ആദ്യ പകുതി ബ്ലാസ്റ്റേഴ്സിനൊപ്പം; സൂപ്പർ കപ്പിൽ ഈസ്റ്റ് ബംഗാളിനെതിരെ ഒരു ഗോളിന് മുന്നിൽ
text_fieldsഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പിൽ ആദ്യ പകുതി പിന്നിടുമ്പോൾ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നിൽ.
ജീസസ് ജിമിനസ് പെനാൽറ്റിയിലൂടെയാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. ആദ്യ അര മണിക്കൂർ ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. 38ാം മിനിറ്റിൽ നോഹ സദോയിയെ ബോക്സിനുള്ളിൽ ബംഗാൾ താരം അൻവർ ഫൗൾ ചെയ്തതിനാണ് റഫറി പെനാൽറ്റി വിധിച്ചത്.
ജിമിനസിന്‍റെ ഷോട്ട് ഗോൾ കീപ്പർ തട്ടിയെങ്കിലും കിക്കെടുക്കുന്നതിനു മുമ്പേ ഗോൾ കീപ്പർ മുന്നോട്ടു നീങ്ങിയിരുന്നു. ഇതോടെ റഫറി വീണ്ടും കിക്ക് അനുവദിച്ചു. രണ്ടാം തവണയും ജിമിനസ് തന്നെയാണ് കിക്കെടുത്തത്. ഇത്തവണ താരത്തിന് തെറ്റിയില്ല, പന്ത് അനായാസം വലയിൽ. തൊട്ടുപിന്നാലെ ബംഗാൾ താരം വിഷ്ണുവിന്‍റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി.
റീബൗണ്ട് പന്ത് വലയിലാക്കാൻ ബംഗാളിന്‍റെ മെസ്സിക്ക് ഓപ്പൺ അവസരം ലഭിച്ചെങ്കിലും താരത്തിന്‍റെ ഷോട്ട് പോസ്റ്റിനു മുകളിലേക്ക് പുറത്തേക്കാണ് പോയത്. കലിംഗ സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്സ്-ഈസ്റ്റ് ബംഗാൾ പോരാട്ടം. പുതിയ പരിശീലകൻ ഡേവിഡ് കറ്റാലക്ക് കീഴിൽ മഞ്ഞപ്പടയുടെ ആദ്യ മത്സരമാണിത്. ഐ.എസ്.എല്ലിലെ തിരിച്ചടി മറന്ന് ആരാധകരെ സന്തോഷിപ്പിക്കാൻ വിജയം അനിവാര്യം.
നോക്കൗട്ട് റൗണ്ടായതിനാൽ ജയിക്കുന്നവർ അടുത്ത റൗണ്ടിലേക്ക് കടക്കും. ഐ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്സ് എട്ടും ഈസ്റ്റ് ബംഗാൾ ഒമ്പതും സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. സൂപ്പർ കപ്പിൽ നിലവിലെ ചാമ്പ്യന്മാരാണ് ഈസ്റ്റ് ബംഗാൾ. ബ്ലാസ്റ്റേഴ്സിനാവട്ടെ ഇതുവരെ ദേശീയതലത്തിൽ ഒരു കിരീടം പോലുമില്ല. ഐ ലീഗിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്കാണ് സൂപ്പർ കപ്പ് യോഗ്യത.
മൂന്നാം സ്ഥാനക്കാരായ റിയൽ കശ്മീർ പിന്മാറിയതോടെ നാലാമതുള്ള ഗോകുലം കേരള എഫ്.സിക്കും അവസരം ലഭിച്ചു. ഇതോടെ കഴിഞ്ഞ വർഷങ്ങളിലെപ്പോലെ കേരളത്തിൽനിന്ന് രണ്ട് ടീമുകളായി.