പെനാൽറ്റി ഗോളാക്കി പെട്രാറ്റോസും ഛേത്രിയും; ബംഗളൂരുവും മോഹൻ ബഗാനും ഒപ്പത്തിനൊപ്പം
text_fieldsമഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ ആദ്യ പകുതി പിന്നിടുമ്പോൾ ബംഗളൂരു എഫ്.സിയും എ.ടി.കെ മോഹന്‍ ബഗാനും ഓരോ ഗോൾ വീതം അടിച്ച് ഒപ്പത്തിനൊപ്പം. ആസ്ട്രേലിയൻ താരം ദിമിത്രി പെട്രാറ്റോസിന്‍റെ പെനാൽറ്റി ഗോളിലൂടെ എ.ടി.കെയാണ് മത്സരത്തിൽ ആദ്യം ലീഡെടുത്തത്.
മത്സരത്തിന്‍റെ 14ാം മിനിറ്റിലാണ് മോഹൻ ബഗാന് അനുകൂലമായി റഫറി പെനാൽറ്റി വധിച്ചത്. കോർണർ കിക്കിൽ ദിമിത്രി പെട്രാറ്റോസ് ബോക്സിനുള്ളിലേക്ക് ഉയർത്തി നൽകിയ പന്ത് റോയ് കൃഷ്ണയുടെ കൈയിൽ തട്ടുകയായിരുന്നു. കിക്കെടുത്ത ടീമിന്റെ ഗോളടിയന്ത്രം പെട്രറ്റോസ് പന്ത് അനായാസം പോസ്റ്റിന്റെ ഇടതു മൂലയിൽ എത്തിച്ചു. ഒന്നാംപകുതിയുടെ ഇൻജുറി ടൈമിൽ ബംഗളൂരുവിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോളാക്കി സുനിൽ ഛേത്രി ടീമിനെ ഒപ്പമെത്തിച്ചു.
ബോക്സിനുള്ളിൽ റോയ് കൃഷ്ണയെ ഫൗൾ ചെയ്തതിനാണ് ബംഗൂളുവിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. മത്സരത്തിന്‍റെ നാലാം മിനിറ്റിൽ തന്നെ സൂപ്പർ താരം ശിവശക്തി നാരായൺ പരിക്കേറ്റ് പുറത്തുപോയത് ബംഗളൂരുവിന് തിരിച്ചടിയായി. പകരക്കാരനായി സുനിൽ ഛേത്രി കളത്തിലിറങ്ങി.
ഇടതുവിങ്ങിലൂടെ മലയാളി താരം ആശിഖ് കുരുണിയൻ മികച്ച മുന്നേറ്റങ്ങൾ നടത്തി. കണങ്കാലിന് പരിക്കേറ്റ ആശിഖ് രണ്ടാംപാദ സെമിയിൽ ഹൈദരാബാദ് എഫ്.സിക്കെതിരെ കളിച്ചിരുന്നില്ല. കഴിഞ്ഞ ആറ് മത്സരങ്ങളിൽ ഒരുതവണ മാത്രമാണ് ബംഗളൂരു ടീം ബഗാനെ കീഴടക്കിയത്. നാല് വട്ടം ബഗാൻ ജയിച്ചു.