും ഐസോൾ ഗോൾകീപ്പർ ഹൃയാത്പുയ തടഞ്ഞിട്ടു. നീണ്ടും കുറുക്കിയുമുള്ള പാസുകൾ കളം നിറഞ്ഞ് തലക്കും വിലങ്ങും പാഞ്ഞതോടെ ഇരു ടീമുകളും തുടക്കം മുതലേ അറ്റാക്കിങ് കളി പുറത്തെടുത്തു.
17ാം മിനിറ്റിൽ ഗോകുലത്തിന്റെ സുഹൈറിന് മറ്റൊരവസരം കുടി ലഭിച്ചെങ്കിലും ഗോളിയുടെ സേവിലൂടെ ലക്ഷ്യം കാണാനായില്ല. 20ാം മിനിറ്റിൽ ഐസോളിന്റെ ഗോൾകീപ്പർ ഹൃയാത്പുയക്ക് കൂട്ടിയിടിയിൽ പരിക്കേറ്റതോടെ രാംചെന ഇറങ്ങി. 25ാം മിനിറ്റിൽ ഗോകുലത്തിന് അവസരം ലഭിച്ചെങ്കിലും ഐസോളിന്റെ പ്രതിരോധത്തിലൂടെ കോർണർ കിക്കിലേക്ക് മാറി. ഗോകുലത്തിന്റെ ഉറുഗ്വായ് താരം ചാവേസ് എടുത്ത കോർണർ കിക്കും ലക്ഷ്യം കണ്ടില്ല.
ഇൻജുറി ടൈമിന്റെ ആദ്യ മിനിറ്റിൽ ഗോകുലത്തിന്റെ മിഡ്ഫീൽഡർ റിഷാദ് ബോക്സിനു മുന്നിൽ നിന്ന് തൊടുത്ത ഷോട്ട് ഗോളി രാംചനക്ക് പിടികൊടുക്കാതെ വലയിൽ കയറി. ഐസോളിന്റെ പ്രതിരോധം ശക്തമായതിനാൽ രണ്ടാം പകുതിയുടെ തുടക്കം മുതൽ ലഭിച്ച അവസരങ്ങൾ ആതിഥേയർക്ക് മുതലാക്കാനായില്ല. ഗോകുലം 65ാം മിനിറ്റിൽ സലാം രാജൻ സിങ്ങിനെയും സൂസൈ രാജിനെയും കളത്തിലിറക്കി. ഹെറുസുലയും ഫെൽകിമയും റംപൂയയും ക്യാപ്റ്റൻ കിംകിമയും തീർത്ത ഐസോളിന്റെ പ്രതിരോധ കോട്ട മറികടക്കാൻ ഗോകുലത്തിന് വിയർത്തുതന്നെ കളിക്കേണ്ടിവന്നു. 76ാം മിനിറ്റിൽ ഐസോൾ സ്വാമയെയും പീറ്ററിനെയും കളത്തിലിറക്കി.