ടൂറിനിലെ ത്രില്ലർ; ഗോളില്ലാത്ത 51 മിനിറ്റ്; ഇഞ്ചുറിയിൽ രണ്ടടിച്ച് യുവന്റസ്; ഗോൾ മഴക്കൊടുവിൽ സമനില
text_fieldsയുവന്റസ് വിജയ ശിൽപിയായ ഡുസാൻ വ്ലഹോവിചിന്റെ ഗോൾ ആഘോഷം
ടൂറിൻ: ആക്രമണം മാറിമറിഞ്ഞിട്ടും, ഗോളൊന്നും പിറക്കാതെ വിരസമായ ആദ്യ പകുതി. ഗോളില്ലാ കളി മടുത്ത് കാഴ്ചക്കാർ, റിമോട്ടെടുത്ത് റയൽ മഡ്രിഡ്- മാഴെസെ മത്സരത്തിലേക്ക് മുങ്ങിയപ്പോൾ ടൂറിനിലെ അലയൻസ് സ്റ്റേഡിയത്തിൽ കളി മാറി.
51 മിനിറ്റ് നേരം ഗോളില്ലാത്ത ബോറൻ കളിയായി തുടർന്ന മത്സരം, ഞൊടിയിട നിമിഷത്തിൽ അണക്കെട്ട് തുറന്നിട്ടപോലെ നാടകീയ ഭാവമണിഞ്ഞു. ഇരു നിരയും ഗോളുകൾ അടിച്ചുകൂട്ടിയ ശേഷിച്ച 40 മിനിറ്റിനുള്ളിൽ സ്കോർബോർഡിൽ പിറന്നത് എട്ട് ഗോളുകൾ. ഇഞ്ചുറി ടൈമിൽ യുവന്റസ് നേടിയ രണ്ട് ഗോൾ കൂടിയായതോടെ എല്ലാം ഒത്ത ത്രില്ലർ സിനിമ പോലെ കൊടിയിറങ്ങി.
ഒടുവിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇറ്റാലിയൻ കരുത്തരായ യുവന്റസും ജർമൻ വമ്പന്മാരായ ബൊറൂസിയ ഡോർട്മുണ്ടും ചേർന്ന് 4-4 എന്ന സ്കോറുമായി പോയന്റ് പങ്കിട്ട് പിരിഞ്ഞു.
ടൂറിനിലെ അലയൻസ് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികൾക്ക്, ഒരു ആക്ഷൻ ത്രില്ലർ സിനിമ കണ്ടിറങ്ങുന്ന ഫീലായിരുന്നു. തുർക്കിയയുടെ കിനാൻ യിൽഡിസ്, കാനഡക്കാരൻ ജൊനാഥൻ ഡേവിഡ്, ഇതിഹാസ താരം ലിലിയൻ തുറാമിന്റെ മകൻ കെഫ്രൺ തുറാം എന്നിവർ നയിച്ച യുവന്റസും, കരിം അഡിയെമി, സെറു ഗിറാസി, മാഴ്സൽ സബിസ്റ്റർ എന്നിവരിലൂടെ ആക്രമിച്ചു കളിച്ച ബൊറൂസിയ ഡോർട്മുണ്ടും ചടുലമായ നീക്കങ്ങളുമായി ഗോൾമുഖത്ത് പരിഭ്രാന്തി തീർത്തതായിരുന്നു ആദ്യ പകുതി. പക്ഷേ, പെനാൽറ്റി ബോക്സിനുള്ളിൽ മികച്ച നീക്കങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ല. ഗോളിമാർക്ക് പരീക്ഷണവുമില്ലാത്ത ഒന്നാം പകുതി.
കളി രണ്ടാം പകുതിയിലേക്ക് പ്രവേശിച്ചതോടെ രൂപവും ഭാവവും മാറി. 52ാം മിനിറ്റിൽ ആദ്യം വെടിപൊട്ടിച്ചത് ബൊറൂസിയ ഡോർട്മുണ്ടിന്റെ ജർമന താരം കരിം അഡിയേമിയുടെ ബൂട്ടിൽ നിന്ന്. സെറോ ഗിറാസി നൽകിയ ക്രോസിനെ മനോഹരമായി ലക്ഷ്യത്തിലെത്തിച്ചാണ് അഡിയേമി സ്കോർബോർഡിലെ ടൈ ബ്രേക്ക് ചെയ്തത്. ഒരടി കിട്ടിയതോടെ ഉണർന്നു കളിച്ച യുവന്റസ് 63ാം മിനിറ്റിൽ മറുപടി ഗോൾ നേടി. കെനാൻ യിൽഡിസിന്റെ വകയായിരുന്നു സമനില ഗോൾ. 65ാം മിനിറ്റിൽ ഫെലിക്സ് മിച ബൊറൂസിയ വീണ്ടും മുന്നിലെത്തിച്ചപ്പോൾ, ഒട്ടും വൈകാതെ വ്ലഹോവിചിലൂടെ (67ാം മിനിറ്റ്) യുവന്റസ് ഒപ്പമെത്തി.
ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഹാമിന്റെ സഹോദരൻ 19കാരനായ ജോബ് ബെല്ലിങ്ഹാമിനെ 71ാം മിനിറ്റിൽ ഇറക്കിയ ബൊറൂസിയ വീണ്ടും ആക്രമണത്തിന് കരുത്ത് വർധിപ്പിച്ചു. 74ാം മിനിറ്റിൽ യാൻ കോടോ, 86ൽ പെനാൽറ്റിയിലൂടെ റാമി ബെൻസെബയ്നി എന്നിവരിലൂടെ സ്കോർ ബോർഡ് ചലിപ്പിച്ച ബൊറൂസിയ സ്കോർ നാലിലെത്തിച്ച് മേധാവിത്വം സ്ഥാപിച്ചു.
സ്വന്തം മുറ്റത്ത് ഒരു തോൽവി വലിയ ആഘാതമായി മാറുന്ന യുവന്റസ് വർധിത വീര്യത്തോടെ തിരിച്ചടിക്കുന്നതിനാണ് ഇഞ്ചുറി ടൈം സാക്ഷിയായത്. കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ സെർബിയൻ താരം ഡുസാൻ വ്ലഹോവിച് തന്റെ രണ്ടാം ഗോളും, തൊട്ടു പിന്നാലെ, ലോർഡ് കെല്ലി നേടിയ സമനില ഗോളിലേക്ക് അസിസ്റ്റുമായി തിളങ്ങി.
ടോട്ടൻഹാമിന് ഒരു ഗോൾ ജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തരായ ടോട്ടൻഹാം സ്പാനിഷ് സംഘമായ വിയ്യറയലിനെതിരെ ഒരു ഗോളിന് വിജയം നേടി. കളിയുടെ നാലാം മിനിറ്റിൽ എതിരാളികളുടെ വകയായി ലഭിച്ച സെൽഫ് ഗോളാണ് ടോട്ടൻഹാമിന് വിജയം സമ്മാനിച്ചത്.