Begin typing your search above and press return to search.
exit_to_app
exit_to_app
manjappada
cancel
Homechevron_rightSportschevron_rightFootballchevron_rightവാനോളം പ്രതീ‍ക്ഷയുമായി...

വാനോളം പ്രതീ‍ക്ഷയുമായി മഞ്ഞപ്പട; ഒപ്പം വളരാതെ ബ്ലാസ്റ്റേഴ്സ്

text_fields
bookmark_border

ടിതെറ്റിയാൽ ആനയും വീഴുമെന്നാണ്... പക്ഷേ വീഴ്ച പതിവാക്കിയാൽ ആനക്കെന്തോ പ്രശ്നമുണ്ടെന്ന് കൂടി സംശയിക്കേണ്ടതായി വരും. ഇന്ത്യൻ സൂപ്പർ ലീഗിൽ എട്ടു കളികൾ പൂർത്തിയാക്കിയപ്പോൾ ബ്ലാസ്റ്റേഴ്സിനെ കേവലമൊരു അടിതെറ്റിയ കൊമ്പനായിട്ട് മാത്രം കണക്കാക്കാൻ കഴിയില്ല. എട്ടിൽ ഹാട്രിക്ക് അടക്കം നാല് തോൽവിയും രണ്ട് ജയവും രണ്ട് സമനിലകളുമായി എട്ടുപോയിന്‍റോടെ പത്താംസ്ഥാനത്താണ് ടീമിപ്പോൾ. തോൽവി രണ്ടെണ്ണം സ്വന്തം തറവാട്ടുമുറ്റത്താണെന്ന പേര് ദോഷവും കൊമ്പന്മാർക്കുണ്ട്. ആതിഥേയരെ ബുദ്ധിമുട്ടിക്കേണ്ട എന്ന സവിശേഷമായ ചിന്തയിൽ എവേ മാച്ചുകളിൽ കാര്യമായ നേട്ടങ്ങൾക്കും ടീമൊരുങ്ങിയതുമില്ല. ഈ കണക്കിന് ടീം മുന്നോട്ട് പോയാൽ സ്ഥിതി ഗുരുതരമാകും. ശേഷിക്കുന്ന മാച്ചുകൾ കഴിഞ്ഞതിനേക്കാൾ എളുപ്പമാവില്ല എന്ന കേവല ചിന്തയെങ്കിലും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റിന് ഇനിയെങ്കിലും ഉണ്ടാകേണ്ടതുണ്ട്. ആവേശത്തോടെ സ്വന്തം ടീമിന്‍റെ കളിയാസ്വദിക്കാനും ജയത്തിൽ അർമാദിക്കാനും സ്റ്റേഡിയത്തിലെത്തുന്ന ആരാധകരെ അ‍ക്ഷരാർഥത്തിൽ നിരാശരാക്കുകയാണ് ടീം. കഴിഞ്ഞ പത്തുവർഷമായി മടികൂടാതെ ടീമിന്‍റെ വീഴ്ചയിലും വാഴ്ചയിലും കൂടെ നിന്നവരാണ് മഞ്ഞപ്പട ആരാധകർ. രണ്ടു തവണ ഫൈനെലിലെത്തിയപ്പോഴും സെമികളിൽ കാലിടറിയപ്പോഴും പ്രാഥമിക റൗണ്ടുകളിലെ കൊഴിഞ്ഞു പോക്കിലും വരും വർഷം മാറ്റങ്ങളോടെ ഉയിർത്തെഴുനേൽക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇത്രയും കാലം ആരാധകർ സീസണുകൾ അവസാനിപ്പിച്ചത്. ടീമൊരുക്കുന്നതിൽ അധികൃതരുടെ അലംഭാവം പലകുറി ചൂണ്ടിക്കാട്ടിയിട്ടും പരിമിതികളെ തരണം ചെയ്യാനും മികച്ച കളിക്കാരെ ടീമിലെത്തിക്കാനും മാനേജ്മെന്‍റിന് പലപ്പോഴും കഴിഞ്ഞിട്ടില്ല. സീസണുകൾ കഴിയുമ്പോൾ മികവ് കാണിച്ച താരങ്ങളെ നിലനിർത്താത്തതും മുൻധാരണയില്ലാത്ത സെലക്ഷനും പലപ്പോഴും ബ്ലാസ്റ്റേഴ്സിന് വിനയായിട്ടുണ്ട്.

കഴിഞ്ഞ സീസണിലെ പ്ലേ ഓഫ് വരെയെത്തിയ തേരോട്ടത്തിൽ തൃപ്തരായിരുന്ന ആരാധകർ പുതിയ സീസണെ വരവേറ്റത് പുതിയ കോച്ച് മികായേൽ സ്റ്റാറേയും സ്ട്രൈക്കർമാരായ നോഹ സദൗയിയേയും ജീസസ് ജിമിനെസിനേയും അഡ്രിയാൻ ലൂണയെയും കണ്ടാണ്. മുൻനിര പ്രതീക്ഷകളെ അന്വർഥമാക്കുന്ന പ്രകടനങ്ങളെ സമ്മാനിക്കുന്നുണ്ടെങ്കിലും പ്രതിരോധം മികച്ച നിലയിലല്ലെന്ന വില‍യിരുത്തലിലാണ് ആരാധകരിപ്പോൾ. പ്രതീക്ഷിച്ച തരത്തിൽ ഉയരാത്ത കളിക്കാരുടെ പ്രകടനവീര്യവും പരിക്കും ടീമിനെ ഉലയ്ക്കുന്നുണ്ടെന്നത് വസ്തുതയാണ്. ആദ്യ ഇലവനിൽ ശരാശരി ടീമിനെ മാത്രം പരീക്ഷിക്കുന്ന സ്റ്റാറേയുടെ പല തീരുമാനങ്ങളും തിരിച്ചടിയാകുന്നതും കണ്ടതാണ്. ഒരു ക്ലീൻ ചിറ്റുപോലുമില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ എട്ടുകളികൾ പൂർത്തിയാക്കിയത്. ലീഡെടുത്താലും ഗോൾ വഴങ്ങുക എന്നത് പ്രതിരോധനിരയിലെ പോരായ്മയായി കാണേണ്ടതുണ്ട്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ആ പിഴവ് പ്രകടവുമായിരുന്നു. ബാൾ കൈവശം വെക്കുന്നതിൽ പലപ്പോഴും ടീം മുൻതൂക്കം കാണിക്കുന്നുണ്ടെങ്കിലും സ്കോർ ചെയ്യുന്നതിലും പ്രതിരോധം കാക്കുന്നതിലും ടീമിന് ആ മികവ് പുലർത്താൻ സാധിക്കുന്നുമില്ല. ഗോൾ കീപ്പർ സച്ചിൻ സുരേഷ് പരിക്കു മൂലം പുറത്തിരിക്കുകയാണെങ്കിലും പകരക്കാരനായെത്തിയ 19കാരൻ സോം കുമാറിന് വേണ്ടത്ര മികവ് പുലർത്താൻ കഴിയുന്നില്ലെന്നതും ടീമിന് തിരിച്ചടിയാണ്. 12 ഗോളുകൾ അടിച്ചു കൂട്ടിയ ടീം ഇതുവരെ 16 ഗോളുകളാണ് വഴങ്ങിയത്. കൂടെ 28 മഞ്ഞക്കാർഡുകളും ഒരു റെഡ് കാർഡും.

പ്രായ-ലിംഗ ഭേദമന്യേ മത്സരങ്ങൾക്കായെത്തുന്ന ആബാലവൃദ്ധം ജനങ്ങളും നിരാശരായി മടങ്ങുന്ന കാഴ്ചകൾ കഴിഞ്ഞ മൂന്നു കളികൾക്ക് ശേഷവും കണ്ടെതാണ്. അവരിലെ അരിശവും വേവലാതിയും നിരാശയും നിറഞ്ഞ പ്രതികരണങ്ങൾ നേരിട്ടും സോഷ്യൽ മീഡിയ വഴിയും കാണുന്നുമുണ്ട്. ഈ കാഴ്ചകളൊന്നും ടീം അധികൃതർ കാണുന്നില്ലെന്നാണോ, അതോ കണ്ട ഭാവം നടിക്കുന്നില്ലെന്നാണോ...‍? മാറ്റങ്ങളില്ലാതെ തത്സ്ഥിതി തുടരുകയെന്നാൽ ഈ തോന്നലുകളെ ശരിവെക്കേണ്ടതായും വരും. ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുന്ന ഗാലറികൾ ടീമിനെ സ്നേഹിക്കുന്ന, ടീമിൽ അതിയായ പ്രതീക്ഷയർപ്പിക്കുന്ന മനുഷ്യരുടെ പ്രതിഷേധമാണെന്ന വസ്തുതകൂടി ടീം അധികൃതർ മനസ്സിലാക്കേണ്ടതുണ്ട്. എവേ മാച്ചുകളിലടക്കം സാന്നിധ്യമറിയിക്കുന്ന ആരാധകരുടെ പ്രയത്നങ്ങളെ അവഗണിക്കുന്നതും മാറ്റങ്ങൾക്ക് വിധേയപ്പെടാത്ത തീരുമാനങ്ങളിൽ ടീം നിലനിൽക്കുന്നതും വരുംകാലങ്ങളിൽ ഗുണകരമായിരിക്കില്ല.


Show Full Article
TAGS:Kerala Blasters FC ISL 2024 Manjappada 
News Summary - Kerala Blasters FC the expectations and reality
Next Story