ഐ.എസ്.എൽ: ബ്ലാസ്റ്റേഴ്സ് ഇന്ന് പഞ്ചാബ് എഫ്.സിക്കെതിരെ
text_fieldsകേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരിശീലനത്തിൽ
ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്താൻ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ഇന്ന് പഞ്ചാബ് എഫ്.സിക്കെതിരെ. പഞ്ചാബ് ടീമിന്റെ ഹോം ഗ്രൗണ്ടായ ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി നടക്കുന്ന മത്സരം ഇരു ടീമിനെയും സംബന്ധിച്ച് പ്രധാനമാണ്. റഫറിമാരെ വിമർശിച്ചതിന് അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ വിലക്കേർപ്പെടുത്തിയ പരിശീലകൻ ഇവാൻ വുകോമാനോവിചിന്റെ അഭാവത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. എഫ്.സി ഗോവയോട് അവരുടെ മണ്ണിലേറ്റ ഒറ്റ ഗോൾ തോൽവിയുടെ ക്ഷീണം മറന്ന് പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുന്നതിനുള്ള ഒരുക്കത്തിൽ ജയത്തിൽ കുറഞ്ഞൊന്നും മഞ്ഞപ്പടക്ക് ആവശ്യമില്ല. ഐ ലീഗ് ചാമ്പ്യന്മാരെന്ന നിലയിൽ സ്ഥാനക്കയറ്റം നേടി ഐ.എസ്.എല്ലിനെത്തിയ പഞ്ചാബിന് സമനിലകളും തോൽവിയും മാത്രമാണ് സമ്പാദ്യം. ഒമ്പത് മത്സരങ്ങളിൽ അഞ്ച് ജയവും രണ്ട് വീതം സമനിലയും തോൽവിയുമായി 17 പോയന്റാണ് രണ്ടാം സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്സിനുള്ളത്. 20 പോയന്റുള്ള ഗോവയെ മറികടന്ന് ഇന്ന് മുന്നിൽക്കയറണമെങ്കിൽ വലിയ വ്യത്യാസത്തിൽ ജയിക്കണം. അഞ്ച് പോയന്റുമായി 11ാം സ്ഥാനത്താണ് പഞ്ചാബ്.
സ്വന്തം മൈതാനത്ത് അപരാജിത യാത്ര തുടർന്ന ബ്ലാസ്റ്റേഴ്സ് എവേ മത്സരങ്ങളിലാണ് തോറ്റത്. ആദ്യം മുംബൈയോടും പിന്നെ ഗോവയോടും. സീസണിലെ പ്രകടനം നോക്കുമ്പോൾ പഞ്ചാബ് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ബാലികേറാമലയല്ല. ദിമിത്രിയോസ് ഡയമന്റകോസും ക്വാമി പെപ്രയും ക്യാപ്റ്റൻ അഡ്രിയാൻ ലൂണയും ഡൈസൂകെ സകായിയും കെ.പി. രാഹുലുമെല്ലാം ഗോളടിക്കുന്നതിലും അവസരങ്ങളുണ്ടാക്കുന്നതിലും മിടുക്കരാണ്. പ്രീതം കോട്ടാൽ, പരിക്ക് ഭേദമായി തിരിച്ചെത്തിയ മാർകോ ലെസ്കോവിച് തുടങ്ങിയവരെ പ്രതിരോധനിരയിൽ വിശ്വസിക്കാം. ഗോൾ പോസ്റ്റിൽ സച്ചിൻ സുരേഷും മികവ് തെളിയിച്ചയാളാണ്. സഹപരിശീലകൻ ഫ്രാങ്ക് ഡോവന്റെ ശിക്ഷണത്തിലായിരിക്കും ഇന്ന് ബ്ലാസ്റ്റേഴ്സ്. ‘ഞങ്ങൾ സാധാരണയായി മത്സരങ്ങൾ നന്നായി തുടങ്ങുന്നു. കുറ്റമറ്റ ഫുട്ബാളാണ് ലക്ഷ്യം. അവസരങ്ങൾ സൃഷ്ടിക്കുകയും മുതലെടുക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, മൂന്ന് ഗോളുകൾ മാത്രം വഴങ്ങിയ എഫ്.സി ഗോവ പോലുള്ള കടുത്ത എതിരാളികൾക്കെതിരെ അവസരങ്ങൾ സൃഷ്ടിക്കുക വെല്ലുവിളിയായിരുന്നു. കിട്ടുന്ന കുറച്ച് അവസരങ്ങൾ നമ്മൾ മുതലാക്കണം. ശരിയായ നിമിഷത്തിൽ സ്കോർ ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. അത് കഴിഞ്ഞ മത്സരത്തിൽ ഞങ്ങൾക്കില്ലായിരുന്നു’-ഗോവക്കെതിരായ കളി ഡോവൻ വിലയിരുത്തിയത് ഇങ്ങനെ.