സീസണിലെ പകുതി മത്സരങ്ങൾ പൂർത്തിയാകുമ്പോൾ പത്താംസ്ഥാനം ‘വിട്ടുകൊടുക്കാതെ’ ബ്ലാസ്റ്റേഴ്സ്
text_fieldsകൊച്ചി: മികച്ച പോരാട്ടവീര്യം പുറത്തെടുത്ത മരണക്കളിക്കൊടുവിൽ വീണ്ടും അപ്രതീക്ഷിതമായൊരു തോൽവി. നല്ലൊരു മത്സരം കാഴ്ചവെച്ചിട്ടും ജയിക്കാനായില്ലല്ലോ എന്ന നിരാശക്കപ്പുറം ‘തോൽവി ഒരു ശീലമായ’ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് വലിയ സങ്കടമൊന്നുമില്ല. എത്രയൊക്കെയായാലും നമ്മുടെ ടീമല്ലേ എന്ന വാക്കുകളോടെ വീണ്ടും ചേർത്തുപിടിക്കൽ.
ഏറ്റവുമൊടുവിൽ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സീസണിലെ ഒന്നാംനമ്പറുകാരായ ആതിഥേയർ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനു മുന്നിൽ ജയിക്കുകയോ സമനിലയെത്തുകയോ ചെയ്യേണ്ടിയിരുന്ന കളിയിൽ നിർഭാഗ്യംകൊണ്ടു മാത്രം പരാജയപ്പെട്ട് മടങ്ങേണ്ടിവന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്.
മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും 86ാം മിനിറ്റുവരെ 2-1 സ്കോറിന് മഞ്ഞപ്പട മുന്നേറ്റം തുടർന്നിട്ടും അവസാന മിനിറ്റുകളിൽ എല്ലാം കീഴ്മേൽ മറിയുന്ന കാഴ്ചക്കാണ് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. പിന്നാലെ 3-2ന് സന്ദർശകരെ തോൽപിച്ച് ആതിഥേയർക്ക് ആധികാരിക വിജയം.
ശനിയാഴ്ച വൈകീട്ട് നടന്ന മത്സരത്തിലെ ജയത്തിലൂടെ 26 പോയന്റോടെ ഒന്നാംസ്ഥാനത്ത് തുടരാൻ മോഹൻ ബഗാന് സാധിച്ചു. എന്നാൽ, ബ്ലാസ്റ്റേഴ്സിന്റെ പോയന്റ് നിലയിലും റാങ്കിലും മാറ്റമില്ല. 12 കളികളിൽ 11 പോയന്റോടെ പത്താംസ്ഥാനത്താണ് ടീമിന്റെ നില. മൂന്നു ജയവും രണ്ടുസമനിലയുമുള്ള ബ്ലാസ്റ്റേഴ്സ് ഏഴ് കളികളിലാണ് ഇതിനകം പരാജിതരായത്.
ഇനിയും തോൽവികളേറ്റു വാങ്ങാനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ യോഗമെങ്കിൽ ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്താകേണ്ടിവരും. എന്നാൽ, ഓരോ തോൽവിക്കുശേഷവും അടുത്ത കളി മെച്ചപ്പെടുത്താമെന്ന് ആവർത്തിക്കുന്ന കോച്ചും താരങ്ങളും പറയുന്നത് എങ്ങനെ കണക്കിലെടുക്കുമെന്നാണ് ആരാധകരുടെ ചോദ്യം.
ഡിസംബർ 22ന് കലൂരിലെ ഹോം ഗ്രൗണ്ടിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത അങ്കം. സീസണിലെ പുതുമുഖങ്ങളും താരതമ്യേന ദുർബലരുമായ മുഹമ്മദൻസ് എസ്.സിയോടാണ് ഇനി ഏറ്റുമുട്ടാനുള്ളത് എന്നതുമാത്രമാണ് മഞ്ഞപ്പടയുടെ സമാധാനം. നിലവിൽ പത്തുകളികളിൽ ഒറ്റജയം മാത്രമാണ് ഇവരുടെ സമ്പാദ്യം, ആകെ പോയന്റ് അഞ്ചും. ബ്ലാസ്റ്റേഴ്സിന്റെ ഈ വർഷത്തെ അവസാനത്തെ ഹോം ഗ്രൗണ്ട് മത്സരമാണ് ഞായറാഴ്ച കൊച്ചിയിൽ മുഹമ്മദൻസുമായി നടക്കാനിരിക്കുന്നത്.
ഈ വർഷത്തെ അവസാന മത്സരം 29ന് ജാംഷഡ്പുർ എഫ്.സിക്കെതിരെ അവരുടെ ഹോം ഗ്രൗണ്ടായ ജാംഷഡ്പുർ ജെ.ആർ.ഡി ടാറ്റ കോംപ്ലക്സിലാണ് അരങ്ങേറുക. നിലവിൽ ഈ രണ്ടു മത്സരങ്ങളുടെയും ഫലം ബ്ലാസ്റ്റേഴ്സിന്റെ മുന്നോട്ടുപോക്കിന് ഏറെ നിർണായകമാണ്.
ജനുവരിയിൽ ഈ സീസണിലെ രണ്ടാംപകുതി ആരംഭിക്കുമ്പോഴുള്ള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരവും ഹോം എവേ മത്സരമാണ്. പഞ്ചാബ് എഫ്.സിക്കെതിരെ അവരുടെ ഹോം ഗ്രൗണ്ടായ ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ഈ മത്സരം.
പ്ലേ ഓഫിന് മുമ്പായി ഇനി ആകെ ബ്ലാസ്റ്റേഴ്സിന് അവശേഷിക്കുന്നത് 12 മത്സരങ്ങളാണ്. പകുതി മത്സരങ്ങളും ഇതിനകം പൂർത്തിയാകുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം ഏറെ പിറകിലാണെന്നതാണ് കളിയാരാധകരുടെ നെഞ്ചുലക്കുന്നത്.