ആ കണക്കുവീട്ടിത്തന്നെ ബ്ലാസ്റ്റേഴ്സ് തുടങ്ങി; ബംഗളൂരുവിനെ വീഴ്ത്തിയത് 2-1ന്
text_fieldsകൊച്ചി: കണക്കുതീർക്കലിന്‍റെ കളിയരങ്ങിൽ ബ്ലാസ്റ്റേഴ്സ് ആ കടം വീട്ടിത്തന്നെ തുടങ്ങി. അതു കാണാൻ എതിർ നായകൻ സുനിൽ ഛേത്രി ഇല്ലാതിരുന്നെങ്കിലും. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിന്‍റെ പത്താം റൗണ്ടിലെ ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്.സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി തകർപ്പൻ തുടക്കമിട്ട കേരള ബ്ലാസ്റ്റേഴ്സിന് അതൊരു മധുര പ്രതികാരമായിരുന്നു.
കഴിഞ്ഞ തവണ കളി തീരുംമുമ്പേ കളത്തിൽനിന്ന് കയറിപ്പോകാൻ കാരണക്കാരായ ബംഗളൂരുവിനെതിരായ ജയം അത്രയേറെ ആഗ്രഹിച്ച മഞ്ഞപ്പടക്ക് കലൂരിലെ വിജയത്തുടക്കം മിന്നുന്ന ആഘോഷമായി. ഗോൾരഹിതവും വിരസവുമായി ആദ്യ പകുതിക്കു ശേഷം 52-ാം മിനിറ്റിൽ സെൽഫ് ഗോളിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനു വേണ്ടി നായകൻ അഡ്രിയൻ ലൂണയാണ് 69-ാം മിനിറ്റിൽ രണ്ടാം ഗോൾ നേടിയത്. 88-ാം മിനിറ്റിൽ കർടിസ് മെയ്നാണ് ബംഗളൂരുവിനു വേണ്ടി വല കുലുക്കിയത്.
ഇരച്ചു പെയ്ത മഴക്കൊപ്പമാണ് കിക്കോഫ് വിസിൽ മുഴങ്ങിയത്. ഗാലറി നിറഞ്ഞു കവിഞ്ഞ് ആവേശാരവങ്ങൾ പെയ്തിറങ്ങിയ കളിത്തട്ടിൽ ആദ്യ നിമിഷങ്ങളിൽ ബ്ലാസ്റ്റേഴ്സിൻ്റെ കരുനീക്കങ്ങൾക്കായിരുന്നു മുൻതൂക്കം. 5 - 3 - 2 എന്ന അതീവ പ്രതിരോധാത്മകമായ ശൈലിയിൽ കളത്തിലിറങ്ങിയ ബംഗളൂരു ആദ്യ മിനിറ്റിൽ തന്നെ കോർണർ വഴങ്ങിയാണ് തുടക്കമിട്ടത്. പത്താം മിനിറ്റിലാണ് അവർ ആദ്യമായി ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്ത് പന്തെത്തിച്ചത്.
നനഞ്ഞ നീക്കങ്ങളായിരുന്നു കളിയുടെ ആദ്യ പാതിയിൽ. ആദ്യ അര മണിക്കൂറിൽ ഒരു ഷോട്ടു പോലും ഇരുഗോൾ മുഖത്തുമെത്തിയില്ല. മധ്യനിരയിൽ മേധാവിത്വം കാട്ടിയപ്പോഴും മുനകൂർത്ത നീക്കങ്ങൾ ബ്ലാസ്റ്റേഴ്സിൻ്റെ ഭാഗത്തു നിന്നുമുണ്ടായില്ല. കളി അര മണിക്കൂറാകവെ, ജാപ്പനീസ് താരം ദായ്സുകെ സഹായി കോർണർ ഫ്ലാഗിന് അരികെ നിന്ന് എതിർ ഡിഫൻഡറെ കട്ടുചെയ്തു കയറിയെങ്കിലും ബോക്സിന് തൊട്ടുപുറത്തു നിന്ന് അലക്സാണ്ടർ ജൊവാനോവിച്ച് ഫൗൾ ചെയ്തു വീഴ്ത്തി. ബ്ലാസ്റ്റേഴ്സ് താരങ്ങൾ പെനാൽറ്റി കിക്കിനായി അവകാശവാദമുന്നയിച്ചെങ്കിലും ഫ്രീ കിക്കിനുള്ള റഫറിയുടെ തീരുമാനമായിരുന്നു ശരി. ആ ഫ്രീകിക്കിനാവട്ടെ, ഒരു ചലനവും സൃഷ്ടിക്കാനായില്ല.
മത്സരത്തിലെ ആദ്യത്തെ ഉറച്ച അവസരം ബംഗളൂരുവിൻ്റെ വകയായിരുന്നു. അതാകട്ടെ, കളിയിലെ അവരുടെ ആദ്യ ഗോൾശ്രമവുമായിരുന്നു. വലതു വിങ്ങിൽ ബോക്സിന് പുറത്തുനിന്ന് മുൻ ബ്ലാസ്റ്റേഴ്സ് നായകൻ ജെസൽ കാർണീറോ വലയിലേക്ക് തൊടുത്ത തകർപ്പൻ ഷോട്ട് അവസാന നിമിഷം ആതിഥേയ ഗോളി സചിൻ സുരേഷ് തട്ടിപ്പുറത്തിടുകയായിരുന്നു. കളി പുരോഗമിക്കവെ, ആദ്യ പകുതിയുടെ അന്ത്യനിമിഷങ്ങളിൽ ബംഗളൂരു കൂടുതൽ ഒത്തിണക്കത്തോടെ കയറിയെത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഉറച്ചുനിന്നു. മറുതലക്കൽ 41-ാം മിനിറ്റിൽ വലതു വിങ്ങിലൂടെ നടത്തിയ മുന്നേറ്റത്തിനൊടുവിൽ, ബ്ലാസ്റ്റേഴ്സിൻ്റെ ഘാനക്കാരനായ പുതിയ സ്ട്രൈക്കർ ക്വാമെ പെപ്റയുടെ ആംഗുലർ ഷോട്ട് വലക്ക് മുകളിലൂടെ ലക്ഷ്യംതെറ്റിപ്പറന്നു.
രണ്ടാം പകുതിയുടെ തുടക്കം മുതൽ രണ്ടും കൽപ്പിച്ചുള്ള ആക്രമണ നീക്കങ്ങളായിരുന്നു ബ്ലാസ്റ്റേഴ്സിൻ്റേത്. ഇടവേള കഴിഞ്ഞ് കളി തുടങ്ങിയതിനൊപ്പം അൽപസമയത്തെ ഇടവേള കഴിഞ്ഞ് മഴയും തിരിച്ചെത്തി. നനഞ്ഞ പുൽത്തകിടിയിൽ കളിക്ക് ചൂടുപിടിച്ച് തുടങ്ങുകയായിരുന്നു. 51-ാം മിനിറ്റിൽ പെപ്റയുടെ പൊള്ളുന്ന ഷോട്ട് ബംഗളൂരു നായകനും ഗോളിയുമായ ഗുർപ്രീത് സിങ് സന്ധു തട്ടിയകറ്റുകയായിരുന്നു. ഇതിനു പകരമായി ലഭിച്ച കോർണർ കിക്കിൽ നിന്നാണ് ആദ്യ ഗോളിൻ്റെ പിറവി. ഗോൾമുഖത്തെ കൂട്ടപ്പൊരിച്ചിലിനിടയിലേക്ക് ഊർന്നു വീണ പന്ത് ക്ലിയർ ചെയ്യാനുള്ള ബംഗളൂരുവിൻ്റെ ഡച്ചുകാരനായ ഡിഫൻഡർ കെസിയ വീൻഡോർപിൻ്റെ ശ്രമം പാളി പന്ത് സ്വന്തം വലയിലേക്ക് വഴിമാറിയൊഴുകുകയായിരുന്നു. കാത്തിരുന്ന ഗാലറി ഉന്മാദ നൃത്തം ചവിട്ടി.
ഒരു ഗോൾ ലീഡിൻ്റെ പിൻബലത്തിൽ ബ്ലാസ്റ്റേഴ്സ് അൽപമൊന്ന് പിന്നോട്ടിറങ്ങിയപ്പോൾ ബംഗളൂരു പതിയെ കയറിയെത്തിത്തുടങ്ങി. 59-ാം മിനിറ്റിൽ ലഭിച്ച കോർണർ കിക്ക് അവരുടെ സമനില ഗോളിലേക്ക് വഴിയൊരുക്കാതെ പോയതിനുള്ള ക്രെഡിറ്റ് ജീക്സൺ സിങ്ങിനായിരുന്നു. സചിൻ തട്ടിയകറ്റിയ പന്ത് ഗോൾ വരയിലേക്ക് ഊർന്നിറങ്ങവേ, വായുവിൽ മലക്കം മറിഞ്ഞാണ് ജീക്സൺ അടിച്ചകറ്റിയത്.
ഇതിനു പിന്നാലെ ഗാലറിക്ക് ആഘോഷമായി രണ്ടാം ഗോളെത്തി. സഹതാരം മൈനസ് ചെയ്ത് നൽകിയ പന്ത് അനായാസം നിയന്ത്രിക്കാൻ ശ്രമിച്ച ഗുർപ്രീതിൻ്റെ കാലിൽ തട്ടിയൊന്ന് തെറിച്ചപ്പോൾ ഓടിയെത്തിയ ലൂണ ഉടനടി ഒഴിഞ്ഞ വലയിലേക്ക് പന്ത് തള്ളി. ആട്ടവും പാട്ടുമായി ഗാലറി പൂത്തുലയുകയായിരുന്നു പിന്നെ. അവസാന ഘട്ടങ്ങളിൽ ബംഗളൂരുവിൻ്റെ പ്രത്യാക്രമണ മോഹങ്ങളെ പിൻനിരയിൽ വരിഞ്ഞുമുറുക്കിയ ബ്ലാസ്റ്റേഴ്സ് ഡിഫൻസ് ജാഗരൂകമായിരുന്നു. എന്നാൽ, 88-ാം മിനിറ്റിൽ ഇടതു വിങ്ങിലൂടെ കന്നഡ സംഘം നടത്തിയ കടന്നാക്രമണം ആ കോട്ട പൊളിച്ചു. ബ്ലാസ്റ്റേഴ്സ് ഡിഫൻഡറുടെ ദേഹത്തു തട്ടി ഗതി മാറിയ പന്ത് ഇംഗ്ലീഷ് താരമായ മെയിനിലേക്കെത്തുമ്പോൾ അയാൾ മാർക്ക് ചെയ്യപ്പെടാതെ നിൽക്കുകയായിരുന്നു. പന്ത് അനായാസം മെയിൻ വലയിലേക്ക് തള്ളി. പിന്നീടുള്ള എതിർ മുന്നേറ്റങ്ങളെ ഫലപ്രദമായി പ്രതിരോധിച്ച് ആതിഥേയർ ആശിച്ച ജയം പിടിച്ചെടുക്കുകയായിരുന്നു. ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കു വേണ്ടി കളിക്കുന്നതിനാലാണ് ഛേത്രിയും ബ്ലാസ്റ്റേഴ്സ് താരം രാഹുൽ കെ.പിയും മത്സരത്തിനില്ലാതെ പോയത്.