ഒന്നായിപ്പോരാടാം, പുതിയ കുതിപ്പിനായി
text_fieldsകേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ പരിശീലനത്തില്‍
കൊച്ചി: കൊച്ചിയുടെ മണ്ണിലേക്ക് ഇടവേളക്കുശേഷം വിരുന്നെത്തുന്ന ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് കിരീടത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട കിരീടം ഇത്തവണ നേടാമെന്ന പ്രതീക്ഷയിൽതന്നെയാണ് ടീം വെള്ളിയാഴ്ച കളത്തിലിറങ്ങുന്നത്.
ഗാലറിയിലെ ആർത്തിരമ്പുന്ന മഞ്ഞപ്പടയുടെ സാന്നിധ്യം ടീമിന്‍റെ മുന്നോട്ടുള്ള പ്രയാണത്തിന് ഊർജമാകും. വെള്ളിയാഴ്ച വൈകീട്ട് 7.30ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടനമത്സരത്തിൽ കൊൽക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാളാണ് ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികൾ.
കഴിഞ്ഞ സീസണിലെ ടീമിലെ യുവതാരങ്ങളെയും മികച്ച വിദേശ താരങ്ങളെയും നിലനിർത്തിയാണ് ബ്ലാസ്റ്റേഴ്സ് പുതിയ സീസണിനിറങ്ങുന്നത്. ക്ലബ് വിട്ട താരങ്ങൾക്കു പകരമോ ഒരുപടി മുകളിലോ വെക്കാവുന്ന മികച്ച താരങ്ങളെ ഇത്തവണ ടീമിലെത്തിക്കാനായിട്ടുണ്ട്.
കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ രണ്ടു സീസണുകളിലും സ്റ്റേഡിയത്തിൽ കാണികളെ പ്രവേശിപ്പിച്ചിരുന്നില്ല. അതിന്‍റെ ആവേശം ആരാധകരിലും പ്രകടമാണ്. വ്യാഴാഴ്ചതന്നെ സ്റ്റേഡിയം പരിസരങ്ങളിൽ മഞ്ഞ ജഴ്സിയണിഞ്ഞെത്തിയ ആരാധകക്കൂട്ടത്തെ കാണാമായിരുന്നു.
ടീമിന് ഐക്യദാർഢ്യവുമായി ബാനറുകളും പിടിച്ച് ഒറ്റക്കും കൂട്ടമായും നിൽക്കുന്ന ആരാധകർ. സ്റ്റേഡിയം പരിസരത്ത് ജഴ്സി വിൽപനയും തകൃതിയാണ്. മത്സരത്തിന്‍റെ ടിക്കറ്റുകളെല്ലാം ഇതിനകംതന്നെ വിറ്റുതീർന്നിട്ടുണ്ട്.
ടീമിന്‍റെ സ്വന്തം ഗ്രൗണ്ടിൽ നിറഞ്ഞുകവിയുന്ന ആരാധകർക്കു മുന്നിൽ പന്തുതട്ടുന്നത് ടീമിന് വലിയ ആത്മവിശ്വാസം നൽകുമെന്ന് പരിശീലകൻ ഇവാൻ വുകോമാനോവിച് പറയുന്നു. അപ്പോസ് തോലോസ് ജിയാനോ, ദിമിത്രിയോസ് ഡയമന്‍റകോസ്, വിക്ടർ മോംഗിൽ, ബ്രൈസ് റിമാൻഡ, സൗരവ് മണ്ഡൽ, ഇവാൻ കലിയുസ്നി, ബിദ്യാഷാഗർ സിങ് എന്നിവരാണ് പുതുതായി ടീമിലെത്തിയത്. ടീം ഇത്തവണ കൂടുതൽ സന്തുലിതവും പൂർണവുമാണെന്ന വിശ്വാസത്തിലാണ് പരിശീലകനും മാനേജ്മെന്‍റും ആരാധകരും.
ഇത് പുതിയ ബ്ലാസ്റ്റേഴ്സ്
പരിചയസമ്പത്തും യുവത്വവും ചേർന്നതാണ് പുതിയ ബ്ലാസ്റ്റേഴ്സ് ടീം. കഴിഞ്ഞ സീസണിലെ ഗോൾഡൻ ഗ്ലൗ ജേതാവ് പ്രഭ്സുഖൻ സിങ് ഗില്ലിനുതന്നെയായിരിക്കും ഗോൾവല കാക്കാനുള്ള പ്രഥമ ചുമതല. കഴിഞ്ഞ തവണ ടീമിന്‍റെ മുന്നേറ്റത്തിൽ കുന്തമുനകളായിരുന്ന അൽവാരോ വാസ്കസ്, ജോർജെ പെരേര ഡയസ് എന്നിവർ ഇത്തവണ ടീമിനൊപ്പമില്ല.
പകരം അപ്പോസ് തോലോസ് ജിയാനോ, ദിമിത്രിയോസ് ഡയമന്‍റകോസ് എന്നീ വിദേശ താരങ്ങളെ ടീമിലെത്തിക്കാനായി. മലയാളി താരം കെ.പി. രാഹുലിനൊപ്പം ഇവരിൽ ഒരാൾ ആദ്യ ഇലവനിൽ മുന്നേറ്റനിരയിൽ സ്ഥാനംപിടിക്കും.
യുക്രെയ്ൻ മധ്യനിര താരം ഇവാൻ കലിയുഷ്നിയുടെ വരവ് ടീം ഫോർമേഷനിലും തന്ത്രങ്ങളിലും കാര്യമായ മാറ്റങ്ങൾ വരുത്തിയേക്കും. കഴിഞ്ഞ സീസണിൽ 4-4-2 ഫോർമേഷനിലാണ് ടീം കളിച്ചത്. ഡിഫൻസിവ് മിഡ്ഫീൽഡിൽ ഒരു വിദേശ താരമില്ലാത്തതായിരുന്നു കഴിഞ്ഞ സീസണിൽ ടീം നേരിട്ട പ്രധാന വെല്ലുവിളി.
കളിയാസൂത്രകനായ അഡ്രിയാൻ ലൂനയെ ആക്രമണത്തിന് കൂടുതൽ നിയോഗിച്ച് ഇവാന് മധ്യനിരയുടെ ചുമതല നൽകും. മലയാളിയായ സഹൽ അബ്ദുസ്സമദും ആദ്യ ഇലവനിലുണ്ടാകും. പ്രതിരോധത്തിലും മുന്നേറ്റത്തിലും ഓരോ വിദേശതാരങ്ങളും മധ്യനിരയിൽ രണ്ടുപേരും സ്ഥാനം പിടിക്കും.
പ്രതിരോധനിരയിൽ മാര്‍കോ ലെസ്‌കോവിച്, ഹോര്‍മിപാം റുയ്‌വ, ജെസെല്‍ കര്‍ണെയ്‌റോ, ഹര്‍മന്‍ജോത് ഖബ്ര എന്നിവരും ആദ്യ ഇലവനിൽ ഇറങ്ങിയേക്കും. പ്രീസീസണിൽ ശക്തരായ ടീമുകൾക്കൊപ്പം കളിക്കാനായില്ല എന്നത് ടീമിന്‍റെ പോരായ്മയാണ്. 28 അംഗ ടീമിൽ ഏഴു മലയാളി താരങ്ങളുണ്ട്.
ബ്രസീൽ കരുത്തിൽ ഈസ്റ്റ് ബംഗാൾ
മുൻ ഇന്ത്യൻ ടീം പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ പരിശീലിപ്പിക്കുന്ന ഈസ്റ്റ് ബംഗാൾ ടീമിന്‍റെ പ്രതീക്ഷ ബ്രസീൽ താരങ്ങളിലാണ്.
മികച്ച സ്വദേശി താരങ്ങളും ടീമിലുണ്ട്. ബ്രസീൽ താരങ്ങളായ ക്ലെയ്റ്റൻ സിൽവയും എലിയാൻഡ്രയും അടങ്ങുന്ന ടീമിന്‍റെ ആക്രമണനിര ബ്ലാസ്റ്റേഴ്സ് ബോക്സിൽ വെല്ലുവിളി ഉയർത്തിയേക്കും. മറ്റൊരു ബ്രസീൽ താരമായ അലക്സ് ലിമയും ആസ്ട്രേലിയൻ താരം ജോർദൻ ദോഹർത്തിയും മധ്യനിരയിൽ സ്ഥാനംപിടിക്കും.
സ്പാനിഷ് താരം ഇവാൻ ഗോൺസാലസും സൈപ്രസിന്റെ കാരിസ് കിര്യാകൗവും പ്രതിരോധനിരയിലെ വിദേശ താരങ്ങളാണ്. മലയാളിതാരം വി.പി. സുഹൈർ, അനികേത് ജാദവ്, ജെറി, മുഹമ്മദ് റാകിപ് തുടങ്ങിയ സ്വദേശി താരങ്ങളും ഇവർക്കു പിന്തുണയുമായി കളത്തിലുണ്ടാകും.
അതേസമയം, ടീമിന്‍റെ ഡ്യൂറൻഡ് കപ്പിലെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ഗ്രൂപ് ഘട്ടത്തിൽതന്നെ പുറത്തായി. ടീമിന്‍റെ പ്രകടനത്തിൽ കോൺസ്റ്റന്റൈനും സംതൃപ്തനല്ല.