ഇവൻ കലിയുഷ്നി; പുതിയ അവതാരപ്പിറവി
text_fieldsകൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ (ഐ.എസ്.എൽ) ഒമ്പതാം സീസണിലേക്കായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച് ഒളിപ്പിച്ചുവെച്ച വെടിക്കോപ്പായിരുന്നു ഇവാന്‍ വോളോഡിമിറോവിച് കലിയുഷ്‌നി എന്ന യുക്രെയ്ൻ അവതാരം.
കൊൽക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാളിനെതിരായ ഉദ്ഘാടന മത്സരത്തിൽ രണ്ടാംപകുതിയിൽ പകരക്കാരനായി ഇറങ്ങി ഏഴു മിനിറ്റിനുള്ളിൽ രണ്ടു തകർപ്പൻ ഗോളുകൾ. മിനിറ്റുകൾകൊണ്ടാണ് കലിയുഷ്നി മഞ്ഞപ്പട ആരാധകരുടെ ഹൃദയത്തിൽ കയറിക്കൂടിയത്.
ഗ്രൗണ്ട് മധ്യത്തിൽനിന്ന് എതിർ ബോക്സിലേക്ക് നടത്തിയ ഒരു സോളോ റണ്ണാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. പിന്നീട് കോര്‍ണര്‍ കിക്കിന്റെ ഫലമായി ബോക്‌സിനു പുറത്തേക്കുവന്ന പന്ത് ഇവാൻ ഇടങ്കാലന്‍ ബുള്ളറ്റ് ഷോട്ടിലൂടെ ബംഗാളിന്‍റെ വലയിലെത്തിച്ചപ്പോൾ ഗാലറിയിലെ ആവേശം വാനോളമുയർന്നു.
ആറടി രണ്ടിഞ്ച് ഉയരമുള്ള 24കാരനായ കലിയുഷ്നി പുതിയ സീസണിൽ വായ്പാടിസ്ഥാനത്തിലാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. യുക്രെയ്നിലെ മുൻനിര ടീമുകളായ ഡൈനാമോ കീവിനും മെറ്റലിസ്റ്റ് ഖാർകിവിനും ബൂട്ടുകെട്ടിയ പരിചയസമ്പത്തുമായാണ് താരം കൊച്ചിയിലെത്തുന്നത്. യുവേഫ യൂത്ത് ലീഗില്‍ ഡൈനാമോ കീവിനുവേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്.
യുെക്രയ്ന്‍ ക്ലബായ എഫ്.കെ ഒലെക്‌സാന്‍ഡ്രിയയില്‍നിന്നാണ് ഇവാനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. സെന്‍റർ മിഡ്ഫീല്‍ഡറായ ഇവാന് ഏതു പൊസിഷനിലും ഒരുപോലെ കളിക്കാനാകും. മെറ്റലിസ്റ്റ് ഖാര്‍കിവിലൂടെയായിരുന്നു സീനിയര്‍ തലത്തിൽ അരങ്ങേറിയത്.
2018-19ലെ ആദ്യ സീസണില്‍ 27 മത്സരങ്ങളില്‍ മെറ്റലിസ്റ്റിന് ബൂട്ടുകെട്ടി. അടുത്ത സീസണിൽ വായ്പാടിസ്ഥാനത്തില്‍ റൂഖ് എല്‍വീവിൽ. 32 മത്സരങ്ങള്‍ കളികളിൽ രണ്ടുതവണ വല കുലുക്കിയ ഇവാൻ 2021ല്‍ ഒലെക്‌സാന്‍ഡ്രിയയുടെ അണിയിലെത്തി.
ടീമിനുവേണ്ടി 23 കളികളില്‍ രണ്ട് ഗോളുകൾ. റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തോടെ രാജ്യത്തെ ഫുട്ബാൾ ലീഗ് പാതിവഴിയില്‍ ഉപേക്ഷിച്ചു. തുടർന്ന് വായ്പാടിസ്ഥാനത്തില്‍ ഐസ്‌ലന്‍ഡിലെ ടോപ് ഡിവിഷന്‍ ക്ലബായ കെഫ്‌ലാവിക്കിനുവേണ്ടി കളിക്കുകയായിരുന്നു.
കെഫ്‌ലാവിക്കിൽനിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. കഴിഞ്ഞ സീസണിൽ മധ്യനിരയിൽ ലൂനയെ കൂടാതെ, ഒരു വിദേശതാരത്തിന്‍റെ കൂടി അഭാവം ടീമിന്‍റെ പ്രധാന പ്രശ്നങ്ങളിലൊന്നായിരുന്നു. ആ വിടവാണ് ഇത്തവണ ഇവാനിലൂടെ പരിശീലകൻ നികത്തിയത്.
മത്സരശേഷം പരിശീലകൻ വുകോമനോവിച് താരത്തെ പ്രശംസകൊണ്ട് മൂടി. ഈ അധിക ആയുധം ഏത് സാഹചര്യങ്ങളിലും ഉപയോഗിക്കാമെന്നും അവനെ പോലൊരു മിഡ്ഫീൽഡർ കഴിഞ്ഞ വർഷം ഞങ്ങൾക്ക് ഇല്ലായിരുന്നെന്നും കോച്ച് പറഞ്ഞു.
കളമറിഞ്ഞ് കളിച്ച് ആശാൻ...
കളമറിഞ്ഞ് കളി മെനയുന്ന പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്‍റെ തന്ത്രങ്ങളാണ് രണ്ടാം പകുതിയിൽ ടീമിന്‍റെ കളി മാറ്റിയത്. സഹൽ അബ്ദുസ്സമദിനു പകരം കെ.പി. രാഹുലിനെ കളത്തിലിറക്കിയതോടെ ബ്ലാസ്റ്റേഴ്സിന്‍റെ ആക്രമണങ്ങൾക്ക് മൂർച്ചയേറി.
തൊട്ടുപിന്നാലെ ഇരട്ട സബ്സ്റ്റിറ്റ്യൂഷൻ. പ്യൂട്ടിയക്കു പകരം കലിയുഷ്നിയും അപ്പോസ്‌തലസിനു പകരം ബിന്ദ്യാസഗറും ഇറങ്ങിയതോടെ ബ്ലാസ്റ്റേഴ്സ് രൗദ്രഭാവം പുറത്തെടുത്തു. മികച്ച മുന്നേറ്റങ്ങൾക്കൊപ്പം ഗോളുകളും പിറന്നു.
മൂർച്ചയില്ലാത്ത മുന്നേറ്റ നിര
നായകൻ ജെസെൽ കർണെയ്റോ, ഫുൾ ബാക്ക് ഹർമൻജോത് ഖബ്ര, ലാല്‍തംഗ ഖാല്‍റിങ്, (പ്യൂട്ടിയ), ഉറുഗ്വായ് താരം അഡ്രിയാൻ ലൂന എന്നിവരുടെ പ്രകടനം ടീമിന്‍റെ വിജയത്തിന് നിർണായകമായി. ഗ്രൗണ്ടിന്‍റെ മധ്യത്തിൽനിന്ന് ഖബ്ര എതിർബോക്സിലേക്ക് ഉയർത്തി നൽകിയ പന്താണ് ലൂന മനോഹരമായി വലയിലെത്തിച്ചത്. ഈസ്റ്റ് ബംഗാളിന്‍റെ മുന്നേറ്റനിരയെ പ്രതിരോധിച്ചതിൽ ഖബ്രയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്.
മത്സരത്തിന്‍റെ ആദ്യ പകുതിയിൽ ബംഗാൾ പ്രതിരോധ താരങ്ങൾ വരിഞ്ഞുമുറുക്കിയ േപ്ലമേക്കർ ലൂന, രണ്ടാംപകുതിയിൽ കളം നിറഞ്ഞു കളിക്കുന്നതാണ് കണ്ടത്. പ്രതിരോധ താരങ്ങളിൽനിന്ന് സമർഥമായി ഒഴിഞ്ഞുമാറി മികച്ച മുന്നേറ്റങ്ങൾ നടത്തി. ഇവാൻ-ലൂന കോമ്പിനേഷൻ വരുംമത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന് കരുത്താകും.
അറ്റാക്കിങ് മിഡ്ഫീൽഡ്, സെൻട്രൽ മിഡ്ഫീൽഡ്, ഡിഫൻസിവ് മിഡ്ഫീൽഡ് തുടങ്ങി ഏത് പൊസിഷനിലും ഒരുപോലെ ഇരു താരങ്ങൾക്ക് തിളങ്ങാനാകും. ലൂനയെ പോലെ മധ്യനിരയിൽ കളി മെനയാനുള്ള പ്യൂട്ടിയയുടെ കഴിവ് ആദ്യ മത്സരത്തിൽ ടീമിന് മുതൽക്കൂട്ടായി. മുന്നേറ്റ നിരയിലേക്ക് പന്തു കൈമാറുന്നതിൽ താരം വിജയിച്ചു.
നായകനൊത്ത കളിയായിരുന്നു ജെസെലിന്‍റേത്. കയറിയും ഇറങ്ങിയും കളിച്ച താരം പ്രതിരോധം കോട്ടപോലെ കാത്തു. മുന്നേറ്റനിരയിൽ പുതുതായി ടീമിലെത്തിയ വിദേശതാരങ്ങളായ ദിമിത്രിയോസ് ഡയമന്റകോസും അപ്പോസ്‌തലസ് ജിയാനോയും വരുംമത്സരങ്ങളിൽ പ്രതീക്ഷക്കൊത്ത് ഉയരുമെന്ന കണക്കുകൂട്ടലിലാണ് ആരാധകർ. ഇവരിൽ ഒരാൾക്കു പകരമായി കലിയുഷ്നിയെ ആദ്യ ഇലവനിൽ പരീക്ഷിക്കാനുള്ള സാധ്യതയും കോച്ചിനു മുന്നിലുണ്ട്.