ജിതിൻ വെറും അസിസ്റ്റല്ല അസറ്റാണ്
text_fieldsനോർത്ത് ഈസ്റ്റിനായി കളിക്കുന്ന എം.എസ് ജിതിൻ
മലപ്പുറം: ഡ്യൂറൻഡ് കപ്പിന് പിന്നാലെ ഐ.എസ്.എൽ കിരീടമോഹവുമായെത്തിയ നോർത്ത് ഈസ്റ്റ് എഫ്.സിയുടെ മുന്നേറ്റ നിരയിൽ അസിസ്റ്റുകളുടെ തോഴനായ ഒരു മലയാളിയുണ്ട്. സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയവരുടെ പട്ടികയിൽ രണ്ടാമതുള്ള തൃശ്ശൂർ ഒല്ലൂർ സ്വദേശി എം.എസ്. ജിതിൻ. 14 മത്സരങ്ങളിൽ നിന്നായി അഞ്ച് ഗോളുകൾക്കാണ് ജിതിൻ വഴിയൊരുക്കിയത്. കൂടാതെ ചൊവ്വാഴ്ച നടന്ന എഫ്.സി ഗോവക്കെതിരെയുള്ള മത്സരത്തിൽ മനോഹരമായൊരു ഗോൾ നേടാനും താരത്തിനായി. വിങ്ങുകളിലൂടെ നിരന്തര ആക്രമണം നടത്തി എതിരാളികളുടെ ഗോൾമുഖത്ത് നിരന്തരം ഭീതി സൃഷ്ടിക്കുന്ന ജിതിന്റെ കളി മനോഹരമായൊരു നൃത്തം പോലെയാണ്. ഗോളടിപ്പിക്കാനെന്ന പോലെ ഗോളടിച്ചും ആരാധകഹൃദയം കീഴടക്കിയ താരം.
2018ൽ കൊൽക്കത്തയിൽ നടന്ന സന്തോഷ് ട്രോഫി ടൂർണമെന്റിന്റെ കലാശപ്പോരാട്ടത്തിൽ ആതിഥേയരായ ബംഗാളിനെ തോൽപിച്ച് കേരളം കിരീടം ചൂടിയപ്പോൾ ടോപ് സ്കോററായിരുന്നു ജിതിൻ. ആ മത്സരശേഷം വീണ്ടുമൊരിക്കൽ കൂടി ജിതിൻ സോൾട്ട് ലേക്ക് സ്റ്റേഡിയത്തെ വിറപ്പിച്ചു. കഴിഞ്ഞ സീസൺ ഡ്യുറാൻഡ് കപ്പ് ഫൈനലിൽ കൊൽക്കത്ത മോഹൻ ബഗാനെ തോൽപിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കിരീടം ചൂടിയപ്പോഴും ടൂർണമെന്റിലെ മികച്ച താരമായി തലയുയർത്തി നിന്നു ഈ ഇരുപത്തിയാറുകാരൻ. ഡ്യുറാൻഡ് കപ്പിൽ നാല് ഗോളുകൾ നേടുകയും മൂന്ന് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത ജിതിൻ നോർത്ത് ഈസ്റ്റിന് സമ്മാനിച്ചത് ക്ലബ് ചരിത്രത്തിലെ ആദ്യ മേജർ കിരീടം.
എഫ്.സി കേരളക്ക് വേണ്ടി പന്ത് തട്ടി തുടങ്ങിയ ജിതിൻ കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിനായും ബൂട്ടുകെട്ടിയിട്ടുണ്ട്. എഫ്.സി കേരളയിൽ നിന്ന് 2018 ലായിരുന്നു കേരള ബ്ലാസ്റ്റേഴ്സിലെത്തിയത്. 2019 ൽ ഐ ലീഗ് ക്ലബ്ബായ ഗോകുലം കേരളയിലെത്തിയ ശേഷം രണ്ട് കീരീടനേട്ടത്തിലും ജിതിൻ പങ്കാളിയായി. 2021-22 സീസൺ ഐ ലീഗിലെ മികച്ച മധ്യനിര താരത്തിനുള്ള പുരസ്കാരവും തേടിയെത്തി. അവിടെ നിന്നാണ് ജിതിൻ വടക്ക് കിഴക്കൻ ദേശത്തേക്ക് വാഹനം കയറിയത്. 2022 മുതൽ നോർത്ത് ഈസ്റ്റ് ആക്രമണനിരയിൽ നിലകൊള്ളുന്ന താരം എതിർടീമിന്റെ എക്കാലത്തെയും പേടിസ്വപ്നവുമാണ്.