ഐ.എസ്.എൽ ഒന്നാംപാദ സെമി ഇന്നുമുതൽ
text_fieldsബംഗളൂരു: ഐ.എസ്.എൽ 11ാം സീസണിന്റെ ആദ്യ സെമി ഫൈനലിൽ എഫ്.സി ഗോവയും ബംഗളൂരു എഫ്.സിയും ബുധനാഴ്ച കളത്തിലിറങ്ങുന്നു. പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായി നേരിട്ട് സെമിയിലെത്തിയ എഫ്.സി ഗോവക്ക് പ്ലേ ഓഫിൽ മുംബൈ സിറ്റി എഫ്.സിയെ മറുപടിയില്ലാത്ത അഞ്ചുഗോളിന് തരിപ്പണമാക്കിയെത്തുന്ന ബംഗളൂരു കനത്ത വെല്ലുവിളിയാവും.
ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് ഒന്നാംപാദ സെമി. വ്യാഴാഴ്ച ജംഷഡ്പുരിൽ നടക്കുന്ന രണ്ടാം സെമിയിൽ ഈ സീസണിലെ ഷീൽഡ് ജേതാക്കളായ മോഹൻ ബഗാൻ പ്ലേ ഓഫിൽ നോർത്ത് ഈസ്റ്റിനെ വീഴ്ത്തിയ ജംഷഡ്പുർ എഫ്.സിയുമായി ഏറ്റുമുട്ടും.
മനോലോയുടെ തന്ത്രങ്ങൾ
10 സീസണിനിടെ ഇതുവരെ ഐ.എസ്.എൽ ട്രോഫി നേടാനായിട്ടില്ലെന്ന സങ്കടം ഗോവക്ക് ബാക്കിയുണ്ട്. ഇത്തവണ മനോലോ മാർക്വേസിന് കീഴിൽ കരുത്തരായ ഗോവക്ക് കലാശക്കളിയിലേക്ക് ടിക്കറ്റ് എളുപ്പമാവണമെങ്കിൽ ബംഗളൂരുവിനെ അവരുടെ തട്ടകത്തിൽ വീഴ്ത്താൻ കഴിയണം. സ്വന്തം മണ്ണിൽ പതിവിലേറെ കരുത്തുപ്രകടിപ്പിക്കുന്ന ടീമായ ബംഗളൂരുവിനെതിരെ ചാമ്പ്യൻ കോച്ചായ മനോലോയുടെ തന്ത്രങ്ങൾ ഏശുമോ എന്ന് കളത്തിലറിയാം.
കഴിഞ്ഞ സീസണിലും സെമി ഫൈനലിസ്റ്റുകളായിരുന്നു ഗോവ. ഇരുപാദത്തിലും മുംബൈയോട് തോറ്റ് പുറത്താവുകയായിരുന്നു. കഴിഞ്ഞ അഞ്ചു വർഷത്തെ കോച്ചിങ് കരിയറിനിടെ മനോലോ പരിശീലിപ്പിച്ച ഒരു ടീമും ബംഗളൂരുവിനോട് തോറ്റിട്ടില്ലെന്ന കൗതുകകരമായ വസ്തുത കൂടിയുണ്ട്. ഇരു ടീമും ഒരുപോലെ ശക്തരായതിനാൽ മത്സരം എക്സ്ട്രാടൈമിലേക്ക് നീളുമെന്നാണ് മനോലോയുടെ കണക്കുകൂട്ടൽ.
24 മത്സരങ്ങളിൽനിന്ന് 48 പോയന്റ് വാരിയായിരുന്നു എഫ്.സി ഗോവയുടെ സെമി പ്രവേശം. മൂന്നാമതെത്തിയ ബംഗളൂരുവിനെക്കാളും 10 പോയന്റ് അധികം. ഐ.എസ്.എല്ലിൽ ഇരു ടീമും 17 തവണ ഏറ്റുമുട്ടിയതിൽ ഏഴു തവണ ബംഗളൂരുവും അഞ്ചു തവണ ഗോവയും ജയിച്ചു. അഞ്ചെണ്ണം സമനിലയിലായി. അതേസമയം, ഗോവക്കെതിരെ മികച്ച ഹോം റെക്കോഡാണ് ബംഗളൂരുവിനുള്ളത്. ഗോവക്കെതിരെ കണ്ഠീരവയിൽ കളിച്ച അവസാന ആറിൽ നാലും ആതിഥേയർ ജയിച്ചിരുന്നു.
രണ്ടെണ്ണം സമനിലയിലുമായി. വൻ താരങ്ങളില്ലെങ്കിലും ടീമെന്ന നിലയിൽ മികച്ച ആക്രമണ ശൈലിയുള്ള ഗോവയുടെ ഗോൾ പ്രതീക്ഷകൾ അർമാൻഡോ സാദിഖു, ഗോരത്ചെന, ബ്രൈസൺ ഫെർണാണ്ടസ്, മുഹമ്മദ് യാസിർ എന്നിവരിലാണ്. ഒഡേഒനിൻഡ്യ, സന്ദേശ് ജിങ്കാൻ, കാൾ മക്യൂ എന്നിവരടങ്ങുന്ന പ്രതിരോധവും ബംഗളൂരുവിന് കടുത്ത വെല്ലുവിളിയാവും.
ഛേത്രിത്തിളക്കം
നിലവിലെ ചാമ്പ്യന്മാരായ മുംബൈക്കെതിരായ തകർപ്പൻ ജയത്തോടെ ആത്മവിശ്വാസത്തിന്റെ ഉച്ചിയിലാണ് ബംഗളൂരു ടീം. മികച്ച ഫോമിൽ കളിക്കുന്ന സുനിൽ ഛേത്രി, റയാൻ വില്യംസ്, പെരേര ഡയസ്, എഡ്ഗാർ മെൻഡസ്, സുരേഷ് സിങ്, ക്യാപ്റ്റൻ രാഹുൽ ബേക്കെ തുടങ്ങിയവരെല്ലാം ഗോളടിക്കാൻ വിരുതുള്ളവരാണ്. ഏതെങ്കിലും ഒരു താരത്തെ കേന്ദ്രീകരിച്ചല്ല ബംഗളൂരുവിന്റെ പ്രകടനമെന്നതാണ് ശ്രദ്ധേയം.
ലീഗിലെ ഇന്ത്യൻ ടോപ്സ്കോററായ സുനിൽ ഛേത്രി മുംബൈക്കെതിരായ പ്ലേ ഓഫിൽ രണ്ടാം പകുതിയിലാണ് ഇറങ്ങിയത്. ഒന്നാം പകുതിയിൽ റയാൻ വില്യംസും എഡ്ഗാർ മെൻഡസുമാണ് ആക്രമണം നയിച്ചതെങ്കിൽ രണ്ടാം പകുതിയിൽ ഛേത്രിയും ഡയസുമായിരുന്നു കോച്ച് ജെറാർഡ് സരഗോസയുടെ അറ്റാക്കിങ് ആയുധങ്ങൾ.
പൂർണമായും ഇന്ത്യൻ താരങ്ങൾ അണിനിരന്ന പിഴവില്ലാത്ത പ്രതിരോധമായിരുന്നു കഴിഞ്ഞകളിയിൽ ബംഗളൂരുവിന്റേത്. സെമിയിൽ പ്രതിരോധത്തിലേക്ക് വിദേശ താരം ജൊവാനോവിച്ച് മടങ്ങിയെത്തിയേക്കും. ദേശീയ ടീമിൽ പതിവായി കളിക്കുന്ന ഒരുപിടി താരങ്ങളാണ് ബംഗളൂരുവിന്റെ കരുത്ത്. ഓരോ സീസണിലും ടീമിനെ അഴിച്ചുപണിയുന്നതിന് പകരം കോർ ടീമിനെ നിലനിർത്തി ചെറിയ ചില മാറ്റങ്ങളാണ് ബംഗളൂരു വരുത്താറുള്ളത്.