അടങ്ങാത്ത പകയുടെ കഥ; ‘ആ ഫൗൾ വേദനിപ്പിക്കാൻ, മുറിവേൽപിക്കാനായിരുന്നില്ല; ഒട്ടും പശ്ചാത്താപവുമില്ല’ -ഹാലൻഡിന്റെ അച്ഛൻ ആൽഫിയെ തകർത്ത ഫൗളിനെ കുറിച്ച് കീൻ
text_fields1). മാഞ്ചസ്റ്റർ യുനൈറ്റഡ്-ലീഡ്സ് മത്സരത്തിനിടെ റോയ് കീൻ പരിക്കേറ്റ് വീണപ്പോൾ ആക്രോശിക്കുന്ന ആൽഫി ഹാലൻഡ്, 2). മാഞ്ചസ്റ്റർ യുനൈറ്റഡ്-മാഞ്ചസ്റ്റർ സിറ്റി മത്സരത്തിനിടെ ആൽഫി ഹാലൻഡ് പരിക്കേറ്റ് വീണപ്പോൾ ആക്രോശിക്കുന്ന റോയ് കീൻ, 3) എർലിങ് ഹാലൻഡും പിതാവ് ആൽഫിയും
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇടക്കിടെ വാർത്തയിലെത്തുന്ന സംഭവമാണ് മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ താരം ആൽഫി ഹാലൻഡിനെതിരെ 2001 ഏപ്രിലിലെ ഡെർബിയിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ഐറിഷ് താരം റോയ് കീൻ നടത്തിയ ഫൗൾ. ആൽഫിയുടെ കരിയർതന്നെ അവസാനിപ്പിക്കാൻ ഇടയായി എന്നതടക്കം കനത്ത വിമർശനമാണ് കളിക്കളത്തിലെ പോരാട്ടവീര്യത്തിനും പരുക്കനടവുകൾക്കും പേരുകേട്ട കീനിന് കാൽനൂറ്റാണ്ടിലേറെയായി നേരിടേണ്ടിവരുന്നത്.
ഏറെ വർഷങ്ങൾക്കിപ്പുറം എർലിങ് ഹാലൻഡ് മാഞ്ചസ്റ്റർ സിറ്റിക്കായി കരാർ ഒപ്പുവെച്ചപ്പോൾ പിതാവ് ആൽഫിക്കേറ്റ കീനിന്റെ ഫൗൾ വീണ്ടും ചർച്ചാവിഷയമാവുകയും ചെയ്തു. എർലിങ് ഹാലൻഡ് ഒരിക്കലും മാഞ്ചസ്റ്റർ യുനൈറ്റഡിന് കളിക്കില്ലെന്നും അതിനുകാരണം പിതാവിന്റെ കരിയർ അവസാനിക്കാൻ കാരണമായ ഫൗൾ ചെയ്തത് കീൻ ആണെന്നതാണെന്നും വരെ വാർത്തകൾ വന്നു.
ആൽഫി ഹാലൻഡിനെ ഫൗൾ ചെയ്തതിൽ തനിക്കൊരിക്കലും പശ്ചാത്താപം തോന്നിയിട്ടില്ലെന്ന് പലതവണ വ്യക്തമാക്കിയിട്ടുള്ള റോയ് കീൻ ഇപ്പോഴിതാ വീണ്ടും പറയുന്നു, ‘‘ഞാൻ അത് ചെയ്തത് അയാളെ വേദനിപ്പിക്കാൻതന്നെയായിരുന്നു. എന്നാൽ, മുറിവേൽപിക്കാനായിരുന്നില്ല. അതൊരിക്കലും മോശം ടാക്കിൾ ആയിരുന്നില്ല’’.
ശരിക്കും നാലു വർഷം മുമ്പുള്ള സംഭവത്തിനുള്ള കീനിന്റെ പ്രതികാരമായിരുന്നു 2001ൽ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോർഡിൽ കണ്ടത്. 1997 സെപ്റ്റംബറിൽ ആൽഫി ഹാലൻഡ് ലീഡ്സ് യുനൈറ്റഡ് താരമായിരിക്കെ മാഞ്ചസ്റ്റർ യുനൈറ്റഡുമായുള്ള കളിക്കിടെ കാൽമുട്ടിന് പരിക്കേറ്റ് കീൻ മൈതാനത്ത് വീണു. എന്നാൽ, പരിക്ക് അഭിനയിക്കുകയാണെന്ന് കീനിന്റെ മുഖത്തേക്ക് കുനിഞ്ഞ് ഹാലൻഡ് ആക്രോശിച്ചു. ഇത് മനസ്സിൽകൊണ്ടുനടന്ന കീൻ നാലു വർഷത്തിനുശേഷം അവസരം കിട്ടിയപ്പോൾ പക തീർക്കുകയായിരുന്നു.
തന്റെ ആത്മകഥയിൽ കീൻ എഴുതി, ‘‘എന്റെ കാത്തിരിപ്പിന് ഫലമുണ്ടായി. ഞാൻ അയാളെ ശക്തമായി കാലുകൊണ്ടിടിച്ചു. ഞാൻ പരിക്ക് അഭിനയിക്കുകയാണെന്ന് പറഞ്ഞയാളെ വെറുതെ വിടാനാവില്ല’’. മത്സരശേഷം 5000 പൗണ്ട് പിഴയും മൂന്ന് മത്സരങ്ങളിൽ വിലക്കും ലഭിച്ച കീനിന് ആത്മകഥയിലെ തുറന്നുപറച്ചിലിനു പിന്നാലെ ഒന്നര ലക്ഷം പൗണ്ട് പിഴയും അഞ്ച് മത്സരങ്ങളിൽ സസ്പെൻഷനും കൂടി ലഭിച്ചു. കളി നിർത്തിയതിനുശേഷം 2014ലെ രണ്ടാം ആത്മകഥയിലും കീൻ നിലപാട് ആവർത്തിച്ചു. ‘‘അയാളെ ഫൗൾ ചെയ്തതിൽ എനിക്ക് പശ്ചാത്താപമില്ല. ഞാൻ ഒരുപാട് കളിക്കാരെ ഫൗൾ ചെയ്തിട്ടുണ്ട്. അയാളെയും ഫൗൾ ചെയ്തു’’.
തന്റെ ചെയ്തിയെ പ്രതികാരമെന്ന് വിളിക്കാനാവില്ലെന്ന് കീൻ പറയുന്നു. ‘‘എന്നെ വേദനിപ്പിച്ചവരെല്ലാം എന്റെ മനസ്സിലുണ്ടാവും. അവർക്കെതിരെ അവസരം കിട്ടിയാൽ ഞാൻ ഫൗൾ ചെയ്യും. ഹലാൻഡിനെതിരെ മാത്രമല്ല, റോബ് ലീക്കെതിരെയും ഡേവിഡ് ബാറ്റിക്കെതിരെയും അലൻ ഷിയറർക്കെതിരെയും പാട്രിക് വിയേരക്കെതിരെയും അത് ചെയ്തിട്ടുണ്ട്. പ്രതികാരമായിരുന്നു ലക്ഷ്യമെങ്കിൽ നാലു വർഷമൊന്നും ഞാൻ കാത്തിരിക്കുമായിരുന്നില്ല’’ -കീനിന്റെ വാക്കുകൾ.
കീനിന്റെ ടാക്കിൾ ആൽഫിയുടെ കരിയർ അവസാനിപ്പിച്ചു എന്നായിരുന്നു ഫുട്ബാൾ ലോകത്ത് അന്ന് പ്രചരിച്ച വാർത്ത. എന്നാൽ, സത്യം അതല്ലായിരുന്നു. കീൻ ചവിട്ടിയത് ആൽഫിയുടെ വലതുകാലിനായിരുന്നു. എന്നാൽ, ഇടതുകാലിന് നേരത്തേയുണ്ടായിരുന്ന പരിക്കാണ് വില്ലനായത്. സീസണിനൊടുവിൽ ഇടതുകാലിന് ശസ്ത്രക്രിയ നടത്തേണ്ടിവന്ന ആൽഫിക്ക് പിന്നീട് കരിയർ തുടരാനായില്ല.
മിഡ്ഫീൽഡിലും റൈറ്റ് ബാക്കായും കളിച്ചിരുന്ന ആൽഫി സിറ്റിക്കായി 35ഉം ലീഡ്സിനായി 72ഉം നോട്ടിങ്ഹാം ഫോറസ്റ്റിനായി 72ഉം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നോർവേ ജഴ്സിയിൽ 34 മത്സരങ്ങളിലും ഇറങ്ങി. മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ഇതിഹാസ താരങ്ങളിലൊരാളായ റോയ് കീൻ ക്ലബിനായി 326 മത്സരങ്ങൾ കളിച്ചു. നോട്ടിങ്ഹാം ഫോറസ്റ്റിനായി 114 കളികളിലും ഇറങ്ങി. അയർലൻഡ് ജഴ്സിയിൽ 67 തവണ കളിച്ചു. ക്ലബിനായും രാജ്യത്തിനായും നിർണായക ഗോളുകളും നേടിയിട്ടുണ്ട് ക്യാപ്റ്റൻ കൂടിയായിരുന്ന മിഡ്ഫീൽഡർ.


