ഐ.എസ്.എൽ; പ്ലേ ഓഫിൽ കിക്കോഫ്
text_fieldsബംഗളൂരു: ഇടവേളക്കു ശേഷം വീണ്ടും ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആരവങ്ങളിലേക്ക്. ലീഗ് റൗണ്ട് പൂർത്തിയായ 11ാം സീസണിലെ നോക്കൗട്ട് മത്സരങ്ങൾക്ക് ശനിയാഴ്ച തുടക്കമാവും. ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ ബംഗളൂരു എഫ്.സി അയൽക്കാരായ മുംബൈ സിറ്റി എഫ്.സിയെ നേരിടും. ഞായറാഴ്ച ഷില്ലോങ്ങിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡും ജംഷദ്പുർ എഫ്.സിയും ഏറ്റുമുട്ടും. ലീഗ് റൗണ്ടിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനക്കാരായി മോഹൻ ബഗാൻ, എഫ്.സി ഗോവ ടീമുകൾ നേരിട്ട് സെമി ബർത്തുറപ്പിച്ചിരുന്നു.
ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ ആദ്യപാദ സെമിയും ആറ്, ഏഴ് തീയതികളിൽ രണ്ടാം പാദ സെമിയും നടക്കും. ബംഗളൂരു- മുംബൈ മത്സര വിജയികൾ ആദ്യ സെമിയിൽ എഫ്.സി ഗോവയെയും നോർത്ത് ഈസ്റ്റ്- ജംഷദ്പുർ മത്സര വിജയികൾ രണ്ടാം സെമിയിൽ മോഹൻ ബഗാനെയും നേരിടും. 12നാണ് കലാശപ്പോരാട്ടം.
പരിക്ക് പാരയായി മുംബൈ
പ്ലേ ഓഫ് ഉറപ്പിക്കാൻ ലീഗ് റൗണ്ടിൽ മാർച്ച് 11ന് തങ്ങളുടെ അവസാന മത്സരത്തിൽ ബംഗളൂരുവിനെതിരെ അവരുടെ മണ്ണിലിറങ്ങുമ്പോൾ മുംബൈക്ക് സമനില മതിയായിരുന്നു. എന്നാൽ, മറുപടിയില്ലാത്ത രണ്ടു ഗോളിന് ബംഗളൂരുവിനെ കണ്ഠീരവയുടെ മൈതാനത്ത് വീഴ്ത്തിയ മുംബൈ ആത്മവിശ്വാസത്തോടെയാണ് പ്ലേ ഓഫിന് അതേ മൈതാനത്തിറങ്ങുന്നത്. നിലവിലെ ഐ.എസ്.എൽ ചാമ്പ്യന്മാരായ മുംബൈ ഇത്തവണ 36 പോയന്റുമായി പട്ടികയിൽ ആറാമതായാണ് ഇടംപിടിച്ചത്. 24 മത്സരത്തിനിടെ ആറു തോൽവി മാത്രമേ ടീം വഴങ്ങിയിട്ടുള്ളൂവെങ്കിലും പ്ലേഓഫ് ടീമുകളിൽ ഏറ്റവും കൂടുതൽ സമനില വഴങ്ങിയ ടീം മുംബൈയാണ് -ഒമ്പതെണ്ണം. ഗോൾ അടിക്കുന്നതിനൊപ്പം വഴങ്ങാനും ടീമിന് മടിയില്ലാത്തതാണ് കോച്ച് പീറ്റർ ക്രാറ്റ്കിയെ കുഴക്കുന്നത്. 29 ഗോൾ അടിച്ച ടീം 28 എണ്ണം ഇതിനകം തിരിച്ചുവാങ്ങി. മുൻ വർഷങ്ങളിലെ പ്രകടനത്തിന്റെ ഏഴയലത്തല്ല മുംബൈ സിറ്റി എഫ്.സി. എന്നാൽ, ഈ സീസണിൽ ഹോം മൈതാനത്തെക്കാളേറെ വിജയം നേടിയത് എതിർ മൈതാനത്താണെന്ന അനുകൂല ഘടകം ഐലൻഡേഴ്സിനുണ്ട്.
പരിക്കാണ് മുംബൈയെ അലട്ടുന്ന പ്രധാന പ്രശ്നം. മധ്യനിരയിൽ എണ്ണയിട്ട യന്ത്രം കണക്കെ കളിക്കുന്ന രണ്ടു പ്രധാന താരങ്ങൾ പരിക്കിന്റെ പിടിയിലാണ്. ഇന്ത്യൻ താരം ബ്രാണ്ടൻ ഫെർണാണ്ടസും വിദേശ താരം ടിരിയും. കളി മെനയുന്ന മധ്യനിരയിൽ പരിചയസമ്പന്നരായ ബ്രാണ്ടന്റെയും ടിരിയുടെയും അഭാവം പ്രകടമാവും. മാലദ്വീപിനെതിരായ മത്സരത്തിൽ ഇന്ത്യക്കായി കളിക്കവെയാണ് ബ്രാണ്ടൻ പരിക്കേറ്റ് പുറത്തുപോയത്. ആക്രമണ നിരയിലെ പ്രധാന താരങ്ങളിലൊരായ ലാലിയൻ സുവാല ചാങ്തെയും പരിക്കിന്റെ പിടിയിലാണ്. ബ്രാണ്ടന്റെയും ടിരിയുടെയും പരിക്ക് സാരമുള്ളതല്ലെന്നും ഇരുവരും മെഡിക്കൽ പരിചരണത്തിലാണെന്നും സൂചിപ്പിച്ച കോച്ച് ക്രാറ്റ്കി, ചാങ്തെ ശനിയാഴ്ച കളത്തിലിറങ്ങാനുള്ള സാധ്യത തള്ളിയില്ല. ചാങ്തെ ഇറങ്ങിയില്ലെങ്കിൽ ടീമിലെ ഗ്രീക്ക് ഫോർവേഡ് നിക്കോസ് കരേലിസിലാവും ടീമിന്റെ ഗോൾ പ്രതീക്ഷകളത്രയും. 18 മത്സരങ്ങളിൽനിന്ന് 10 ഗോളും രണ്ട് അസിസ്റ്റുമായി ഗോൾവേട്ടക്കാരിൽ അഞ്ചാം സ്ഥാനത്താണ് കരേലിസ്. ഈ സീസണിൽ ബംഗളൂരുവിന് മുന്നിൽ മുംബൈ കീഴടങ്ങിയിട്ടില്ല. ലീഗ് റൗണ്ടിൽ ഇരുവരും ആദ്യം ഏറ്റുമുട്ടിയപ്പോൾ ഗോൾ രഹിത സമനിലയും രണ്ടാം പാദത്തിൽ 2-0ത്തിന് വിജയം മുംബൈക്കൊപ്പവുമായിരുന്നു.
തിരിച്ചടിക്കാൻ ബംഗളൂരു
ഹോം മൈതാനത്ത് മികച്ച റെക്കോഡ് സൂക്ഷിക്കുന്ന ടീമാണ് ബംഗളൂരു എഫ്.സി. എന്നാൽ, ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ സ്വന്തം മണ്ണിൽ മുംബൈയോടേറ്റ തോൽവിയുടെ നാണക്കേടിൽനിന്ന് കരകയറാൻ വിജയം അനിവാര്യം. കഴിഞ്ഞ സീസണിൽ പത്താമതായിരുന്ന ടീം ഇത്തവണ ആദ്യ ഇടവേള വരെ തകർത്തു കളിച്ചാണെത്തിയത്. ആദ്യ അഞ്ചു കളിയിൽനിന്നു മാത്രം 13 പോയന്റ് വാരി. എന്നാൽ, രണ്ടാം ഘട്ടത്തിൽ കളി മറന്ന ‘ബ്ലൂസ്’ അനാവശ്യ തോൽവികൾ വഴങ്ങി. അവസാന മത്സരത്തിൽ സ്വന്തം മൈതാനത്ത് മുംബൈയോടും തോറ്റു. അതേ മൈതാനത്ത് തുടർച്ചയായ ഒരു തോൽവി ടീമിനും ആരാധകർക്കും താങ്ങാനാവുന്നതിനുമപ്പുറമാണ് എന്നതിനാൽ വിജയത്തിനായി തുടക്കം മുതൽ ആക്രമണംതന്നെയാകും ബംഗളൂരുവിന്റെ തന്ത്രം. 12 ഗോളുകളുമായി ടോപ് സ്കോറർമാരിൽ രണ്ടാമതുള്ള സുനിൽ ഛേത്രിക്കൊപ്പം പരിക്കിൽനിന്ന് മുക്തനായ ജോർജ് പെരേര ഡയസ് മുന്നേറ്റത്തിൽ തിരിച്ചെത്തും.
റയാൻ വില്യംസിനെ കൂടി കോച്ച് ആദ്യ ഇലവനിൽ ആക്രമണത്തിന് നിയോഗിക്കും. പ്രതിരോധത്തിൽ രാഹുൽ ബേക്കെ മികച്ച ഫോമിലാണെന്നത് ടീമിന് പ്രതീക്ഷ നൽകുന്നു. അതേസമയം, ക്രോസ് ബാറിന് കീഴിൽ ഇന്ത്യയുടെ ഒന്നാം നമ്പർ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു വരുത്തുന്ന പിഴവുകൾക്ക് പലപ്പോഴും ടീമിന് വലിയ വിലകൊടുക്കേണ്ടിവരുന്നു എന്നത് കോച്ച് ജെറാർഡ് സരഗോസക്കും തലവേദനയാണ്. ഈ സീസണിൽ എതിർതാരങ്ങൾക്ക് ഗോളവസരത്തിന് വഴിയൊരുക്കിയ പിഴവുകൾ വരുത്തിയതിൽ ഏറ്റവും മുന്നിലാണ് ഗുർപ്രീത്. അദ്ദേഹം വരുത്തിയ അഞ്ചു പിഴവുകളിൽ നാലും ഗോളിൽ കലാശിച്ചിരുന്നു. എന്നിട്ടും പരിചയസമ്പന്നായ താരത്തിൽ പൂർണ വിശ്വാസമർപ്പിക്കുകയാണ് കോച്ച് സരഗോസ. 2018ലെ ഐ.എസ്.എൽ ഫൈനലിന് ശേഷം സ്വന്തം മൈതാനത്ത് ഒരു നോക്കൗട്ട് തോൽവി ബംഗളൂരു വഴങ്ങിയിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്.