കളിയല്ല കാര്യമാണ്; കൈയിൽ കാശില്ല
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇതിനകം മാസങ്ങൾ വൈകിയ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ 2025-26 നടക്കുമോയെന്നുപോലും ഉറപ്പില്ലാതിരിക്കെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ. ആസന്നമാവുന്ന പുതുവർഷത്തിൽ ചെലവഴിക്കാനായി എ.ഐ.എഫ്.എഫിന് ബാങ്ക് ബാലൻസായുള്ളത് 19.89 കോടി രൂപ മാത്രമാണ്. ജനുവരി മുതൽ മെയ് മാസംവരെ വിവിധ ആവശ്യങ്ങൾക്കായി ചുരുങ്ങിയത് 25.88 കോടി രൂപയെങ്കിലും അധികം വേണം. സീനിയർ ടീം തുടർ തോൽവികൾ ഏറ്റുവാങ്ങുകയും ഐ. എസ്. എൽ ക്ലബുകൾ പ്രവർത്തനം മരവിപ്പിക്കുകയും ഐ ലീഗും അനിശ്ചിതത്വത്തിൽ നിൽക്കുകയും ചെയ്യുന്ന സാഹചര്യം ഇന്ത്യൻ ഫുട്ബാളിനെ മുമ്പെങ്ങുമില്ലാത്തത്ര പ്രതിസന്ധിയിലേക്കാണ് കൊണ്ടുപോവുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
50 കോടി രൂപയാണ് നിലവിൽ എ.ഐ.എഫ്.എഫിന്റെ പക്കലുള്ളത്. ഇതിൽ ബാങ്ക് ബാലൻസായി കാണിക്കുന്നത് 19.89 കോടിയാണ്. 21.63 കോടി ഫിക്സഡ് ഡെപ്പോസിറ്റായും ബോണ്ടായും കിടക്കുന്നു. ഈ തുകയും ഫിഫ പദ്ധതികൾക്കുള്ള 9.05 കോടിയും മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ല. ഫലത്തിൽ 19.89 കോടിയുമായാണ് ഫെഡറേഷൻ 2026ലേക്ക് കടക്കുന്നത്. ഐ.എസ്.എൽ സംഘാടകരായ ഫുട്ബാൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡുമായി മാസ്റ്റർ റൈറ്റ്സ് കരാർ പുതുക്കേണ്ട മാസമാണ് ഈ ഡിസംബർ. കരാറനുസരിച്ച് എഫ്.എസ്.ഡി.എല്‍ 50 കോടി രൂപ ഫെഡറേഷന് ലഭിക്കേണ്ടതാണ്. പകരമായി മത്സരങ്ങളുടെ സംപ്രേഷണം ഉള്‍പ്പെടെയുള്ള വാണിജ്യ അവകാശങ്ങള്‍ എഫ്.എസ്.ഡി.എല്ലിന് നൽകും. കരാർ ഇനിയും പുതുക്കിയിട്ടില്ല.
ഇന്ത്യൻ വനിത ലീഗ് ബംഗാളിലെ വിവിധ സ്റ്റേഡിയങ്ങളിൽ കഴിഞ്ഞ ദിവസം ആരംഭിച്ചു. രാവിലെയാണ് മത്സരങ്ങൾ തുടങ്ങുന്നത്. ഇത് സംപ്രേഷണത്തെ ബാധിച്ചിട്ടുണ്ട്. എ.എഫ്.സി ഏഷ്യൻ കപ്പിന് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ട സീനിയർ പുരുഷ ടീമിന് 2027 അവസാനംവരെ അന്താരാഷ്ട്രതലത്തിൽ കാര്യമായ മത്സരങ്ങളൊന്നുമില്ല. സീനിയർ, യൂത്ത്, ജൂനിയർ തലങ്ങളിലെ പുരുഷ, വനിത ടീമുകൾക്ക് 14.21 കോടി നീക്കിവെക്കേണ്ടതുണ്ട്. ജനുവരി-മേയ് കാലയളവിൽ ഐ ലീഗ് ഒന്ന് മുതൽ മൂന്ന് വരെ ഡിവിഷൻ, വനിത ലീഗ്, യൂത്ത് ലീഗ്, സന്തോഷ് ട്രോഫി, സൂപ്പർ കപ്പ്, അണ്ടർ 17 എ.എഫ്.സി ഏഷ്യൻ കപ്പ്, വിവിധ ദേശീയ ടൂർണമെന്റുകൾ, അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ തുടങ്ങിയവക്കായി 15.94 കോടി, ഫെഡറേഷൻ ഭരണനിർവഹണത്തിനും നടത്തിപ്പിനും 7.79 കോടി എന്നിങ്ങനെയാണ് മറ്റു പ്രധാന ചെലവുകൾ.


