സെൽഫ് ഗോൾ തോൽവി! സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സ് പുറത്ത്, മുംബൈ സെമിയിൽ
text_fieldsമഡ്ഗാവ്: സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്. ഗ്രൂപ്പ് ഡിയിലെ നിർണായക മത്സരത്തിൽ മുംബൈ സിറ്റി എഫ്.സിയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് മഞ്ഞപ്പട തോറ്റത്.
സെമിയിലെത്താൻ സമനില മതിയെന്നിരിക്കെ പൊരുതിന്ന ബ്ലാസ്റ്റേഴ്സ് മത്സരത്തിന്‍റെ അവസാന മിനിറ്റിൽ സെൽഫ് ഗോൾ വഴങ്ങുകയായിരുന്നു. 88ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ബോക്സിനുള്ളിൽ നടന്ന കൂട്ടപൊരിച്ചിലിനൊടുവിൽ ജോർജ് പെരേരെ ഡയസ് ഉയർത്തി നൽകിയ പന്ത് ക്ലിയർ ചെയ്യുന്നതിൽ സഹീഫിനും ഫ്രെഡ്ഡിക്കും വന്ന ആശയക്കുഴപ്പമാണ് ഓൺ ഗോളിലെത്തിയത്.
ഫ്രെഡ്ഡിയുടെ ശരീരത്തിൽ തട്ടിയ പന്ത് ഗോളിയെയും മറികടന്ന് നേരെ വലയിലേക്ക്. നേരത്തെ 48ാം മിനിറ്റിൽ രണ്ടാം മഞ്ഞകാർഡും വാങ്ങി സന്ദീപ് സിങ് പുറത്തുപോയതോടെ മത്സരത്തിന്‍റെ പകുതിയും പത്തുപേരുമായാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. ഗ്രൂപ്പിൽ ബ്ലാസ്റ്റേഴ്സിനും മുംബൈക്കും ആറു പോയന്‍റാണെങ്കിലും നേർക്കുനേർ ഫലം നോക്കിയാണ് മുംബൈ സെമി ബെർത്ത് ഉറപ്പിച്ചത്. ബ്ലാസ്റ്റേഴ്സ് പുറത്തേക്കും.
ടൂർണമെന്റിൽ ആദ്യമായി ആറ് വിദേശ താരങ്ങളെയും ഉൾപ്പെടുത്തിയാണ് മുഖ്യ പരിശീലകൻ ഡേവിഡ് കാറ്റല ടീമിനെ ഇറക്കിയത്. നിഹാൽ സുധീഷിന് പകരം ടിയാഗോ ആൽവെസ് ആദ്യ ഇലവനിൽ എത്തി. തുടക്കത്തിൽ പോരാട്ടം ഒപ്പത്തിനൊപ്പമായിരുന്നു. നാലാം മിനിറ്റിൽ അഡ്രിയാൻ ലൂണയുടെ പാസിൽ ടിയാഗോ ആൽവെസിന് ലഭിച്ച അവസരം ലക്ഷ്യത്തിലെത്തിക്കാനായില്ല.
ബ്ലാസ്റ്റേഴ്സ് ആക്രമണം തുടർന്നു. കോൾഡോ ഒബിയെറ്റ എടുത്ത ഷോട്ട് മുംബൈ ഗോൾകീപ്പർ ഫുർബ ലച്ചൻപ രക്ഷപ്പെടുത്തി. പത്തു പേരിലേക്ക് ചുരുങ്ങിയിട്ടും രണ്ടാം പകുതിയിൽ കേരളം പൊരുതിന്നു. മത്സരം സമനിലയിൽ പിരിയുമെന്ന് ഏവരും പ്രതീക്ഷിച്ചിരിക്കെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയം തകർത്ത് സ്വന്തം വലയിൽ സെൽഫ് ഗോൾ വീഴുന്നത്.
സൂപ്പർ കപ്പ് ഫുട്ബാളിന്റെ ചരിത്രത്തിലാദ്യമായി സെമി ഫൈനലിൽ കടക്കാനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്സ് നഷ്ടപ്പെടുത്തിയത്. ആദ്യ രണ്ട് മത്സരങ്ങളിൽ യഥാക്രമം രാജസ്ഥാൻ യുനൈറ്റഡിനെയും സ്പോർട്ടിങ് ഡൽഹിയെയും ബ്ലാസ്റ്റേഴ്സ് തോൽപിച്ചിരുന്നു. സെമിഫൈനലില്‍ മുംബൈ ഗോവയെയും ഈസ്റ്റ് ബംഗാള്‍ പഞ്ചാബ് എഫ്.സിയെയും നേരിടും.


