ഐ.എസ്.എൽ: മുംബൈയെ 5-0ത്തിന് മുക്കി ബംഗളൂരു സെമിയിൽ
text_fieldsബംഗളൂരു: കഴിഞ്ഞ അഞ്ച് കളിയിലും ബംഗളൂരു എഫ്.സിയോട് തോൽവിയില്ലെന്ന വമ്പുമായെത്തിയ മുംബൈ സിറ്റി എഫ്.സിയെ അഞ്ച് ഗോളിന് മുക്കി ആതിഥേയർ കണക്കുതീർത്തു. ബംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ ഒന്നാം പ്ലേഓഫിൽ ബംഗളൂരുവിനായി വാളെടുത്തവരെല്ലാം വെളിച്ചപ്പാടായപ്പോൾ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഗോൾമഴയിൽ മുങ്ങി. ബംഗളൂരുവിനായി സുരേഷ് സിങ് വാങ്ജം, എഡ്ഗാർ മെൻഡസ്, റയാൻ വില്യംസ്, സുനിൽ ഛേത്രി, പെരേര ഡയസ് എന്നിവർ സ്കോർ ചെയ്തു. സെമിയിൽ എഫ്.സി ഗോവയാണ് ബംഗളൂരുവിന്റെ എതിരാളികൾ.
കളി ചൂടുപിടിക്കുംമുമ്പേ എതിർ വലയിൽ പന്തെത്തിച്ച് ബംഗളൂരു മേൽക്കൈ നേടി. ഒമ്പതാം മിനിറ്റിൽ മൈതാനത്തിന്റെ മധ്യത്തിൽനിന്ന് വിനീത് വെങ്കടേഷിൽനിന്ന് പന്ത് സ്വീകരിച്ച റയാൻ വില്യംസ് വലതു പാർശ്വത്തിലൂടെ എതിർബോക്സിലേക്ക് പാഞ്ഞുകയറി. ഗോൾ മുഖത്തേക്ക് റയാൻ നൽകിയ പന്ത് ക്ലിയർ ചെയ്യുന്നതിൽ സിറിയൻ ഡിഫൻഡർ തായിർ ക്രൗമക്ക് പിഴച്ചപ്പോൾ പന്തിലേക്ക് ഓടിയെത്തിയ സുരേഷ് സിങ് വാങ്ജം തൊടുത്ത ഗ്രൗണ്ടർ മുംബൈയുടെ വല കുലുക്കി (1-0). തിരിച്ചടിക്കാൻ മുംബൈ കിണഞ്ഞു പരിശ്രമിക്കവെ, 16ാം മിനിറ്റിൽ ജോർജ് ഓർട്ടിസ് ബംഗളൂരുവിന്റെ വല ചലിപ്പിച്ചെങ്കിലും ലൈൻ റഫറി ഓഫ്സൈഡ് ഫ്ലാഗുയർത്തി.
ആതിഥേയരുടെ ആക്രമണം തുടരുന്നതിനിടെ ദൗർഭാഗ്യകരമായ പെനാൽറ്റിയിലൂടെ രണ്ടാം ഗോൾ പിറന്നു. ബോക്സിൽ റയാൻ വില്യംസിനെ എതിർതാരം വാൻപൂയ ഫൗൾ ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് റഫറി പെനാൽറ്റി അനുവദിച്ചത്. എന്നാൽ, റീപ്ലെയിൽ വാൻപൂയ പന്തിലാണ് ആദ്യം ടച്ച് ചെയ്തതെന്ന് തെളിഞ്ഞെങ്കിലും ഐ.എസ്.എല്ലിൽ റിവ്യൂ സിസ്റ്റമില്ലാത്തതിനാൽ പെനാൽറ്റി തീരുമാനം പിൻവലിച്ചില്ല. കിക്കെടുത്ത എഡ്ഗാർ മെൻഡസ് എതിർ ഗോളി പൂർബ ലചൻപയെ കബളിപ്പിച്ച് പന്ത് വലയിൽ (2-0). ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലെ നാലാം മിനിറ്റിൽ മുംബൈക്ക് ലഭിച്ച ഫ്രികിക്ക് ഗോളാക്കാനായില്ല. ഓർട്ടിസ് എടുത്ത കിക്ക് ഗോളി ഗുർപ്രീതിനെ കടന്നെങ്കിലും ക്രോസ് ബാറിൽ തട്ടിത്തെറിച്ചു.
ഇടവേളക്കു പിന്നാലെ ബംഗളൂരു നിരയിൽ വിനീത് വെങ്കടേഷിന് പകരം ഛേത്രിയെത്തി. വൈകാതെ മൂന്നാം ഗോളും കുറിച്ച് ആതിഥേയർ കളി പൂർണമായും വരുതിയിലാക്കി. 62ാം മിനിറ്റിൽ മുംബൈയുടെ മുന്നേറ്റത്തെ തടഞ്ഞ് പന്ത് പിടിച്ചെടുത്ത സുരേഷ് സിങ് വാങ്ജമിന്റെ ത്രൂപാസ് എതിർ പ്രതിരോധത്തെ കടന്ന് നേരെ റയാൻ വില്യംസിലേക്ക്. ഇത്തവണ പിഴവില്ലാതെ റയാന്റെ ഫിനിഷിങ് (3-0). 76ാം മിനിറ്റിൽ നാലാം ഗോൾ വീണു. എതിർ ഗോൾകീപ്പറുടെ ക്ലിയറൻസ് പിഴച്ചപ്പോൾ പന്ത് പിടിച്ചെടുത്ത ഛേത്രി ഡയസിന് പാസ് നൽകി. ഡയസിൽനിന്ന് തിരിച്ച് ഛേത്രിയിലേക്ക്. സ്ഥാനം തെറ്റി നിന്ന് ഗോളിയെ നിസ്സഹായനാക്കി ബോക്സിന് പുറത്തുനിന്ന് ഛേത്രിയുടെ ഒന്നാന്തരം ഷോട്ട് മുംബൈ വലയിൽ (4-0). 83ാം മിനിറ്റിൽ ഓഫ്സൈഡ് മണമുള്ള ഗോളിൽ ഡയസ് പട്ടിക പൂർത്തിയാക്കി (5-0).