വിജയം കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെൽഫ് ഗോളിൽ സമനില, പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ചു
text_fieldsകൊച്ചി: പ്ലേ ഓഫ് പ്രതീക്ഷകൾ ഏറെക്കുറെ അസ്തമിച്ച മൈതാനത്ത് ആശ്വാസജയവുമായി ഉയർത്തെഴുന്നേൽക്കാമെന്നു കൊതിച്ച കേരള ബ്ലാസ്റ്റേഴ്സിന് അവസാനമിനിറ്റുകളിൽ സെൽഫ് ഗോൾ വഴി സമനിലപ്പൂട്ട്. ഇതോടെ ചെറുതായെങ്കിലും അവശേഷിച്ചിരുന്ന മോഹങ്ങൾ പൊലിഞ്ഞ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് കാണാതെ മടങ്ങും. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ജാംഷഡ്പൂർ എഫ്.സിക്കെതിരെ നടന്ന മത്സരത്തിലാണ് ഇരു ടീമുകളും 1-1നാണ് സമനില പിടിച്ചത്.
35ാം മിനിറ്റിൽ കോറോ സിങ്ങിന്റെ കാലിൽ നിന്നുതിർന്ന ഗോളിൽ വിജയക്കരയിലെത്തിയെന്ന് ഏറെക്കുറെ ഉറപ്പിച്ചു നിന്ന ബ്ലാസ്റ്റേഴ്സിന് 86ാം മിനിറ്റിൽ സ്വന്തം ടീമിലെ പ്രതിരോധ താരം മിലോസ് ഡ്രിൻസിച്ച് അടിച്ച സെൽഫ് ഗോളിലാണ് എല്ലാം നഷ്ടമായത്.
പതിഞ്ഞ താളത്തിൽ തുടങ്ങിയ കളിക്കിടെ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് ആവേശം കൂട്ടാനോ മുദ്രാവാക്യം വിളിക്കാനോ അധികമാളുകൾ ഉണ്ടായിരുന്നില്ല. . ഒമ്പതാം മിനിറ്റിൽ വിബിൻ മോഹനൻ നൽകിയ ക്രോസിലൂടെ ജാംഷഡ്പൂർ വലയുടെ വലതുവശത്തുനിന്ന് ഡ്രിൻസിച്ച് ഹെഡ് ചെയ്ത ഗോൾ സന്ദർശകരുടെ ഗോൾകീപ്പർ ആൽബിനോ ഗോമസ് തടഞ്ഞിട്ടു.
കമല്‍ജിത് സിങിന് പകരം നോറ ഫെര്‍ണാണ്ടസായിരുന്നു ബ്ലാസ്റ്റേഴ്സ് ഗോൾവല കാത്തത്. പ്രതിരോധത്തില്‍ ദുസാര്‍ ലഗാറ്റോര്‍, ഐബന്‍ബ ഡോലിങ്, നവോച്ച സിങ്, മിലോസ് ഡ്രിന്‍സിച്ച് എന്നിവര്‍ തുടര്‍ന്നു. മധ്യനിരയില്‍ ഡാനിഷ് ഫാറൂഖ്, അമാവിയ റെന്ത്ലെയ് എന്നിവര്‍ക്ക് പകരം യോയ്ഹെന്‍ബയും മുഹമ്മദ് ഐമെനും വന്നു. അതുവരെ തണുത്ത മട്ടിൽ മുന്നോട്ടുപോയ കളിക്കളത്തിന് തീപിടിച്ചത് 35ാം മിനിറ്റിലാണ്.ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖത്തേക്ക് ആല്‍ബിനോ നീട്ടിനല്‍കിയ പന്ത് ദുസാന്‍ ലഗാറ്റോര്‍ ഹെഡറിലൂടെ ജാംഷഡ്പൂര്‍ പകുതിയിലേക്ക് തിരിച്ചുവിട്ടു. വലതുവിങില്‍ പന്ത് നേടിയ കോറുസിങ്, ഉയരക്കാരനായ സ്റ്റീഫൻ എസെയുടെ തലക്ക് മുകളിലൂടെ പന്തുയര്‍ത്തി, ബോക്സിലേക്ക് ഒറ്റയാനായി കുതിച്ചു. എതിരാളികൾ ഓടിയെത്തിയെങ്കിലും കോറോ സിങ് വക സുന്ദരമായ വലങ്കാലന്‍ ഷോട്ട് ലക്ഷ്യത്തിലെത്തി. അതുവരെ നിശബ്ദമായ ഗാലറി ഒന്നിളകി മറിഞ്ഞു. സ്കോർ(1-0)
ഗോൾ മടക്കാനുള്ള സന്ദർശകരുടെ ശ്രമങ്ങളും ലീഡ് കൂട്ടാനുള്ള ആതിഥേയരുടെ ശ്രമങ്ങളും പൊളിയുന്ന കാഴ്ചക്കാണ് രണ്ടാം പകുതി സാക്ഷിയായത്. കാര്യമായ മുന്നേറ്റങ്ങളൊന്നും സൃഷ്ടിക്കാനാവാതെ ഇരുകൂട്ടരും വിയർത്തു. എന്നാൽ 86ാം മിനിറ്റിൽ വലതു വിങ്ങിൽ നിന്ന് ജാംഷഡ്പൂർ താരം നൽകിയ ബോക്സിലേക്കുള്ള ക്രോസ് ക്ലിയര്‍ ചെയ്യാനുളള ഡ്രിന്സിച്ചിെൻറ ശ്രമം സെൽഫ് ഗോളിൽ കലാശിക്കുകയായിരുന്നു(1-1).സീസണിലെ ഏറ്റവും കുറവ് കാണികളുള്ള മത്സരം കൂടിയായിരുന്നു ശനിയാഴ്ചത്തേത്.
22 കളികളിൽ 25 പോയിൻറുമായി ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.പ്ലേ ഓഫ് നേരത്തേ ഉറപ്പിച്ച ജാംഷഡ്പൂരിന് 22 കളികളിൽ 38 പോയന്റുണ്ട്.