സൂപ്പർ കപ്പിൽ ഇന്ന് ഗോകുലം Vs ഗോവ
text_fieldsഗോകുലം കേരള താരങ്ങൾ പരിശീലനത്തിൽ
ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിനായി ഗോകുലം കേരള എഫ്.സി ഇന്ന് കളത്തിൽ. നോക്കൗട്ട് റൗണ്ടിലെ ആദ്യ മത്സരത്തിൽ ഐ.എസ്.എൽ ക്ലബായ എഫ്.സി ഗോവയാണ് എതിരാളികൾ. ഐ ലീഗിൽ നാലാംസ്ഥാനം കൈവരിച്ച ടീമിലെ അംഗങ്ങൾതന്നെയാകും സൂപ്പർ കപ്പിലും ഗോകുലത്തിനായി കളത്തിലിറങ്ങുക.
മുന്നേറ്റതാരം താബിസോ ബ്രൗൺ മികച്ച ഫോമിലാണെന്നത് ഗോകുലത്തിന് ആത്മവിശ്വാസം നൽകുന്നു. നോക്കോട്ട് മത്സരമായതിനാൽ തോൽക്കുന്നവർ പുറത്താവും. 24 പേരുടെ സ്ക്വാഡിൽ 10 മലയാളി താരങ്ങളുണ്ട്. ടീം ഒഫിഷ്യൽസ് മുഴുവൻ മലയാളികളാണ് എന്ന സവിശേഷത കൂടിയുണ്ട്.
ഐ.എസ്.എല്ലിൽ ഇക്കുറി തകർപ്പൻ പ്രകടനം നടത്തി സെമി ഫൈനലിലെത്തിയ ടീമാണ് ഗോവ. എതിരാളികൾ കരുത്തരായതിനാൽ ഗോകുലത്തിന് ക്വാർട്ടർ ഫൈനലിലേക്കുള്ള വഴി എളുപ്പമല്ല. കലിംഗ സ്റ്റേഡിയത്തിൽ വൈകീട്ട് 4.30 മുതലാണ് മത്സരം. രാത്രി എട്ടിന് ഐ.എസ്.എൽ ടീമുകളായ പഞ്ചാബ് എഫ്.സിയും ഒഡിഷ എഫ്.സിയും ഏറ്റുമുട്ടും.